Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം; തുറന്നിരിക്കുന്ന 300 ബാറുകൾക്ക് ഇന്ന് തന്നെ താഴുവീഴും; കേരളത്തിൽ ഇനി അവശേഷിക്കുന്നത് 24 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; മദ്യം മൗലികാവകാശമല്ലെന്ന് വിധിപ്രസ്താവത്തിൽ കോടതി; ബാറുടമകൾക്ക് സമ്പൂർണ്ണ തിരിച്ചടി

സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം; തുറന്നിരിക്കുന്ന 300 ബാറുകൾക്ക് ഇന്ന് തന്നെ താഴുവീഴും; കേരളത്തിൽ ഇനി അവശേഷിക്കുന്നത് 24 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; മദ്യം മൗലികാവകാശമല്ലെന്ന് വിധിപ്രസ്താവത്തിൽ കോടതി; ബാറുടമകൾക്ക് സമ്പൂർണ്ണ തിരിച്ചടി

കൊച്ചി: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്ത് ഇനി അവശേഷിക്കുക പഞ്ചനക്ഷത്ര ബാറുകൾ മാത്രമാകും. ഇനി കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് നൽകൂ എന്ന സർക്കാരിന്റെ നയമാണ് കോടതി ശരിവച്ചത്. ഇതോടെ കേരളത്തിൽ ഇനി 24 ബാറുകൾ മാത്രമേ പ്രവർത്തിക്കൂ. ഇപ്പോൾ തുറന്നിരിക്കുന്ന 300 ബാറുകൾക്കും കോടതി വിധിയോടെ പൂട്ടുവീഴും. അതേസമയം നിലവിൽ പ്രവർത്തിക്കുന്ന ബിയർ വൈൻ പാർലറുകൾക്ക് പ്രവർത്തനാനുമതി ഉണ്ടാകും. ഇത് കേരളത്തിലെ ബാറുടമകൾക്കേറ്റ സമ്പൂർണ്ണ തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ബാർഹോട്ടൽ അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി.

ജസ്റ്റിസ് കെ.ടി ശങ്കരൻ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിലെ വാദം ഇന്നലെയാണ് പൂർത്തിയായത്. കോടതി വിധിയോടെ സംസ്ഥാനത്ത് തുറന്നിരിക്കുന്ന 300 ബാറുകൾ ഇന്ന് തന്നെ പൂട്ടുവീഴും. മദ്യം മൗലീക അവകാശമല്ലെന്ന് കോടതി വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. മദ്യഉപഭോഗം കുറക്കുകയെന്ന സർക്കാരിന്റെ നയം ശരിയാണെന്നും കോടതി പറഞ്ഞു. മദ്യനിയത്തിൽ യാതൊരു അപാകതയും നിലവിലില്ല. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സർക്കാർ മദ്യനയം രൂപീകരിച്ചത്.

ബാറുകൾ പൂട്ടുമ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് വകയില്ല. ബാറുകൾ ഇല്ലെങ്കിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാവുന്നതിനെ കുറിച്ച് ബാറുടമകൾ ആശങ്കപ്പെടേണ്ടതില്ല. മദ്യം ഉള്ളതു കൊണ്ടാണ് ടൂറിസം മേഖല നിലനിൽക്കുന്നതെന്ന വാദവും കോടതി തള്ളി. കൊക്കെയ്ൻ ടൂറിസത്തിന് അനിവാര്യമാണെന്ന് നാളെ പറഞ്ഞാൽ അതും അംഗീകരിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ക്ഷേമവും ആരോഗ്യവും പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും കോടതി വ്യക്തമാക്കി. ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ വിധിയെ തള്ളിക്കൊണ്ടാണ് കോടതി പുതിയ വിധി പ്രസ്താവിച്ചത്.

നടപ്പു സാമ്പത്തിക വർഷം പ്രവർത്തിക്കുന്ന 312 ബാറുകളിൽ 2 സ്റ്റാർ, 3സ്റ്റാർ പദവിയുള്ളതും ക്ലാസിഫിക്കേഷൻ ഇല്ലാത്തതുമായ 250 ബാറുകൾ പൂട്ടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ബാറുടമകളും, 4സ്റ്റാർ, ഹെറിറ്റെജ് ഹോട്ടലുകളെ വിലക്കിന്റെ പരിധിയിൽനിന്നു നീക്കിയതിനെതിരെ സർക്കാരും സമർപ്പിച്ച ഹർജികളടക്കം അഞ്ച് അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. തുറന്ന കോടതിയിൽ പ്രസ്താവിച്ച വിധി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നു. തുറന്ന കോടതിയിൽ വിധി പ്രസ്താവം പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണു ചെയ്തത്. അവസാന വാചകവും പൂർത്തിയാകുന്നതു വരെ മാദ്ധ്യമങ്ങളെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ കോടതി അനുവദിച്ചിരുന്നില്ല.

2015 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകൾ അപ്പീൽ സമർപ്പിച്ചിരുന്നത്. ഫൈവ് സ്റ്റാർ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകൾ ചോദ്യം ചെയ്യ്തിരുന്നു. ഫൈവ് സ്റ്റാറിനു പുറമെ ഫോർ സ്റ്റാറിനും ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ അനുമതി നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അതിനെതിരെയാണ് സർക്കാറിന്റെ അപ്പീൽ നൽകിയത്. ഇതാണ് സർക്കാറിന് അനുകൂലമായ തീരുമാനമായി വന്നിരിക്കുന്നത്.

മദ്യോപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാർ ഫൈവ് സ്റ്റാറിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നും അത് നയ തീരുമാനമാണെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു. നിലവാരമില്ലാത്തിന്റെ പേരിൽ ബാറിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ 418 ഹോട്ടലുടമകളും കോടതിയിൽ തങ്ങളുടെ വാദം ഉന്നയിച്ചു. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ എന്നിങ്ങനെ ഇനം തിരിച്ച് ബാർ അനുവദിക്കുന്നത് വിവേചനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ബാറുടമകളുടെ വാദം. സുപ്രീംകോടതിയുടെ അഭിഭാഷകനായ അരിയാമ സുന്ദരമാണ് ബാറുടമകൾക്ക് വേണ്ടി വാദിച്ചത്. സർക്കാറിനു വേണ്ടി സുപ്രീംകോടതിയിൽ നിന്ന് കപിൽ സിബൽ എത്തിയാണ് വാദിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണു വാദം തുടങ്ങിയത്. സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണു വാദം പൂർത്തിയാക്കിയത്. സമ്പൂർണ മദ്യനിരോധനമോ ഉദാര മദ്യനയമോ അല്ല സർക്കാർ ലക്ഷ്യമിടുന്നതെന്നാണു കപിൽ സിബൽ വ്യക്തമാക്കിയത്. ഫൈവ്സ്റ്റാർ ബാറുകൾക്ക് മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തനാനുമതി. ഈ പദവിയുള്ള ബാറുകൾ മാത്രം മതിയെന്ന മദ്യനയമാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്.

കോടതി വിധിയോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 24 ഫൈവ്സ്റ്റാർ ബാറുകൾ കൂടാതെ ക്ലബ്ബുകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ പ്രാബല്യത്തിലുണ്ടാകും. മിലിട്ടറി കാന്റീനുകളും പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP