Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പാതയോരത്തെ ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതു പ്രായോഗികമല്ല; വാഹനാപകടങ്ങൾക്കു കാരണം റോഡുകളുടെ ശോച്യാവസ്ഥയെന്നും ബിവറേജസ് കോർപറേഷന്റെ സത്യവാങ്മൂലം

ദേശീയ പാതയോരത്തെ ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതു പ്രായോഗികമല്ല; വാഹനാപകടങ്ങൾക്കു കാരണം റോഡുകളുടെ ശോച്യാവസ്ഥയെന്നും ബിവറേജസ് കോർപറേഷന്റെ സത്യവാങ്മൂലം

കൊച്ചി: ദേശീയ-സംസ്ഥാന പാതകളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ. ഇത് വ്യക്തമാക്കി കോർപ്പറേഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

മദ്യനയ രൂപീകരണത്തിന് സർക്കാർ നിയോഗിച്ച എം രാമചന്ദ്രൻ കമീഷൻ ഇതുസംബന്ധിച്ച് ശുപാർശ നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് കമീഷൻ അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും ബിവറേജസ് കോർപറേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ വ്യക്തമാക്കി. പുതിയ ലൈസൻസുകൾ അനുവദിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കണമെന്നു മാത്രമാണ് അഭിപ്രായപ്പെട്ടത്.

എല്ലാ ഔട്ട്‌ലെറ്റുകളും പൂട്ടുകയെന്ന സർക്കാർ നയമനുസരിച്ച് 34 എണ്ണം പൂട്ടി. അതിൽ 14 എണ്ണം ദേശീയപാതയിൽ പ്രവർത്തിക്കുന്നതാണ്. ഇനി ദേശീയ പാതയിൽ പ്രവർത്തിക്കുന്നത് 53 ഔട്ട്‌ലെറ്റുകളാണ്. സംസ്ഥാന പാതയോരത്ത് 69 എണ്ണവും പ്രവർത്തിക്കുന്നു. ഇതും അധികം താമസിയാതെ ഘട്ടം ഘട്ടമായി പൂട്ടും. എല്ലായിടത്തും പകരം സ്ഥലവും കെട്ടിടവും കണ്ടെത്താൻ പ്രയാസമാണെന്നും ബിവറേജസ് കോർപ്പറേഷൻ ഇന്ന് സമർപ്പിച്ച സത്യവാങമൂലത്തിൽ പറയുന്നു.

115 ചില്ലറ മദ്യവിൽപ്പനശാലകളാണ് സംസ്ഥാനദേശീയ പാതയോരങ്ങളിൽ പ്രവർത്തിക്കുന്നത്. ദേശീയപാതകൾക്കു സമീപം 61ഉം സംസ്ഥാനപാതകൾക്കരികിൽ 54ഉം. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ വർഷംതോറും 10 ശതമാനംവീതം മദ്യവിൽപ്പനശാലകൾ നിർത്തലാക്കേണ്ടതുണ്ട്. അതിനാൽ ഇതു നടപ്പാക്കുമ്പോൾ ദേശീയസംസ്ഥാന പാതയോരങ്ങളിൽ പ്രവർത്തിക്കുന്നവ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്നും കോർപറേഷൻ വിശദീകരിച്ചു. എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള ഭൂമി വിട്ടുകിട്ടുന്നമുറയ്ക്ക് ഇവ അവിടങ്ങളിലേക്ക് മാറ്റുന്നതും ആലോചനയിലാണ്.

റോഡ് അപകടങ്ങൾക്ക് കാരണം മദ്യപാനമല്ല, റോഡുകളുടെ ശോച്യാവസ്ഥയും അലക്ഷ്യമായി വാഹനം ഓടിക്കുന്നതുമാണ്. ഇത് ഒഴിവാക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും തിരക്കേറിയ ജങ്ഷനുകളിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകൾ മറ്റിങ്ങളിലേക്കു മാറ്റാൻ 2011ൽത്തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. രണ്ടു പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചാണ് ദേശീയ-സംസ്ഥാന പാതകൾക്കരികിലെ മദ്യവിൽപ്പനശാലകൾ മറ്റിടങ്ങളിലേക്കു മാറ്റാൻ കോടതി ഇടക്കാല നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP