Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത് ബലാത്സംഗമല്ല; വിവാഹം പാവനമായ ഇന്ത്യയിൽ വൈവാഹിക ബലാത്സംഗം കുറ്റകൃത്യമായി കണക്കാക്കാൻ പറ്റില്ലെന്ന് കേന്ദ്രം

ഭർത്താവ് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത് ബലാത്സംഗമല്ല; വിവാഹം പാവനമായ ഇന്ത്യയിൽ വൈവാഹിക ബലാത്സംഗം കുറ്റകൃത്യമായി കണക്കാക്കാൻ പറ്റില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ സംസ്‌ക്കാരത്തിൽ വിവാഹത്തിന് പരിപാവനമായ സ്ഥാനം നൽകിയിരിക്കുന്നതിനാൽ വൈവാഹിക ബന്ധത്തിലെ ബലാത്സംഗം എന്ന തത്വം ഇവിടെ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്ന് സർക്കാർ രാജ്യസഭയിൽ അറിയിച്ചു.  ഇന്ത്യയിൽ വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകൃത്യമായി കണക്കാക്കണമെന്നുള്ള യുഎൻ കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് രാജ്യസഭയിൽ വ്യക്തമാക്കിയത്. ഡിഎംകെ എംപി കനിമൊഴിയാണ് ഇതുസംബന്ധിച്ച ചോദ്യം ഉയർത്തിയത്.

ഇന്ത്യയിൽ വിവാഹത്തിന് പരിപാവനമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഇവിടെ വൈവാഹിക ബന്ധത്തിൽ ബലാത്സംഗം എന്നുള്ള ആശയവും ഇതിനെതിരേ നടപടികളും പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന പല ആചാരങ്ങളും മതവിശ്വാസങ്ങളും ഇത്തരത്തിലുള്ള ധാരണകളെ ഇല്ലാതാക്കുന്നവയാണ്. വിദ്യാഭ്യാസത്തിന്റെ തോത്, നിരക്ഷരത, ദാരിദ്ര്യം, സാമൂഹിക പ്രതിബദ്ധതകൾ, സമൂഹത്തിന്റെ ചിന്താഗതി എന്നിവയെല്ലാം പരിശോധിക്കുകയാണെങ്കിൽ ഇത്തരത്തിൽ വൈവാഹിക ബന്ധത്തിലെ ബലാത്സംഗം എന്നത് ഇവിടെ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത കാര്യമാണെന്നും വിവാഹത്തെ അത്രത്തോളം പാവന കർമമായാണ് ഇവിടെയുള്ളവർ കാണുന്നതെന്നും മന്ത്രി ഹരിഭായി പരധിഭായ് ചൗധരി മറുപടി നൽകി.

വൈവാഹിക ബന്ധത്തിലെ ബലാത്സംഗം സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ നൽകിയിരിക്കുന്ന നിർവചനം തിരുത്തുന്ന തരത്തിൽ ബിൽ കൊണ്ടുവരുമോയെന്നും ആഭ്യന്തര മന്ത്രാലയത്തോട് കനിമൊഴി ആരാഞ്ഞിരുന്നു. ഇന്ത്യയിൽ വൈവാഹിക ബന്ധത്തിൽ അരങ്ങേറുന്ന ബലാത്സംഗം ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്നുള്ള സ്ത്രീകൾക്കെതിരേയുള്ള ചൂഷണം എതിർക്കുന്ന യുഎൻ കമ്മിറ്റിയുടെ നിർദ്ദേശം പ്രാവർത്തികമാക്കുമോയെന്നും കനിമൊഴി ചോദിച്ചിരുന്നു. ഇന്ത്യയിലെ 75 ശതമാനം വൈവാഹിക ബന്ധത്തിലും നിർബന്ധിച്ചുള്ള ലൈംഗിക ബന്ധമാണ് അരങ്ങേറുന്നതെന്നും സർക്കാർ ഇക്കാര്യം കണ്ടില്ലെന്നു നടിക്കരുതെന്നും കനിമൊഴി പറഞ്ഞു.  ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കനിമൊഴി ഇതു വ്യക്തമാക്കിയത്.

ബലംപ്രയോഗിച്ച് ഭാര്യയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതാണ് വൈവാഹിക ബന്ധത്തിലെ ബലാത്സംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീയുടെ അനുവാദമില്ലാതെ ഇത്തരത്തിൽ ലൈംഗിക വേഴ്ച നടത്തുന്നതും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നതും ബലാത്സംഗമായി കണക്കാക്കാം.

വൈവാഹിക ബന്ധത്തിലെ ബലാത്സംഗം സംബന്ധിച്ച് ഐപിസി സെക്ഷൻ 375 തിരുത്തേണ്ട ആവശ്യമില്ലെന്ന് ലോ കമ്മീഷനും നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. 15 വയസിൽ താഴെയല്ലാത്തയാളാണ് ഭാര്യയെങ്കിൽ നിർബന്ധപൂർവം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നത് കുറ്റകരമല്ലെന്നാണ് സെക്ഷൻ 375 വ്യക്തമാക്കുന്നത്. സെക്ഷൻ 376 പറയുന്നത് ഭാര്യയല്ലാത്തയാളാണ് ബലാത്സംഗത്തിന് ഇരയാകുന്നതെങ്കിൽ മാത്രം പുരുഷൻ ജയിൽശിക്ഷയ്ക്കും പിഴയ്ക്കും അർഹനാണെന്നാണ്. ഇത്തരത്തിൽ വൈവാഹിക ബന്ധത്തിലെ നിർബന്ധപൂർവമായ ലൈംഗിക ബന്ധത്തിന് നിയമപരിരക്ഷ നൽകുന്നതിനാൽ ഇത് മാറ്റിയെഴുതാൻ ബുദ്ധിമുട്ടാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP