Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സുമാരുടെ നിയമനം സർക്കാർ ഏജൻസി വഴിയാക്കിയ ഉത്തരവ് റദ്ദാക്കുമോ? 5300 നഴ്‌സുമാരുടെ നിയമനം വെള്ളത്തിലായെന്ന് ആരോപിച്ച് റിക്രൂട്ട്‌മെന്റ് ഏജന്റുമാർ കോടതിയിൽ

നഴ്‌സുമാരുടെ നിയമനം സർക്കാർ ഏജൻസി വഴിയാക്കിയ ഉത്തരവ് റദ്ദാക്കുമോ? 5300 നഴ്‌സുമാരുടെ നിയമനം വെള്ളത്തിലായെന്ന് ആരോപിച്ച് റിക്രൂട്ട്‌മെന്റ് ഏജന്റുമാർ കോടതിയിൽ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സ് നിയമനം സർക്കാർ ഏജൻസി വഴിയാക്കിയ ഉത്തരവിനെതിരെ റിക്രൂട്ടിങ് ഏജന്റുമാർ കോടതിയിൽ. തങ്ങളുടെ ഏജൻസി വഴി നിയമനം ലഭിച്ച 5300 ഓളം നഴ്‌സുമാരുടെ കാര്യം അവതാളത്തിലായെന്ന് കാണിച്ചാണ് ഏജന്റുമാർ കോടതിയെ സമീപിച്ചിരിക്കുന്നത്. ഏജന്റുമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓവർസീസ് റിക്രൂട്ടിങ് ഏജന്റ്‌സിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

18 രാജ്യങ്ങളിലേക്കുള്ള നഴ്‌സ് നിയമനം സർക്കാർ ഏജൻസിവഴിയാക്കിയ പ്രവാസികാര്യ മന്ത്രാലയത്തിന്റെ മാർച്ച് 12-ലെ ഉത്തരവിനെതിരെയാണ് ഏജന്റുമാർ കോടതിയെ സമീപിച്ചിട്ടുള്ളത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്‌സ്, ഓഡേപെക് കേരള തുടങ്ങിയ ഏജൻസികൾ മുഖേനയുള്ള എമിഗ്രേഷൻ ക്ലിയറൻസ് ഈ രാജ്യങ്ങളിലേക്കുള്ള നിയമനത്തിന് നിർബന്ധമായിരുന്നു. പ്രൊട്ടക്ടറേറ്റ് ഓഫ് എമിഗ്രന്റ്‌സ് ഓഫീസിൽനിന്നുള്ള ക്ലിയറൻസും നിർബന്ധമാക്കിയിട്ടുണ്ട്.

ഈ ഉത്തരവിനെയാണ് ഏജന്റുമാർ ചോദ്യം ചെയ്യുന്നത്. സൗദി ആരോഗ്യ മന്ത്രാലയം ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത 5300-ഓളം നഴ്‌സുമാരുടെ ജോലി സാധ്യത നഷ്ടമാകുമെന്ന് കാണിച്ചാണ് അവർ കോടതിയിലെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും 1983-ലെ എമിഗ്രേഷൻ നിയമത്തിന് എതിരാണെന്നും ഏജന്റുമാർ വാദിക്കുന്നു. 5300 നഴ്‌സുമാരുടെ നിയമനം ഉത്തരവിറങ്ങുന്നതിന് മുന്നെ പൂർത്തിയായതാണെന്നും അവർ എമിഗ്രേഷൻ ക്ലിയറൻസിന് അർഹരാണെന്നും കോടതിയിൽ ഹാജരായ അഭിഭാഷക കീർത്തി ഉപ്പൽ വാദിച്ചു.

മാർച്ച് 12-ന് മുമ്പ് സൗദി മന്ത്രാലയത്തിന്റെ നിയമന ഉത്തരവ് ലഭിച്ച നഴ്‌സുമാരെ സർക്കാർ ഏജൻസികളിൽനിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെതന്നെ ജോലിയിൽ പ്രവേശിക്കാൻ കോടതി അനുവദിച്ചു. അതോടൊപ്പം നിയമനം സർക്കാർ ഏജൻസികൾ മുഖേനയാക്കിയ ഉത്തരവിനെതിരായ പരാതികൾ കേൾക്കാനും കോടതി സമ്മതിച്ചു.

മന്ത്രാലയത്തിന്റെ ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏജന്റുമാരുടെ ഹർജിയെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽനിന്ന് നഴ്‌സുമാരെ രക്ഷിക്കുന്നതിനാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP