Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയുടേയും കുഞ്ഞിന്റേയും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടു ലിജേഷ് വിതുമ്പി; കാമുകനൊപ്പം കൊല ഒരുക്കിയ ഭാര്യ കൂസലില്ലാതെ മുഖാമുഖം നോക്കി നിന്നു; കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ് കോടതയിൽ എത്തിയപ്പോൾ

അമ്മയുടേയും കുഞ്ഞിന്റേയും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടു ലിജേഷ് വിതുമ്പി; കാമുകനൊപ്പം കൊല ഒരുക്കിയ ഭാര്യ കൂസലില്ലാതെ മുഖാമുഖം നോക്കി നിന്നു; കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ് കോടതയിൽ എത്തിയപ്പോൾ

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ ഒന്നാംപ്രതി നിനോമാത്യു തന്നെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രധാന സാക്ഷിയും രണ്ടാംപ്രതി അനുശാന്തിയുടെ ഭർത്താവുമായ ലിജീഷ്. ടെക്‌നോപാർട്ടിൽ ജോലി ചെയ്തിരുന്ന ഭാര്യ, കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനേയും അമ്മായി അമ്മയേയും കൊല ചെയ്യാനുള്ള തന്ത്രങ്ങൾ ഒരുക്കിയത്. അതിന് ശേഷം ലിജീഷിനേയും കൊല്ലാൻ ശ്രമിച്ചിരുന്നു. ടെക്കികൾ പ്രതിയായ കേസിലെ സാക്ഷിവിസ്താരത്തിൽ കേസിലെ പ്രതി അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ വിസ്തരിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ ഉണ്ടായി. തന്റെ ഭാര്യയുടെ ഒത്താശയോടെ നിനോ മാത്യു നടത്തിയ ആക്രമണത്തെപ്പറ്റി മൊഴി നൽകിയ ലിജീഷ് അമ്മയുടെയും കുഞ്ഞിന്റെയും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ട് വിതുമ്പി. വസ്ത്രങ്ങളിലേക്ക് നോക്കാൻ ശക്തിയില്ലാതെ മുഖം കുനിച്ച ലിജീഷ് കോടതിയിൽ തടിച്ച് കൂടിയവരെ നൊമ്പരപ്പെടുത്തി.

അമ്മയെയും മൂന്നര വയസ്സുള്ള മകളെയും കൊലപ്പെടുത്തിയശേഷം വാതിലിന്റെ മറവിൽ ഒളിച്ചുനിന്ന് തന്നെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. നിനോയും ഭാര്യ അനുശാന്തിയുമായുള്ള അവിഹിതബന്ധം തടഞ്ഞതിനാണ് തന്നെയും കുടുംബത്തെയും ഒഴിവാക്കാൻ നിനോ മാത്യു ശ്രമിച്ചതെന്നും വിചാരണവേളയിൽ ലിജീഷ് മൊഴി നൽകി. ഇതെല്ലാം പ്രതിക്കൂട്ടിൽ കണ്ട് നിന്ന അനുശാന്തിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. ഒന്നാം പ്രതി നിനോ മാത്യുവിന്റെ ഭാര്യയും അച്ഛനും സഹോദരിയും കോടതിയിൽ സാക്ഷിവിസ്താരം കേൾക്കാനെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി ലിജീഷ് തിരിച്ചറിഞ്ഞു.

അമ്മ ഓമന വിളിച്ചിട്ടാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും മകൾ സ്വാസ്തികയെയുമാണ്. വീട്ടിൽ എത്തിയപ്പോൾ കതക് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. കതകിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. മുൻവശത്തെ വാതിൽ തള്ളി തുറന്നപ്പോൾ വാതിലിന് പിറകുവശത്ത് ഒളിച്ച് നിന്ന നിനോ മാത്യു വെട്ടു കത്തി കൊണ്ട് തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. താൻ പെട്ടെന്ന് ഒഴിഞ്ഞ് മാറിയതുകൊണ്ട് മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പേടിച്ച് പുറത്തേക്ക് ഓടിയ തന്റെ പിറകെ നിനോ വെട്ടുകത്തിയുമായി ആക്രമിക്കാൻ വന്നു. ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ പിൻഭാഗത്തെ വഴിയിലൂടെ നിനോ മാത്യു ഓടിപ്പോകുന്നത് കണ്ടു. ഇതിന് ശേഷം ശബ്ദം കേട്ട് ഓടിക്കൂടിയവരുമായി വീട്ടിനുള്ളിൽ കയറിയപ്പോൾ അടുക്കളയിൽ അമ്മയും മകളും ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

ആക്രമണത്തിന് ശേഷം പൊലീസിന് നൽകിയ ആദ്യ മൊഴിയിൽ അനുശാന്തിക്കെതിരെ മൊഴി നൽകാത്തത് നാണക്കേട് മൂലമാണ്. ഇതിന് പുറമേ അനുശാന്തിയുടെ പങ്ക് ആ സമയം തനിക്ക് വ്യക്തമല്ലായിരുന്നു. പിന്നീട് ആശുപത്രിയിൽ കിടന്ന് ആലോചിച്ചപ്പോഴാണ് സംശയം വർദ്ധിച്ചത്. തന്നെ ആശുപത്രിയിൽ കാണാൻ വരാത്തതും കുഞ്ഞിന്റെയും അമ്മയുടെയും മരണാനന്തര കർമ്മങ്ങൾക്ക് പങ്കെടുക്കാത്തതും സംശയം വർദ്ധിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. അതിനിടെ സാക്ഷി വിസ്താരത്തിനിടെ ലിജീഷിന് പരസ്ത്രീ ബന്ധമുള്ളതായി അനുശാന്തിയുടെ അഭിഭാഷകൻ ആരോപിച്ചെങ്കിലും ലിജീഷ് നിഷേധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ്. വിനീത്കുമാറും നിനോ മാത്യുവിനുവേണ്ടി അഡ്വ. ശാസ്തമംഗലം അജിത്കുമാറും അനുശാന്തിക്കുവേണ്ടി അഡ്വ. മുരുക്കുംപുഴ വിജയകുമാറും ഹാജരായി.

ടെക്‌നോപാർക്ക് ജീവനക്കാരായ അനുശാന്തിയും നിനോമാത്യുവും വിവാഹേതര ബന്ധത്തിന് തടസ്സമെന്ന് കണ്ട് ലിജീഷിന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP