Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

66എ പോയ ആഹ്ലാദത്തിൽ പുലഭ്യം വിളിച്ചുപറഞ്ഞവരൊക്കെ വേഗം ഡിലീറ്റ് ചെയ്‌തോ; ഐടി നിയമത്തിലെ 67-ാം വകുപ്പിൽ കുടുങ്ങി ചെന്നൈയിൽ അറസ്റ്റിലായത് മലയാളി യുവാവ്; സഹപ്രവർത്തകയെ കുറിച്ച് അശ്ലീലം പ്രചരിപ്പിച്ച ടെക്കിക്ക് ജയിൽ തന്നെ അഭയം

66എ പോയ ആഹ്ലാദത്തിൽ പുലഭ്യം വിളിച്ചുപറഞ്ഞവരൊക്കെ വേഗം ഡിലീറ്റ് ചെയ്‌തോ; ഐടി നിയമത്തിലെ 67-ാം വകുപ്പിൽ കുടുങ്ങി ചെന്നൈയിൽ അറസ്റ്റിലായത് മലയാളി യുവാവ്; സഹപ്രവർത്തകയെ കുറിച്ച് അശ്ലീലം പ്രചരിപ്പിച്ച ടെക്കിക്ക് ജയിൽ തന്നെ അഭയം

ചെന്നൈ: സോഷ്യൽ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ അറസ്റ്റിലേക്ക് വഴിതെളിച്ചിരുന്ന വിവര സാേേങ്കതിക നിയമത്തിലെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിന്റെ ആഹ്ലാദമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ, 66എ പോയെന്നു കരുതി എന്തും പറയാം എന്നു വിചാരിക്കുന്നവർക്ക് ഇതാ മുന്നറിയിപ്പ്. അങ്ങനെ എന്തും പറയാമെന്ന് കരുതരുത്. അങ്ങനെ കരുതിയ ചെന്നൈയിലെ സോഫ്റ്റ്‌വേർ എൻജിനിയർ കൂടിയായ മലയാളി യുവാവ് ഇപ്പോൾ അഴിക്കുള്ളിലാണ്.

കമ്പ്യൂട്ടറോ സ്മാർട്ട്‌ഫോണോ ഉപയോഗിച്ച് അസഭ്യവും അശ്ലീലവും വിളിച്ചുപറയുന്നവരെ പൂട്ടാൻ അപ്പോഴും ഐ.ടി. നിയമത്തിൽ പഴുതുണ്ട്. 66എയുടെ അതേ മാതൃകയിൽത്തന്നെ കുറ്റം ചെയ്തവരെ പിടികൂടാനും ജയിലിലിടാനും അനുവദിക്കുന്ന വകുപ്പ് ഐ.ടി.നിയമത്തിലുണ്ട്. 66എ സുപ്രീം കോടതി റദ്ദാക്കിയപ്പോൾ രക്ഷപ്പെട്ടു എന്നു കരുതിയ ടെക്കിയാണ് മറ്റൊരു വകുപ്പിൽ കുടുങ്ങിയത്. ഐ.ടി.നിയമത്തിലെ 67-ാം വകുപ്പാണ് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള അസഭ്യപ്രചാരണം തടയുന്നത്.

ഐ.ടി.നിയമം 67-ാം വകുപ്പുപ്രകാരം ദോഷൈകദൃക്കുകൾ പടച്ചുണ്ടാക്കുന്ന തരംതാണ വാർത്തയോ, ചിത്രമോ, ശബ്ദങ്ങളോ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും, മറ്റൊരാൾക്കു കൈമാറുന്നതും മൂന്നുവർഷംവരെ തടവും, അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.

സിരുശേരിയിലെ ടാറ്റ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീനാഥ് നമ്പൂതിരിയാണ് ഈ വകുപ്പ് പ്രകാരം അഴിയെണ്ണുന്നത്. തന്റെ പ്രണയം തള്ളിക്കളഞ്ഞ സഹപ്രവർത്തകയായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലാണ് ശ്രീനാഥിനെതിരെ 2011-ൽ സൈബർ പൊലീസ് 66എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ്സെടുത്തത്.

സുപ്രീം കോടതി ഈ വകുപ്പ് റദ്ദാക്കിയതോടെ കേസ്സിൽനിന്ന് രക്ഷപ്പെട്ടുവെന്നാണ് ശ്രീനാഥ് കരുതിയത്. ചെന്നൈയിലെ ഒരു കോടതി ഇതനുസരിച്ച് ശ്രീനാഥിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷേ, ശ്രീനാഥിനെ കുടുക്കാൻ ഐ.ടി. നിയമത്തിലെ 67-ാം വകുപ്പ് രംഗപ്രവേശം ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് 67-ാം വകുപ്പ് ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ, ഐ.പി.സിയിലും ശ്രീനാഥിനെതിരെ വകുപ്പുകളുണ്ട്. ഭീഷണിപ്പെടുത്തൽ (ഐപിസി 506(2), സ്ത്രീകളെ അപമാനിക്കൽ (509) എന്നിവയും വനിതകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള തമിഴ്‌നാട് പൊലീസ് നിയമത്തിലെ ചട്ടവും ശ്രീനാഥിനെ വീണ്ടും അഴിക്കുള്ളിലാക്കി.

2011 ഏപ്രിൽ മുതൽക്കാണ് യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ ശ്രീനാഥ് അയക്കാൻ തുടങ്ങിയത്. യുവതി അമേരിക്കയിൽ സന്ദർശനത്തിന് പോയ വേളയിൽ, അവരെക്കുറിച്ച് അശ്ലീലപ്രചാരണം നടത്തുകയും അത് സ്ഥാപനത്തിന്റെ മേലധികാരിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്ത നഗ്ന ചിത്രം അവരുടെ സഹോദരനും അയച്ചു. മാസങ്ങളോളം ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള അപമാനിക്കൽ തുടർന്നതായി പബ്ലിക് പ്രോസിക്യൂട്ടർ മേരി ജയന്തി പറഞ്ഞു.

അമേരിക്കയിൽനിന്ന് തിരിച്ചെത്തിയശേഷം യുവതി ശ്രീനാഥിനെതിരെ സിബിസിഐഡിയിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച വാദത്തിനിടെ ശ്രീനാഥ് യുവതിക്ക് വലിയൊരു തുക നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അവർ അംഗീകരിച്ചില്ല. കേസ് നടക്കുന്നതിനിടെ വിവാഹിതയായ യുവതി, വിവാഹത്തിനുശേഷവും തന്നെ അപമാനിച്ച യുവാവിനെതിരായ നിയമയുദ്ധം തുടരുകയായിരുന്നു.

മെട്രോപൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ശ്രീനാഥിനെതിരെ ചുമത്തിയിരുന്ന 66എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളിൽനിന്ന് വിമുക്തനാക്കിയെങ്കിലും മറ്റു വകുപ്പുകൾ അനുസരിച്ച് അയാൾ കുറ്റക്കാരനാണെന്ന് ജഡ്ജി എൽ.എബ്രഹാം ലിങ്കൺ പറഞ്ഞു.ഒരുവർഷത്തെ തടവുശിക്ഷയ്ക്ക് പുറമെ, 20,000 രൂപ പിഴയും വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP