Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡി സിനിമാസിന് വേണ്ടി ഭൂമി കയ്യേറിയെന്ന ആക്ഷേപത്തിൽ ദിലീപിനെതിരെ ലോകായുക്ത നോട്ടീസ്; നടപടി വില്ലേജ് രേഖകളിൽ കൃത്രിമം കാട്ടി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ; മുൻ തിയേറ്റർ ഉടമകൾക്കും മുൻ ജില്ലാ കളക്ടർക്കും സിറ്റിംഗിന് എത്താൻ നിർദ്ദേശം

ഡി സിനിമാസിന് വേണ്ടി ഭൂമി കയ്യേറിയെന്ന ആക്ഷേപത്തിൽ ദിലീപിനെതിരെ ലോകായുക്ത നോട്ടീസ്; നടപടി വില്ലേജ് രേഖകളിൽ കൃത്രിമം കാട്ടി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ; മുൻ തിയേറ്റർ ഉടമകൾക്കും മുൻ ജില്ലാ കളക്ടർക്കും സിറ്റിംഗിന് എത്താൻ നിർദ്ദേശം

കോട്ടയം: ഡി സിനിമാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ നടൻ ദിലീപിനെതിരെ ലോകായുക്തയുടെ നോട്ടീസ്. ചാലക്കുടി ഡി സിനിമാസ് നിർമ്മാണത്തിന് രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിലാണ് നടപടി. കേസ് ഈ മാസം 28 ന് പരിഗണിക്കും.

വില്ലേജ് രേഖകളിൽ കൃത്രിമം നടത്തി സർക്കാർ ഭൂമി കയ്യേറിയെന്ന് പരാതിയിലാണ് ദിലീപ് ഉൾപ്പടെ പതിമൂന്ന് പേർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. 2005 വരെ നികുതി അടക്കാതിരുന്ന ഭൂമിയിലെ രേഖകളിൽ തിരുത്തൽ വരുത്തി വ്യാജരേഖ ഹാജരാക്കി നഗരസഭയിൽ നിന്ന് നിർമ്മാണാനുമതി വാങ്ങിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൊച്ചിൻ ദേവസ്വം ബോർഡ് വക ഭൂമിയും പുറമ്പോക്കിലെ തോടും ഉൾപ്പടെ കയ്യേറിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ടിഎൻ മുകുന്ദന്റെ പരാതിയിലാണ് നടപടി.

ദിലീപ്, സ്ഥലത്തിന്റെ മുൻ ഉടമകളായ തീയറ്റർ ഉടമ ജോർജ്ജ്, സജി പോൾ, ബിജു ഫിലിപ്പ്, അഗസ്റ്റിൻ, മുൻ തൃശ്ശൂർ ജില്ലാ കലക്ടർ എംഎസ് ജയ, ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക ദൂതൻ വഴി ലോകായുക്ത നോട്ടീസ് നൽകും. ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് അഡ്വ സുരേഷ് ബാബു പറഞ്ഞു.

ചാലക്കുടിയിൽ നടൻ ദിലീപന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് തൃശൂർ ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ലോകായുക്തയും പരാതിയിൽ നോട്ടീസ് നൽകുന്നത്. കളക്ടറുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഭൂമി കയ്യേറിയാണു മൾട്ടിപ്ലക്സ് നിർമ്മിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാൻ കലക്ടർ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. രാജ ഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. മുൻ കലക്ടർ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു. അതേസമയം ദിലീപിന്റെ കൈയേറ്റം സാധുകരിക്കാൻ സിപിഐ മന്ത്രി ഇടപെട്ടന്ന ആരോപണവും ഉയർന്നു വന്നിരുന്നു.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമ്മിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. ആലുവ സ്വദേശി സന്തോഷ് നൽകിയ പരാതിയിൽ തൃശൂർ ജില്ലാ കളക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു.

പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി ഹിയറിങിനായി ലാൻഡ് റവന്യൂ കമ്മീഷറോട് നിർദ്ദേശിച്ചു. നേരത്തെ കളക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കിയ ലാൻഡ് റവന്യൂ കമ്മീഷണർ, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ തൃശ്ശൂർ ജിലാ കളക്ടർ രണ്ടു വർഷമായിട്ടും ഉത്തരവിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആറു തവണ കളക്ടറെ നേരിട്ട് കണ്ടിട്ടും പരിഹാരമുണ്ടായില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായി ഡി സിനിമാസിന്റെ ഭൂമി വീണ്ടും വിവാദമായപ്പോൾ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് കളക്ടറോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP