Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാട്ടക്കരാർ ലംഘിച്ച് നെല്ലിയാമ്പതിയിൽ വനഭൂമി പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയ കേസുകളിൽ മെറാഫോർസിനെതിരായ കേസ് സിബിഐ വച്ചുകെട്ടുന്നു; വ്യാജരേഖ ചമച്ചതിനു തെളിവില്ലെന്നും വായ്‌പ എടുത്തിട്ടില്ലെന്നും സിബിഐ; കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകി

പാട്ടക്കരാർ ലംഘിച്ച് നെല്ലിയാമ്പതിയിൽ വനഭൂമി പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയ കേസുകളിൽ മെറാഫോർസിനെതിരായ കേസ് സിബിഐ വച്ചുകെട്ടുന്നു; വ്യാജരേഖ ചമച്ചതിനു തെളിവില്ലെന്നും വായ്‌പ എടുത്തിട്ടില്ലെന്നും സിബിഐ; കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: വനഭൂമി പണയപ്പെടുത്തിയതിനു തെളിവില്ലെന്നു കാട്ടി നെല്ലിയാമ്പതി വനഭൂമി കൈയേറ്റ കേസുകളിൽ ഒരെണ്ണം കൂടി അവസാനിപ്പിക്കാൻ സിബിഐ എറണാകുളത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വ്യാജരേഖയുടെ സഹായത്തോടെ വനഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്ന് 17.50 കോടി രൂപ വായ്പയെടുത്തു എന്നാണ് നെല്ലിയാമ്പതി മെറാഫോർസ് എസ്റ്റേറ്റ് ഉടമയ്ക്കെതിരായ കേസ്. വനംവകുപ്പും പൊലീസും ചേർന്ന് രജിസ്റ്റർ ചെയ്ത കേസിൽ വ്യാജരേഖ ചമച്ചതിനു തെളിവില്ലെന്നാണ് സിബിഐ നിലപാട്. വനഭൂമി പണയപ്പെടുത്തിയിട്ടില്ലെന്നും എഫ്ഐആറിലെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും സിബിഐ പറയുന്നു. ഭൂമി കൈയേറിയതിൽ ക്രിമിനൽ സ്വഭാവം ഇല്ല. അതിനാൽ തന്നെ സിവിൽ കേസായി വേണം പരിഗണിക്കാനെന്നും സിബിഐ കോടതിയെ അറിയിച്ചു.

സ്വകാര്യ ഉടമകൾക്ക് പാട്ടത്തിന് നൽകിയ സർക്കാർ ഭൂമി പണയം വച്ച് ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത വിവരം പുറത്തുവന്നതോടെ പാട്ടക്കരാർ ലംഘനം ചൂണ്ടിക്കാട്ടി സർക്കാർ എസ്റ്റേറ്റുകൾ ഏറ്റെടുത്തിരുന്നു. ഇത്തരത്തിൽ അഞ്ച് എസ്റ്റേറ്റുകളാണ് മെറാഫോർസിൽ നിന്ന് ഏറ്റെടുത്തത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ആയിരുന്നു, കേസിൽ അന്വേഷണം നടത്തിയത്. മീരാ ഫോർസ് (9.9 കോടി), ചെറുനെല്ലി (29 ലക്ഷം), കാരാപ്പാറ എ (3.34 കോടി), ബ്രൂക്ക് ലാൻഡ് (85.44 ലക്ഷം), സീതാമൗണ്ട് (1.15 കോടി), ലക്ഷ്മി (11.5 ലക്ഷം) എന്നീ എസ്റ്റേറ്റുകളുടെ ഭൂമി പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. വ്യാജരേഖ നിർമ്മിച്ച് റവന്യു വകുപ്പിലേയും ബാങ്കിലേയും ജീവനക്കാരുടെ സഹായത്തോടെ വായ്പ തരപ്പെടുത്തി എന്ന വനം വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.

മീരാ ഫേർസിന്റെ വായ്പ ഈടാക്കാൻ റവന്യു റിക്കവറി നടപടി ആരംഭിച്ചതിനെ തുടർന്ന് നെന്മാറ മുൻ ഡിഎഫ്ഒ പി ധനേഷ്‌കുമാർ നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഇടപാടുകൾ പുറത്തറിഞ്ഞത്. വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാടഗിരി പൊലീസ കേസ് രജിസ്റ്റർ ചെയ്തു. നെന്മാറ സിഐയും ആലത്തൂർ ഡിവൈഎസ്പിയും ആയിരുന്നു, ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ പാട്ടക്കരാർ ലംഘനവും അതു ചൂണ്ടിക്കാട്ടിയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കലും വൻ വിവാദമായതോടെ വായ്പാ ഇടപാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് വിടാൻ തീരുമാനിച്ചു. അതേ സമയം മുൻ വനംമന്ത്രി കെ ബി ഗണേഷ്‌കുമാറും ഗവൺമെന്റ് ചീഫ് വിപ്പ് പി സി ജോർജ്ജും തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. ക്രൈംബ്രാഞ്ച് പാലക്കാട് എസ്‌പി. കെ വിജയൻ അന്വേഷണം ഏറ്റെടുത്തെങ്കിലും ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെട്ടതിനാലും നിയമപരമായ സങ്കീർണതകൾ നിമിത്തവും കേസ് സിബിഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി വിൻസൺ എം.പോൾ ശുപാർശ ചെയ്തു.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുമ്പോൾ 14 കോടി രൂപയുടെ വായ്പയാണ് ഉണ്ടായിരുന്നതെങ്കിലും വനംവകുപ്പിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് തുക പലിശയുൾപ്പെടെ 17.50 കോടി രൂപയായി. മൊത്തം ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP