Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സരിതയെ കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ല; മറുപടി അയച്ചത് പാനലുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾക്ക് മാത്രം; ഉമ്മൻ ചാണ്ടിയുടെ ഇടപെടലും അറിയില്ല പെൻഡ്രൈവും ഇല്ല; സോളാർ കമ്മീഷന് മുമ്പിൽ ഉരുണ്ടുകളിച്ച് എഡിജിപി പത്മകുമാർ

സരിതയെ കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ല; മറുപടി അയച്ചത് പാനലുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾക്ക് മാത്രം; ഉമ്മൻ ചാണ്ടിയുടെ ഇടപെടലും അറിയില്ല പെൻഡ്രൈവും ഇല്ല; സോളാർ കമ്മീഷന് മുമ്പിൽ ഉരുണ്ടുകളിച്ച് എഡിജിപി പത്മകുമാർ

കൊച്ചി : വിവാദമായ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായരെയും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനെയും താൻ നേരിട്ട് കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ദക്ഷിണ മേഖല എ ഡി ജി പി കെ . പത്മകുമാർ പറഞ്ഞു. ഇന്നലെ സോളാർ കമ്മീഷനു മുമ്പാകെ ഹാജരായാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. സോളാർ തട്ടിപ്പ് കേസ് അന്വേഷണത്തിൽ താൻ യാതൊരുവിധ കൈക്കടത്തലുകളും നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസുകൾ ഏതുവിധമാണ് അന്വേഷിച്ചതെന്ന് തനിക്ക് അറിയില്ല.

സോളാർ പാനലുകൾ നൽകാമെന്നേറ്റ് പെരുമ്പാവൂർ സ്വദേശി മുടിക്കൽ സജാദ് എന്നയാൾ ടീം സോളാർ 40 ലക്ഷം തട്ടിയെന്ന് കാണിച്ച് നൽകിയ പരാതിയിൽ താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ഡി വൈ എസ് പി ഹരികൃഷ്ണനാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലുള്ള വീട്ടിൽനിന്നുമാണ് സരിതയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽനിന്നും പിടിച്ചെടുത്ത രേഖകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. പിടിച്ചെടുത്ത വാനിറ്റി ബാഗ്, ലാപ് ടോപ്പ്, മൊബൈൽ ഫോൺ,അൻപത്തിയേഴായിരം രൂപ, കാർ എന്നിവ തന്റെ പക്കലുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.ഇതിനെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ല.

പിടിച്ചെടുത്ത തെളിവുകളെ കുറിച്ച് സരിതയുടെ മാതാവ് നടത്തിയ പരാമർശത്തെ കുറിച്ച് അറിയില്ല. വിവാദ വിഷയങ്ങൾ അന്വേഷിക്കാൻ ഉത്തരവിടാൻ കഴിയുമെങ്കിലും ഏത് വിധത്തിൽ അന്വേഷിക്കണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട്് സരിതയ്ക്ക് എറണാകുളം നോർത്ത് ടൗൺ സ്‌റ്റേഷനിൽ കേസ് ഉള്ളതായി തനിക്ക് അറിയില്ല. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ സ്‌റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയുണ്ടെന്നറിയിച്ച് തനിക്ക് ടീം സോളാർ എക്‌സിക്യൂട്ടിവ് സരിത അയച്ച സന്ദേശങ്ങൾക്ക് മറുപടി മാത്രമാണ് ചെയ്തിട്ടുള്ളത്.

പിന്നീട് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തന്നോട് ടീം സോളാർ എന്ന കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി വിവരം നൽകിയിരുന്നു. ഇതോടെയാണ് ടീം സോളാറിനെ കുറിച്ച് വിവരം ലഭിക്കുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് ഐ ടിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. മുഖ്യപ്രതിയായ സരിത മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം തനിക്കറിയില്ല. മാദ്ധ്യമ വാർത്തകളിൽനിന്നുമാണ് താൻ ഇക്കാര്യം അറിഞ്ഞത്. എസ് ഐ ടി സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളാണ് അന്വേഷിച്ചത്. സംസ്ഥാന പൊലീസിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ താങ്കൾക്ക് വിവാദമായ വിഷയത്തെ കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന ആരാഞ്ഞു. എന്നാൽ യാതൊരു വിധ അന്വേഷണവും നടത്തിയില്ലെന്ന പത്മകുമാർ അറിയിച്ചു.

ടീം സോളാറിന്റെ പരിപാടി പൊലീസ് അസോസിയേഷൻ സ്‌പോൺസർ ചെയ്തതായും അറിയില്ല. ടീം സോളാർ വിശിഷ്ട വ്യക്തികൾക്ക് അവാർഡ് നൽകിയ വിവരവും അറിയില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം ചോദ്യങ്ങൾ ചോദിച്ച കമ്മീഷനോട് വളരെ നിസംഗമായാണ് എഡിജി പി ഉത്തരം നൽകിയത്. ഒരു ചോദ്യത്തിനുപ്പോലും വ്യക്തമായ മറുപടി നൽകിയില്ല. പൊലീസ് അസോസിയേഷന് ഇരുപത് ലക്ഷം രൂപ സരിത സംഭവാനയായി നൽകിയെന്നത് തനിക്ക് അറിയില്ല. പൊലീസ് അസോസിയേഷൻ നേതാവ് ജി ആർ അജിത് കുമാർ കമ്മീഷനെ വിമർശിച്ച് ഹൈക്കോടതിയിൽ പോയത് തന്റെ അറിവോടെയല്ല. ജി ആർ അജിത്തിനെ അസോസിയേഷൻ സെക്രട്ടറിയെന്ന നിലയിൽ അറിയാം. മറിച്ച് അജിത്തിനെ കുറിച്ച് യാതൊന്നും അറിയില്ല.

കോടികൾ ചെലവിട്ട് സർക്കാർ നിയോഗിച്ച കമ്മീഷന്റെ മുമ്പാകെ വിരസത കാട്ടിയ എഡിജിപിയോട് മുൻ മുഖ്യമന്ത്രിയടക്കമുള്ളവർ പതിനാല് മണിക്കൂറോളം ചോദ്യങ്ങൾക്ക് മറുപടി നൽകിയ കാര്യം ഓർമ്മപെടുത്തിയെങ്കിലും എ ഡി ജി പി തൽസ്ഥിതി തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP