Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജഡ്ജിമാരെയും വിലക്കെടുക്കാൻ തയ്യാറായി മൂവാറ്റുപുഴ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ; കോഫോപ്പോസ ഒഴിവാക്കാൻ 25 ലക്ഷവും വിധി അനുകൂലമായാൽ കോടികളും വാഗ്ദാനം ചെയ്‌തെന്ന് ഹൈക്കോടതി ജഡ്ജി; കൈക്കൂലി വാഗ്ദാനം ലഭിച്ചതിനാൽ കേസിൽ നിന്നും പിന്മാറുന്നുവെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ

ജഡ്ജിമാരെയും വിലക്കെടുക്കാൻ തയ്യാറായി മൂവാറ്റുപുഴ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ; കോഫോപ്പോസ ഒഴിവാക്കാൻ 25 ലക്ഷവും വിധി അനുകൂലമായാൽ കോടികളും വാഗ്ദാനം ചെയ്‌തെന്ന് ഹൈക്കോടതി ജഡ്ജി; കൈക്കൂലി വാഗ്ദാനം ലഭിച്ചതിനാൽ കേസിൽ നിന്നും പിന്മാറുന്നുവെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ

കൊച്ചി: മൂവാറ്റുപുഴ സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ ഹൈക്കോടതി ജസ്റ്റിസിന് കൈക്കൂലി വാഗ്ദാനം ചെയ്തു. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് പിന്മാറി. മുതിർന്ന ജസ്റ്റിസായ കെ ടി ശങ്കരനാണ് കേസിൽ നിന്നും പിന്മാറിയത്. കേസിലെ പ്രതികൾ രക്ഷപെടാൻ വേണ്ടി കോടികൾ നല്കാൻ തയ്യാറാണെന്ന് കാണിച്ച് തന്നെ സമീപിച്ചുവെന്ന് കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ശങ്കരൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ലക്ഷം വിധി പുറപ്പെടുവിക്കും മുമ്പ് നൽകാമെന്ന് അതിന് ശേഷം ബാക്കി പണം നൽകാമെന്നും കാണിച്ച് ചിലർ തന്നെ സമീപിച്ചുവെന്നാണ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഇതേതുടർന്നാണ് കേസ് താൻ പരിഗണിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറിയത്. തുറന്ന കോടതിയിലാണ് ഇക്കാര്യം ജസ്റ്റിസ് കെ ടി ശങ്കരൻ വ്യക്തമാക്കിയത്.

കരുതൽ തടങ്കൽ റദ്ദാക്കാനാണ് പ്രതികൾ കൈക്കൂലി വാഗ്ദാനവുമായി സമീപിച്ചത്. മൂവാറ്റുപുഴ സ്വദേശികളാണ് കേസിലെ പ്രതികൾ. തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കോഫെപോസെ നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി കോടതിക്കുമുന്നിൽ വന്നത്. തുടർന്ന് കേസ് പരിഗണിക്കുന്നതിൽനിന്ന് താൻ പിന്മാറുകയാണെന്ന് തുറന്ന കോടതിയിൽ ജഡ്ജി അറിയിക്കുകയായിരുന്നു. താൻ കേസിൽനിന്ന് പിന്മാറുന്നതിന് സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽനിന്ന് പലതവണയായി 800 കിലോയിലധികം സ്വർണം കേരളത്തിലേയ്ക്ക് കടത്തി എന്നതാണ് കേസ്. വിവാദമായ മൂവാറ്റുപുഴ സ്വർണ്ണക്കടത്ത് കേസിൽ വമ്പൻ സ്രാവുകൾക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നെടുമ്പാശ്ശേരി വഴി 200 കിലോ സ്വർണം കടത്തിയ കേസിൽ ഒമ്പതു പേർക്കെതിരെയാണ് നേരത്തെ പൊലീസ് കോഫെപോസ ചുമത്തിയിരുന്നത്. സ്വർണ്ണക്കടത്തുകാരൻ നൗഷാദിന്റെ കൂട്ടാളി കൂടിയായ സിവിൽ പൊലീസ് ഓഫീസർ ജെബിൻ കെ.ബഷീർ ഉൾപ്പെടെ ഉള്ളവരെയാണ് കോഫോപോസയിൽ പെടുത്തിയത്.

ഒരു വർഷത്തെ കരുതൽ തടങ്കലാണ് കോഫെപോസ പ്രകാരമുള്ളത്. 2010ൽ തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിന് ശേഷം ജെബിന് വിമാനത്താവളത്തിൽ പോസ്റ്റിങ് ലഭിക്കുകയായിരുന്നു. ജെബിനെ കൂടാതെ കൂടുതൽ പൊലീസുകാർ കടത്തിന് കൂട്ടുനിന്നതായി സൂചനയുണ്ടായിരുന്നു. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ് ആക്ട് എന്ന കോഫെപോസ വിദേശനാണയം നിയന്ത്രിക്കാനും കള്ളക്കടത്ത് ചെറുക്കാനുമായാണ് രൂപപ്പെടുത്തിയത്.

മൂവാറ്റുപുഴയിലെ നൗഷാദ് എന്നയാളാണ് നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിലെ മുഖ്യ കേന്ദ്രം നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്ത് വഴി കോടികൾ സ്വരൂപിച്ച നൗഷാദ് നയിച്ചിരുന്നത് അത്യാഢംബര ജീവിതമായിരുന്നു. ആഡംബര കാറുകളും വില്ലകളും ഏക്കറ് കണക്കിന് ഭൂമിയും മറ്റുമായി എല്ലാ അർത്ഥത്തിലും നാട്ടുരാജാവിനെ പോലെയായിരുന്നു നൗഷാദിന്റെ ജീവിതം. 31 അപ്പാർട്മെന്റുകളുള്ള ഏഴു നില കെട്ടിടം, 15 ആഡംബര വില്ലകൾ, സ്വർണവും, പണവും എത്തിക്കാൻ 12 ആഡംബര കാറുകൾ, ഏക്കറുകൾ കണക്കിനു ഭൂമി ഇങ്ങനെയാണ് സ്വർണക്കടത്തിൽ കസ്റ്റംസിന്റെ പിടിയിലായ നൗഷാദിന്റെ പങ്കാളിത്തത്തിൽ മൂവാറ്റുപുഴയിലുള്ള സ്വത്തുക്കൾ.

ഇത് കൂടാതെ സ്വർണ്ണക്കടത്ത് വഴിയ വിദേശത്തും മറ്റുമായി ഹോട്ടലുകളും സ്ഥാപനങ്ങളും ഫ്ളാറ്റുകളും ഇയാൾ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം സ്വരുക്കൂട്ടിയത് സ്വർണ്ണക്കടത്ത് വഴിയായിരുന്നു. ചെറിയ തോതിൽ വിദേശ കറൻസി, ഹവാല ഇടപാടുകളിലൂടെ തുടങ്ങുകയും പിന്നീടു സ്വർണക്കടത്തിൽ കാരിയറാവുകയും ചെയ്തായിരുന്നു നൗഷാദിന്റെ തുടക്കം. പിന്നീട് സ്വന്തം സാമ്രാജ്യമുണ്ടക്കി. പാക്കിസ്ഥാൻ ബന്ധങ്ങളുണ്ടായതോടെ നൗഷാദ് വളർന്നു. വർഷങ്ങൾക്കു മുൻപ് ഇയാൾ ചെന്നൈയിൽ നിന്നു സ്വർണം കേരളത്തിലെത്തിച്ചു വിൽപന നടത്തിയിരുന്നു. ഇയാളുടെ സംഘം ഇന്ത്യൻ രൂപയും വിദേശ കറൻസിയും വിദേശത്തേക്കു കടത്തിയതായും സംശയമുണ്ട്.

മൂവാറ്റുപുഴ സംസ്ഥാനത്തെ വലിയ കുഴൽപണ ഇടപാടുകളുടെ കേന്ദ്രമാണെന്നു കേന്ദ്ര ഇന്റലിജൻസ് വർഷങ്ങൾ മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു. മൂന്നു തവണ പിടിക്കപ്പെട്ടിട്ടും വീണ്ടും കുഴൽപണ ഇടപാടുകളിൽ സജീവമായി തുടർന്ന ആളാണ് നൗഷാദ്. നൗഷാദിന്റെ സഹായികളും, വിതരണക്കാരുമായിരുന്ന യുവാക്കളും നാടുവിടുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP