Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസ് പൊലീസ് കെട്ടിച്ചമച്ചത്; അംജിത് ഭായിയെയും നടി സോന മരിയയെയും ചേർത്തുണ്ടാക്കിയ കള്ളക്കഥ കോടതി തള്ളി; നടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം; മുന്മന്ത്രി ബാബുവിനെതിരെയും അംജിതിന്റെ പരാതി

കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസ് പൊലീസ് കെട്ടിച്ചമച്ചത്; അംജിത് ഭായിയെയും നടി സോന മരിയയെയും ചേർത്തുണ്ടാക്കിയ കള്ളക്കഥ കോടതി തള്ളി; നടിയുടെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം; മുന്മന്ത്രി ബാബുവിനെതിരെയും അംജിതിന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി സ്വദേശിയായ നടി സോന മരിയയെ ഉപയോഗിച്ച് സിനിമാ നിർമ്മാതാവും നടനുമായ കെ പി അംജിത്ത് ബ്ലൂ ബ്ലാക്ക് മെയിലിങ് നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ശരിവച്ച ഹൈക്കോടതി അംജിത്തിനെ കുറ്റവിമുക്തനാക്കി. തനിക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അംജിത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്വേഷണം ഇഴച്ചിട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കുകയും പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നു എന്ന് കണ്ടെത്തുകയുമായിരുന്നു. പിണറായി അധികാരമേറ്റതിന് പിറ്റേന്നാണ് അംജിത് പരാതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവനാണ് കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.

ഇതിനു പിന്നാലെ, അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഒരു സിനിമാ നിർമ്മാതാവും സംവിധായകനും അവരുടെ സിനിമാരംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിലും നടിയെ ഹോട്ടൽ മുറിയിൽവച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മറ്റൊരു നിർമ്മാതാവിനെതിരെയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞവർഷം മാദ്ധ്യമങ്ങളിൽ ദിവസങ്ങളോളം നിറഞ്ഞുനിന്ന ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് മറ്റുചിലരെ രക്ഷിക്കാൻ വേണ്ടി പൊലീസിന്റെ തിരക്കഥയ്ക്കനുസരിച്ച് ഉണ്ടായതാണെന്ന് വ്യക്തമാകുകയാണ്.

കൊച്ചി സ്വദേശിയായ നടി സോന മരിയയും അംജിത്തും ചേർന്ന് ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മരട് പൊലീസ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ രജിസ്റ്റർചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് അംജിത്തിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും ആണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്നെയും നടിയെയും അപമാനിക്കാനും കള്ളക്കേസെടുത്ത് അത് മാദ്ധ്യമങ്ങളിൽ വൻ വാർത്തയാക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അംജിത് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മൂവാറ്റുപുഴ എസിപി ആയ ബിജോയ് അലക്‌സാണ്ടർ മുൻ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെ തന്നെ മനപ്പൂർവം പ്രതിയാക്കിയെന്നായിരുന്നു അംജിതിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. എസിപിയും മരട് എസ്‌ഐ ആയിരുന്ന സന്തോഷ് കുമാർ, കോൺസ്റ്റബിൾ വിനോദ് എന്നിവരാണ് തന്നെ കുടുക്കുന്നതിന് ശ്രമിച്ചതെന്നും ഈ ഉദ്യോഗസ്ഥരെല്ലാം ക്രിമിനിൽ പശ്ചാത്തലമുള്ളവരാണെന്നും അംജിത് ചൂണ്ടിക്കാട്ടിയിരുന്നു. വാദിയെ പ്രതിയാക്കുന്ന നടപടിയാണ് തനിക്കെതിരെ ഉണ്ടായത്. താൻ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുകയാണെന്നും അംജിത് പറഞ്ഞിരുന്നു. മുന്മന്ത്രി ബാബുവിന്റെ പിന്തുണയോടെ നാലുവർഷം തുടർച്ചയായി തൃക്കാക്കര എസിപി ആയിരുന്ന ബിജോയ് അല്‌സാണ്ടർ മനപ്പൂർവം കേസ് വൈകിപ്പിക്കുകയാണെന്നും അംജത് പിണറായിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതോടെയാണ് അംജിതിനെതിരെയും നടി സോനയ്‌ക്കെതിരെയും കള്ളക്കേസെടുക്കുകയായിരുന്നു പൊലീസെന്ന് വ്യക്തമായത്. കോടതിയും ഈ അന്വേഷണ റിപ്പോർട്ട് ശരിവച്ച പശ്ചാത്തലത്തിൽ അംജിത്തിന്റെ പരാതിയിൽ പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. നടിയെ ഹോട്ടൽമുറിയിൽവച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ച തന്നെ പിന്നീട് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അംജിത് മറുനാടനോട് പറഞ്ഞു. 

്അംജിത് പറയുന്നത് ഇങ്ങനെ: സോന മരിയയും ഞാനും സുഹൃത്തുക്കളാണ്. ഒരു സിനിമയുടെ സെറ്റിൽവച്ച് അവർക്ക് എന്നെ ഒരു സുഹൃത്താണ് പരിചയപ്പെടുത്തുന്നത്. അംജിത് ഭായിയെന്നാണ് ഞാൻ അറിയപ്പെടുന്നതെന്നും ഒരു ദാദയാണെന്നും മറ്റും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഇവരെ ഒരു സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പ്രൊഡ്യൂസറായി നടിച്ച് ഒരാൾ ചെന്നൈയിൽ വരാൻ പറഞ്ഞിരുന്നു. ചെന്നൈയിൽ നടിക്കും അമ്മയ്ക്കും താമസിക്കാൻ ഫ്ലാറ്റ് ഏർപ്പാടാക്കി.

സിനിമതുടങ്ങാൻ വൈകുമെന്ന് പറഞ്ഞ് കുറച്ചുനാൾ താമസിപ്പിച്ചു. ഇതിനിടയിൽ ഒരുദിവസം നടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതോടെ ഇവർ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങി. ഇയാളെ പിന്നീടൊരുനാൾ കൊച്ചിയിലെ ഒരു ഫ്ളാറ്റിന്റെ പരിസരത്തുവച്ച് കണ്ടപ്പോൾ സോന എനിക്ക് ഫോൺ ചെയ്തു. സ്ഥലത്തെത്തിയ ഞാൻ ഇയാളെ പിടികൂടി മരട് പൊലീസിൽ ഏൽപിച്ചു. പക്ഷേ ഇയാളെ വെറുതെവിട്ട പൊലീസ് പിന്നീട് എന്നെ അറസ്റ്റുചെയ്യുകയും എന്റെയും സോനയുടെയും പേരുകൾ ചേർത്ത് കള്ളക്കഥ ചമയ്ക്കുകയുമായിരുന്നു. യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്താനും ഞ്ങ്ങളെ കുടുക്കാനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെല്ലാം പരാതി നൽകി. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കെ ബാബു ഇടപെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ തടസ്സപ്പെടുത്തുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തെ തണുപ്പിക്കുകയുമായിരുന്നു. - അംജിത് ആരോപിക്കുന്നു.

ഇപ്പോൾ പുതിയ സർക്കാർ വന്നതോടെ ക്രൈംബ്രാഞ്ച് എസ്‌പി അലക്‌സ് ജോൺ റിപ്പോർട്ട് നൽകുകയും അംജിതിനെതിരെ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരുമുള്ള കേസ് നിലനിൽക്കില്ലെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചത്. ഏതായാലും ഇതിനു പിന്നാലെ നടിയുടെ പരാതിയിലും പൊലീസ് അന്വേഷണം ഊർജിതമാക്കുന്ന സാഹചര്യത്തിൽ അവരുടെ വീഡിയോ യുട്യൂബിലിട്ട് അപമാനിക്കാൻ ശ്രമിച്ച സിനിമാ പ്രവർത്തകർക്കെതിരെയും നടിയെ ചെന്നൈയിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച പ്രൊഡ്യൂസർക്കെതിരെയും ഉടൻ നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP