Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഭാ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്നതിനിടയിൽ സഭയെ വിമർശിച്ച് പുസ്തകം എഴുതിയതിന് പുറത്താക്കി; കോടതി പുറത്താക്കൽ അസാധുവാക്കിയതിന് പകരം തീർക്കാൻ മരിച്ചപ്പോൾ കല്ലറയിൽ അടക്കിയില്ല; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിഎസ്‌ഐ മെത്രാനോട് കോടതി

സഭാ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്നതിനിടയിൽ സഭയെ വിമർശിച്ച് പുസ്തകം എഴുതിയതിന് പുറത്താക്കി; കോടതി പുറത്താക്കൽ അസാധുവാക്കിയതിന് പകരം തീർക്കാൻ മരിച്ചപ്പോൾ കല്ലറയിൽ അടക്കിയില്ല; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിഎസ്‌ഐ മെത്രാനോട് കോടതി

തൊടുപുഴ: യേശുക്രിസ്തു എല്ലാവരോടും പൊറുക്കാനും സ്‌നേഹിക്കാനുമാണ് ഉപദേശിക്കുന്നതെങ്കിലും സഭയെ വിമർശിച്ചാൽ അതാരായാലും വിടില്ലെന്ന നിലപാടിലാണ് കേരളത്തിലെ ചില സഭാ നേതൃത്വങ്ങൾ. സഭയ്ക്ക് അനഭിമതനാണെങ്കിൽ പ്രതികാരം തീർക്കാൻ വിലക്കേർപ്പെടുത്തുന്നതും കല്ലറ നിഷേധിക്കുന്നതുമൊക്കെ പതിവ് സംഭവങ്ങളാണ്. അടുത്തിടെ കുടുംബ കല്ലറയ്ക്ക് വേണ്ടി സഭാ നേതാക്കൾ ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതിനിടെ സഭാനേതൃത്വത്തിന്റെ ഹുങ്കിനെ നിയമവഴിയിൽ നേരിട്ട് നീതി നേടിയെടുത്ത ഒരു കുടുംബത്തിന്റെ കഥയാണ് പുറത്തുവന്നത്. സഭയെ വിമർശിച്ച് പുസ്തകം എഴുതി എന്ന കാരണത്താൻ ക്രൈസ്തവ വിശ്വാസിയായ ആൾക്ക് മരിച്ചപ്പോൾ കല്ലറ നൽകാത്ത സംഭവത്തിൽ സിഎസ്‌ഐ മെത്രാന് പിഴശിക്ഷ വിധിച്ചു. പത്ത് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. തൊടുപുഴയിലാണം സഭവം.

എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ പ്രഫ.സി.സി ജേക്കബിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാൻ അനുമതി നിഷേധിച്ചത്. സഭാനേതൃത്വത്തിന്റെ ഈ തീരുമാനത്തിനെതിരെ ഭാര്യ മേരി ജേക്കബ് നൽകിയ മാനനഷ്ടക്കേസിലാണ് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി ദാനിയേലിനെതിരെ കോടതി വിധി. മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവും നൽകാനാണ് ഈരാറ്റുപേട്ട മുൻസിഫ് ജഡ്ജി ഹരീഷ്.ജി വിധി പ്രസ്താവിച്ചത്. എള്ളുംപുറം സെന്റ്. മത്യാസ് പള്ളി വികാരിയും സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയും കേസിൽ കക്ഷികളാണ്.

സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂർവകേരള മഹായിടവകയുടെ സ്ഥാപക പ്രവർത്തകനും സഭയുടെ സെക്രട്ടറി, രജിസ്ട്രാർ, സിനഡ് പ്രതിനിധി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.സി ജേക്കബിനെ സഭയിൽ നിന്ന് ബിഷപ് പുറത്താക്കിയത്. ഈ നടപടി സാമാന്യനീതിനിഷേധവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുൻസിഫ് കോടതി 2009 ൽ വിധിച്ചിരുന്നു. ഇതിനെതിരെ ബിഷപ് നൽകിയ അപ്പീൽ 2011 നവംബർ 30ന് ൽ പാലാ സബ് കോടതി ചെലവ് സഹിതം തള്ളി.

എന്നാൽ ഇതിന്മേൽ നടപടിയുണ്ടാകാത്തതിനേത്തുടർന്ന് വീണ്ടും കോടതിയെ സമീപിച്ച സി.സി ജേക്കബ് 2013 ഒകേ്ടാബർ അഞ്ചിന്് രാവിലെ മരിച്ചു. വിവരം ബിഷപ്പിനെ അറിയിച്ചപ്പോൾ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മൂന്നുതവണ ബിഷപ്പുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം മാറിയില്ല. വിവാദമായപ്പോൾ കുടുംബകല്ലറയിൽ അടക്കാനും ആചാരങ്ങൾ വിലക്കിയാണ് അനുമതി കൊടുത്തത്. എന്നാൽ പരേതനെയും ബന്ധുജനങ്ങളേയും അപമാനിക്കാൻ മാത്രമാണിതെന്നും ഈ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. തുടർന്ന് സഭയുടെ നിബന്ധനകൾ തള്ളിയ കുടുംബാംഗങ്ങൾ പിറ്റേന്ന് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

സംഭവത്തിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുകയാണ് സിസി ജേക്കബിന്റെ കുടുംബം ചെയത്ത്. ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്. ഒരു രൂപതയിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പരേതരുടെ കുടുംബകല്ലറയിൽ ആദരപൂർവം മതാചാരപ്രകാരം സംസ്‌കരിക്കുവാൻ ബന്ധുക്കളെ അനുവദിക്കാതിരുന്നത് എല്ലാ മാനുഷിക മൂല്യങ്ങൾക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ നടപടി തെറ്റായുള്ളതും സി.സി ജേക്കബിന്റെ അവകാശങ്ങളുടേയും വിശേഷ ആനുകൂല്യങ്ങളുടേയും ലംഘനവുമാണ്.

സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്. സഭയിലെ ശുശ്രൂഷകരിൽ നിന്ന് കരുണയും കരുതലും ക്ഷമയും മാനുഷിക മൂല്യങ്ങളും വളരെ പ്രതീക്ഷിക്കുന്നു. ഇത്തരം പദവിയിലുള്ളവർ പ്രതികാരമനോഭാവം പ്രകടിപ്പിക്കുവാൻ പാടില്ലെന്നും േകാടതി വ്യക്തമാക്കി. മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്ക്കും രണ്ട് മക്കൾക്കും നൽകാനാണ് കോടതി വിധി. വാദികൾക്കു വേണ്ടി അഡ്വ. പി ബിജു, അഡ്വ.എസ് കണ്ണൻ എന്നിവർ ഹാജരായി.

അതേസമയം സി.സി.ജേക്കബിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധി മാനിക്കുന്നതായി ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേൽ പറഞ്ഞു. ഇത് സഭയുടെ വിശ്വാസത്തിന്റെയും ശിക്ഷണത്തിന്റെയും വിഷയമാണ്. വിധിന്യായം പഠിച്ചതിനുശേഷം ആവശ്യമെങ്കിൽ മേൽകോടതിയെ സമീപിക്കുമെന്നും ബിഷപ്പ് അറിയിച്ചു. സഭയിലെ ഏതു വ്യക്തിക്കും നിയമം ഒരുപോലെ ബാധകമാണ്. സഭയുടെ അടിസ്ഥാന പ്രമാണത്തിൽ നിന്നും മാറിപ്പോകുകയും വിശ്വാസപ്രമാണത്തിൽ നിന്നു വ്യതിചലിക്കുകയും ചെയ്താൽ സഭാപരമായ ശിക്ഷണനടപടികൾക്ക് വിധേയമാകും. അത് മാത്രമാണ് ഇവിടെ സംഭവിച്ചത്. സഭയുടെ വിശ്വാസം എന്ത് വിലകൊടുത്തും നിലനിർത്തും. ഇത് സഭയുടെ അധ്യക്ഷൻ എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായ ബാധ്യതയാണെന്നും ബിഷപ്് പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാനാണ് സഭാ നേതൃത്വം ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP