Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴയിൽ മാണിക്കെതിരെ കേസെടുക്കാൻ വൈകിയതെന്തെന്ന് ഹൈക്കോടതി; രേഖാമൂലം വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി

ബാർകോഴയിൽ മാണിക്കെതിരെ കേസെടുക്കാൻ വൈകിയതെന്തെന്ന് ഹൈക്കോടതി; രേഖാമൂലം വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി

കൊച്ചി: ബാർ കോഴ പ്രശ്‌നത്തിൽ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കാൻ വൈകിയതിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കെ.എം. മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് വി എസ്. സുനിൽകുമാർ എംഎ‍ൽഎ. സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ആരാഞ്ഞു. നിലപാട് രേഖാമൂലം അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ഡിസംബർ രണ്ടിലേക്ക് മാറ്റി.

ബാർ കോഴയിലെ വിജിലൻസ് അന്വേഷണ നടപടി ക്രമങ്ങളും പ്രാഥമിക അന്വേഷണത്തിന്റെ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണം സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശം ബാർ കോഴക്കേസിൽ ലംഘിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസിന് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം നൽകി. ഇത് സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്. ഇത്തരത്തിൽ മാണിക്കെതിരെ ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് നൽകാൻ വൈകിയതിന്റെ പ്രത്യേക സാഹചര്യം എന്താണ്. ഇക്കാര്യം വിശദീകരിച്ച് സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണ പത്രിക സമർപ്പിക്കണംകോടതി ആവശ്യപ്പെട്ടു.

പ്രാഥമിക അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും ക്വിക്ക് വെരിഫിക്കേഷൻ വൈകുന്നതിൽ പ്രത്യേക സാഹചര്യമുണ്ടോയെന്നും കോടതി ചോദിച്ചു. വിജിലൻസിന് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം നൽകിയിരുന്നു. സാധാരണയായി ക്വിക്ക് വെരിഫിക്കേഷന് ഏഴു ദിവസമാണ് അനുവദിക്കാറുള്ളത്. ഇത് 15 ദിവസം വരെയും ആകാറുണ്ട്. അപൂർവം ചില കേസുകളിൽ 45 ദിവസത്തെ സമയം നൽകും. ഇത്തരത്തിൽ എന്തു പ്രത്യേകതയാണ് ഈ കേസിനുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബാർ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അഡ്വക്കേറ്റ് ജനറൽ കോടതിക്കു മുൻപാകെ സമർപ്പിച്ചപ്പോഴാണ് അന്വേഷണത്തെ സംബന്ധിച്ച് കോടതി പരാമർശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ അടക്കമുള്ള 19 സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയതായി കോടതിക്കു മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ബാർ കോഴക്കേസിൽ തെളിവില്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ഇന്നലെ കോടതിയിൽ സർക്കാർ നൽകിയത്. കേസിൽ വിജിലൻസ് 19 പേരുടെ മൊഴിയെടുത്തു. ഇനി 13 പേരുടെ മൊഴി കൂടി എടുക്കേണ്ടതുണ്ട്. ധമനമന്ത്രി കെ.എം മാണിക്ക് പണം നൽകിയത് പലർക്കും കേട്ടറിവ് മാത്രമാണെന്ന് വിജിലൻസിന് സാക്ഷികൾ മൊഴി നൽകിയത്. മൊഴി നൽകിയ 19 പേരും നേരിട്ട് പണം നൽകുകയോ മറ്റാരെങ്കിലും പണം നൽകുന്നത് കാണുകയോ ചെയ്തിട്ടില്ല. ഈ 19 പേർക്കും പണം കൊടുത്തു എന്നുള്ളത് കേട്ടറിവ് മാത്രമാണെന്നും വിജിലൻസ് അറിയിച്ചു.

ബാർ അസോസിയേഷൻ പ്രതിനിധി ബിജു രമേശ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് വിജിലൻസ് എടുത്തിരിക്കുന്നത്. സാക്ഷികൾ പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ബാർ അസോസിയേഷനിലെ ഭാരവാഹികളിൽ പലരും മൊഴി നൽകാൻ എത്തിയിട്ടില്ലെന്നും വിജിലൻസ് കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. മൊഴിയെടുക്കേണ്ടവരുടെ ലിസ്റ്റിലുള്ള 13 ബാർ അസോസിയേഷൻ ഭാരവാഹികൾ ഇതുവരെ മൊഴി നൽകാൻ എത്തിയിട്ടില്ല. ബിജു രമേശ് പറഞ്ഞതിൽ ഉറച്ചു നിന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ കേസിൽ കക്ഷി ചേരുമെന്ന് ബിജു രമേശ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിജിലൻസ് ദക്ഷിണമേഖലാ എസ്‌പി എം. രാജ്‌മോഹനന്റെ നേതൃത്വത്തിൽ ബാർ കോഴ വിഷയത്തിൽ പ്രാഥമിക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP