Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; സംസ്ഥാനത്ത് ഇനി 27 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; കോടതിവിധിയിൽ സർക്കാരിനും വിമർശനം; മദ്യ ഉപയോഗം കുറയ്ക്കാനാണ് നയമെങ്കിൽ എന്തിന് ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു? ബാർ തൊഴിലാളികളെയും സർക്കാർ അവഗണിച്ചെന്നു നീതിപീഠം

മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; സംസ്ഥാനത്ത് ഇനി 27 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; കോടതിവിധിയിൽ സർക്കാരിനും വിമർശനം; മദ്യ ഉപയോഗം കുറയ്ക്കാനാണ് നയമെങ്കിൽ എന്തിന് ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു? ബാർ തൊഴിലാളികളെയും സർക്കാർ അവഗണിച്ചെന്നു നീതിപീഠം

ന്യൂഡൽഹി: കേരളത്തിൽ പൂട്ടിയ ബാറുകൾ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകിയതോടെയാണ് ബാറുടമകൾക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സർക്കാറിന് ആശ്വസവുമായത്. ബാറുടമകൾ നൽകിയ ഹർജി തള്ളന്നുവെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സംസ്ഥാനത്തിന്റെ മദ്യനയത്തിന് അംഗീകാരം നൽകുന്നതായും അറിയിച്ചു. സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്ത് 27 ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമാണ് ഇനി പ്രവർത്തനാനുമതി ഉള്ളത്. ജസ്റ്റിസുമാരായ ശിവകീർത്തി സെൻ, വിക്രംജിത്ത് സെൻ എന്നിവരുടെ ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പ്രഖ്യാപിച്ചത്.

ബിയർവൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശം. മദ്യ ഉപയോഗം കുറക്കാനാണെങ്കിൽ എന്തിനാണ് കൂടുതൽ പാർലറുകൾക്ക് ലൈസൻസ് നൽകിയതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേരള സർക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള വിധിയിലാണ് സർക്കാരിനെ കോടതി വിമർശിച്ചിരിക്കുന്നത്.

രാജ്യത്ത് ആകെയുള്ള മദ്യ ഉപഭോഗത്തിൽ 14 ശതമാനവും കേരളത്തിലാണ്. ബിയർ, വൈൻ ഉപഭോഗം കൂടിയാൽ ആവശ്യമെങ്കിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാർ തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. 5% സെസ്സ് പിരിച്ചിട്ടും തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ഫൈവ്സ്റ്റാർ ഹോട്ടലുകളെ നിരീക്ഷിക്കാനും വിധിയിൽ നിർദ്ദേശമുണ്ട്. നിലവാരമില്ലാത്ത സാഹചര്യങ്ങളിൽ മദ്യവില്പന നടത്തുന്നത് തടയണം. ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ മദ്യം വിലകുറച്ച് വിൽക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് വിക്രംജിത് സെൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സിറ്റിങ് നടത്തി കോടതി വിധി പറഞ്ഞത്. മദ്യനയത്തിൽ വിവേചപരമായി ഒന്നുമില്ല. മദ്യനയം തീരുമാനിക്കാനും മദ്യ ഉപഭോഗം കുറയ്ക്കാനുമുള്ള അവകാശം സർക്കാരിന്റേതാണ്. സാമൂഹ്യനന്മ ലക്ഷ്യമിട്ടാണ് സർക്കാർ മദ്യനയം കൊണ്ടുവന്നതെന്നും രണ്ടംഗ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിച്ചത് വിവേചനമാണെന്നാണ് ബാറുടമകൾ വാദിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണിതെന്നും അവർ വാദിച്ചു.

എന്നാൽ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂർണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസൻസുകൾ പരിമിതപ്പെടുത്തിയതെന്നായിരുന്നു സർക്കാറിന്റെ വാദം. ബിവറേജസ് വഴി സർക്കാർതന്നെ മദ്യം വിൽക്കുന്നത് ബാറുടമകൾ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചുകൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നിലനിർത്തിയതെന്ന് സർക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ബാർ ഉടമകൾ നൽകിയ അപ്പീൽ തള്ളുന്നുവെന്നും സർക്കാർ മദ്യനയം അംഗീകരിക്കുന്നുവെന്നുമുള്ള ഒറ്റവരി മാത്രമാണ് വിധി പ്രഖ്യാപിച്ച് ജസ്റ്റിസ് വാദിച്ചത്. സർക്കാറിന്റെ മദ്യനയത്തെ അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഈ അപ്പീൽ തള്ളിയതോടെ സംസ്ഥാനത്തെ ബാർ വ്യവസായത്തിനും അന്ത്യമാകുകയാണ്. 730 ബാറുകളാണ് കേരളത്തിൽ ആകെയുണ്ടായിരുന്നത്. മദ്യനയത്തെ തുടർന്ന് നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെ ബാറുകളുടെ എണ്ണം 312 ആയി കുറഞ്ഞു.

കോടതി വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തു. സർക്കാറിന്റെ നിശ്ചയദാർഢ്യത്തിന്റെ അംഗീകാരമാണ് വിധിയെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സർക്കാർ മദ്യനയം പ്രഖ്യാപിച്ചത്. വിവിധ കോടതികളിൽ ഇത് ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ആത്യന്തികമായി ഈ നയം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പൗരന്മാരുടെ മദ്യപാന ശീലം കുറക്കുന്നതിന് നയം സഹായിക്കും. ഇതു സംബന്ധിച്ച് സർക്കാർ നടത്തുന്ന ബോധവത്ക്കരണ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സാമൂഹ്യപ്രതിബന്ധതയുള്ള വിധിയാണെന്ന് ആഭ്യന്തര മന്ത്രി രമശേ ചെന്നിത്തലയും പ്രതികരിച്ചു.

കേസിലെ വിധി പഠിച്ച് നിയമസാധുതകൾ പരിശോധിക്കും എന്നാണ് ബാർ ഉടമാ നേതാവ് രാജ്കുമാർ ഉണ്ണി പ്രതികരിച്ചത്. തുടർനടപടികൾ ആലോചിച്ച് നടപടി എടുക്കുമെന്ന് ബാറുടമ എലഗന്റ്‌സ് ബിനോയ് പ്രതികരിച്ചു. വിവാദ വെളിപ്പെടുത്തലുകളിലെ സത്യം പുറത്തുവരാനുള്ള അവസരമാണ് വന്നതെന്ന് ബിനോയ് പ്രതികരിച്ചു. സർക്കാർ മദ്യനയം പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിനോയ് പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാർ ഉടമകളുടെ സുപ്രീംകോടതിയിൽ വാദിച്ചത്. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസൻസ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സർക്കാർ നടത്തിയത്. വിനോദ സഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നിലനിർത്തിയതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

എന്നാൽ, ബിവറേജസ് വിൽപനശാലകൾ വഴി മദ്യം വിൽക്കുന്നുവെന്നിരിക്കെ, മദ്യ ലഭ്യത കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന സർക്കാർ വാദം തെറ്റാണെന്ന് ബാറുടമകൾ കോടതിയിൽ ബോധിപ്പിച്ചു. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എംഎൽഎയും കേസിൽ കക്ഷി ചേർന്നിരുന്നു. ബാറുടമകൾക്കായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും അറ്റോണി ജനറൽ മുകുൾ റോത്തഗിയും സർക്കാറിന് വേണ്ടി അഭിഭാഷകരായ കപിൽ സിബലും വി. ഗിരിയുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.

ഓപ്പറേഷൻ ജയിച്ചു രോഗി മരിച്ചെന്ന അവസ്ഥയിൽ യുഡിഎഫ്: വി എസ്

കൊൽക്കത്ത: ഓപ്പറേഷൻ ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും വി എസ് പറഞ്ഞു.

ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് സർക്കാർ മദ്യനയം നടപ്പാക്കിയത്. ബാറുകൾ അടച്ചു പൂട്ടുമ്പോൾ തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സർക്കാർ ആലോചിച്ചില്ല. ബാറുകളുടെ പ്രവർത്തനം ഇല്ലാതാക്കി അവിടങ്ങളിൽ ജോലിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയാണ് സർക്കാർ ചെയ്തത്. ഈ തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി ഇതേവരെ സർക്കാരിന് ഒരു പരിപാടിയും ഇല്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടുമെന്നതല്ലാതെ, ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. മദ്യനിരോധനമല്ല, മദ്യവർജനമാണ് പ്രായോഗികമെന്ന എൽ.ഡി.എഫിന്റെ നിലപാട് ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും വി എസ് പറഞ്ഞു.

കോടതിവിധി സാധാരണ നിലയിലുള്ളതെന്നു പിണറായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം ശരിവച്ചു സുപ്രീംകോടതി വിധി സാധാരണ നിലയിലുള്ളതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മദ്യലഭ്യതയിൽ ഒരു കുറവും വന്നിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് തിരശീലയ്ക്ക് പിന്നിൽ നടന്ന നാടകങ്ങൾ പുറത്ത് വരും. അതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും പിണറായി പറഞ്ഞു. സുപ്രീംകോടതി വിധി വന്നതോടെ എക്‌സൈസ് മന്ത്രി കെ ബാബു പ്രതിസന്ധിയിലായിരിക്കുകയാണ്. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം പുനഃപരിശോധിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.

വിധി സർക്കാരിനുള്ള അംഗീകാരം: കെ എം മാണി

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കേസിലെ സുപ്രീം കോടതി വിധി യു.ഡി.എഫ് സർക്കാരിനു ലഭിച്ച അംഗീകാരമാണെന്ന് മുൻ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിന് കോടതി അംഗീകാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിനുള്ള അംഗീകാരം: കുഞ്ഞാലിക്കുട്ടി

സർക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യനയത്തിന് മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടായിരുന്നു. ബാറുടമകളുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP