Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാറുകൾ തുറന്നേ മതിയാവൂ എന്ന വാശി കോടതിക്കോ? സദുദ്ദേശത്തോടെ സുധീരൻ അയച്ച സർക്കുലറിനെ ചൊല്ലി കോടതിയുടെ രൂക്ഷ വിമർശനം വ്യക്തമാക്കുന്നത് എന്ത്?

ബാറുകൾ തുറന്നേ മതിയാവൂ എന്ന വാശി കോടതിക്കോ? സദുദ്ദേശത്തോടെ സുധീരൻ അയച്ച സർക്കുലറിനെ ചൊല്ലി കോടതിയുടെ രൂക്ഷ വിമർശനം വ്യക്തമാക്കുന്നത് എന്ത്?

കൊച്ചി: ബാർകേസിൽ കോടതിക്ക് നിയമം മാത്രമേ നോക്കി പ്രവർത്തിക്കാനാകൂ. സർക്കാർ വാദങ്ങൾ ദുർബ്ബലമാകുമ്പോൾ കോടതിയിൽ ബാറുടമകൾക്ക് പുഞ്ചിരിക്കാൻ വക കിട്ടും. ഇതു തന്നെയാണ് സർക്കാരും ബാറുടമകളും തമ്മിലെ ധാരണയെന്ന് വ്യക്തമാണ്. ബാർ കോഴ ആരോപണങ്ങൾ പോലും സർക്കാരിനെ ഒടിക്കാതെ വളയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിന്റെ ഗുണം കിട്ടി തുടങ്ങുകയും ചെയ്തിരിക്കുന്നു. ഹൈക്കോടതി ഇടപെടലുകൾ ബാറുടകൾക്ക് അനുകൂലമാകുന്നതിന് പിന്നിലെ ഒത്തുകളിയെന്തെന്നാണ് സാമൂഹിക കേരളം ചർച്ചയാക്കുന്നത്. ഇന്നലെത്തെ കോടതി ഉത്തരവിലും നിരീക്ഷണങ്ങളിലും ഇത് വ്യക്തവുമാണ്.

കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പുതിയ ബാറുകൾക്ക് എൻഒസി നൽകരുതെന്നു സർക്കുലർ പുറപ്പെടുവിക്കുക വഴി കെപിസിസി പ്രസിഡന്റ് ഭരണഘടനാ ബാഹ്യശക്തിയായി പ്രവർത്തിച്ചെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടി നേതാവിന്റെ സർക്കുലർ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു മാർഗദർശകമാക്കാനാവില്ലെന്നും കോടതി പറഞ്ഞു. തീർച്ചയായും നിയമത്തിനുള്ളിൽ നിന്നുള്ള വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. പക്ഷേ ഇവിടെ നേട്ടമുണ്ടാകുന്നത് ബാറുടമകൾക്കാണ്. ഈ കേസിൽ സർക്കാർ വേണ്ടത്ര പ്രതിരോധം ഉയർത്തിയോ എന്നതാണ് പ്രധാനം.

കൊച്ചി മരടിലെ ക്രൗൺ പ്ലാസയുടെ ബാർ ലൈസൻസിന് മുനിസിപ്പാലിറ്റി എൻഒസി നിഷേധിച്ചതാണു തർക്കവിഷയം. കെപിസിസി പ്രസിഡന്റിന്റെ സർക്കുലറാണു തടസമെന്നു ഹോട്ടൽ ഉടമ വാദിച്ചപ്പോൾ കോടതി നഗരസഭയുടെ വിശദീകരണം തേടി. സർക്കുലർ കിട്ടിയെന്നു ബോധിപ്പിച്ച മരട് നഗരസഭാ ചെയർമാൻ ടി.കെ. ദേവരാജൻ അതു ഹാജരാക്കി. അധികാരികൾ വിവേചനാധികാരത്തിൽ ചെയ്യേണ്ട കർത്തവ്യം കെപിസിസി പ്രസിഡന്റ് വിലക്കുന്നതായി സർക്കുലറിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷനെ പിന്തുണയ്ക്കാൻ സർക്കാർ അഭിഭാഷകനും എത്തിയില്ല.

''രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഇത്തരം ആജ്ഞകളും ഇടപെടലുകളും നിയമപ്രകാരം അനുവദനീയമല്ല. നിയമം അറിയുന്നവരാരും ഇത്തരം സർക്കുലർ ഇറക്കില്ല. ഇത്തരം നിലപാടുകൾക്കെതിരെ സുപ്രീം കോടതി പല തവണ താക്കീതു ചെയ്തിട്ടുണ്ട് - കോടതി വ്യക്തമാക്കി. എൻഒസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ക്രൗൺ പ്ലാസ ഉടമകളായ കെജിഎ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണു ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്രൗൺ പ്ലാസയ്ക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി നൽകണം. തീർത്തും അപ്രസക്തമായ ബാഹ്യകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്നു കോടതി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെയാണ് ക്രൗൺ പ്ലാസയുടെ അപേക്ഷ പരിഗണിച്ചതെന്നു മരട് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സർക്കുലർ ലംഘിച്ച് എൻഒസി നൽകിയ രണ്ടു നഗരസഭാംഗങ്ങൾക്കെതിരെ കെപിസിസി നടപടിയെടുത്തെന്ന ഹോട്ടൽ ഉടമയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പത്രത്തിൽ കണ്ട അറിവാണുള്ളതെന്നുമാണ് ചെയർമാൻ വിശദീകരിച്ചത്. സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നു പറയാത്തതിനാൽ സർക്കുലറിന്റെ സ്വാധീനം വ്യക്തമാണെന്നു കോടതി പറഞ്ഞു.

ബാർ/ വിദേശമദ്യ വിൽപനശാലകൾക്ക് എൻഒസി നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്നതാണു മുനിസിപ്പാലിറ്റി നിയമത്തിലെ 447 (7) വകുപ്പ്. നയതീരുമാനത്തിന്റെ പേരിൽ ഹോട്ടലിനു ബാർ അനുവദിക്കുന്നില്ലെന്നു കാണിച്ചാണ് അപേക്ഷ നിരസിച്ച് ഉത്തരവിറക്കിയത്. സിംഗിൾ ജഡ്ജി അപേക്ഷ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചപ്പോഴും മറിച്ചു തീരുമാനമുണ്ടായില്ല. രണ്ടു തവണ അപേക്ഷ പരിഗണിക്കാൻ അവസരമുണ്ടായപ്പോഴും ബാഹ്യകാരണങ്ങൾ തടസ്സമായി. 2014 ജനുവരിയിലാണ് ഹോട്ടൽ ഉടമ അപേക്ഷ നൽകിയത്. ആ അബ്കാരി വർഷം കഴിഞ്ഞു; തുടർന്നു വന്ന അബ്കാരി വർഷം തീരാറായി. ഇനി അപേക്ഷ പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്നതു പാഴ്‌വേലയാകും. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ലൈസൻസ് അനുവദിക്കാൻ സിംഗിൾ ജഡ്ജി നിർദ്ദേശിക്കേണ്ടതായിരുന്നുവെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പഞ്ചനക്ഷത്രത്തിനു മേലെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാമെന്നാണ് 2014 ഓഗസ്റ്റിൽ സർക്കാർ പ്രഖ്യാപിച്ച അബ്കാരി നയം. 5 സ്റ്റാർ ഡീലക്‌സ് ഗണത്തിൽപെട്ട ഹോട്ടലിന് ബാർ ലൈസൻസ് നിർബന്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നയതീരുമാനവും പൊതുജനങ്ങളുടെ എതിർപ്പും മാനിച്ച് ബാർ ലൈസൻസ് നൽകേണ്ടെന്ന 2014 ഡിസംബർ 11ലെ മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനം സിംഗിൾ ജഡ്ജി റദ്ദാക്കിയതു ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ മുനിസിപ്പാലിറ്റി നൽകിയ അപ്പീൽ തള്ളി.

കോൺഗ്രസ് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്നു കാണിച്ച് 2014 ഫെബ്രുവരി 20 നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സർക്കുലർ. കോൺഗ്രസ് ഭരണത്തിലില്ലെങ്കിൽ ഭരണപക്ഷം ഏകപക്ഷീയ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി, പൊതുജനങ്ങളെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇതാണ് കോടതി ഉത്തരവിലൂടെ തള്ളിക്കളയപ്പെട്ടത്.

''പൊതുതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ബാർ അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങൾ പൊതുതാൽപര്യ വിരുദ്ധമായി അധികാരം ദുരുപയോഗിക്കുന്നതായി ആക്ഷേപമുള്ളതു കെപിസിസിയുടെ ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസിന്റെ നിലപാടു വീണ്ടും വ്യക്തമാക്കുകയാണ്- ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. ബാർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായപ്പോഴാണ് കെപിസിസി സർക്കുലർ ഇറക്കിയത്. ചില നഗരസഭകൾ ബാറുമകളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP