Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിലീപ് വീണ്ടും ജയിലിലേക്ക്; റിമാൻഡ് ജൂലായ് 25 വരെ; ദിലീപിന് വേണ്ടി വൻ പ്രചരണം നടക്കുന്നെന്നും പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും ഉള്ള പ്രൊസിക്യൂഷൻ വാദത്തിന് വിജയം; രണ്ടു ഫോണുകൾ കോടതിയിൽ എത്തിച്ച് രാംകുമാർ നടത്തിയ നീക്കത്തിനും ദിലീപിനെ രക്ഷിക്കാനായില്ല

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിലീപ് വീണ്ടും ജയിലിലേക്ക്; റിമാൻഡ് ജൂലായ് 25 വരെ; ദിലീപിന് വേണ്ടി വൻ പ്രചരണം നടക്കുന്നെന്നും പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും ഉള്ള പ്രൊസിക്യൂഷൻ വാദത്തിന് വിജയം; രണ്ടു ഫോണുകൾ കോടതിയിൽ എത്തിച്ച് രാംകുമാർ നടത്തിയ നീക്കത്തിനും ദിലീപിനെ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഹർജിയിൽ വാദം പൂർത്തിയായി വീണ്ടും ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനെ ജൂലായ് 25 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ ദിലീപ് വീണ്ടും ജയിലിലേക്ക് മടങ്ങുന്നു. കേസിൽ മറ്റൊരു വഴിത്തിരിവെന്ന വണ്ണം ദിലീപിന്റെ രണ്ടു ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചവെങ്കിലും അതിനൊന്നും ദിലീപിന്റെ ജാമ്യാപേക്ഷയിൽ സഹായമുണ്ടാക്കാൻ ആയില്ല. ദിലീപിനെ ആലുവ പൊലീസ് ക്‌ളബ്ബിൽ നിന്ന് ചോദ്യംചെയ്യൽ നടപടി പൂർത്തിയാക്കിയാണ് കോടതിയിലേക്ക് എത്തിച്ചത്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് ദിലീപിനെ കോടതിയിൽ നിന്ന് വീണ്ടും ആലുവ സബ്ജയിലിലേക്ക് മാറ്റി.തിങ്കളാഴ്ച ഹൈക്കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിക്കും

അതേസമയം, ജാമ്യം നിഷേധിച്ച് വീണ്ടും സബ്ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുന്നതിനിടെ തിരിച്ച് വീണ്ടും കോടതിയിലേക്ക് എത്തിച്ചത് അൽപസമയം കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ജാമ്യം നിഷേധിച്ച് പുറത്തറക്കിയതിന് പിന്നാലെ ദിലീപിനെ വീണ്ടും കോടതിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ എല്ലാരും അമ്പരന്നു. ദിലീപിന്റേതെന്ന് പറഞ്ഞ് കോടതിയിൽ പ്രതിഭാഗം രണ്ട് ഫോണുകൾ ഹാജരാക്കിയിരുന്നു. ഇവ രണ്ടും ഫിംഗർ ലോക്ക് (വിരലടയാള ലോക്ക) ഉപയോഗിക്കുന്നവയാണ്. അവ തുറന്ന് കോടതിയിൽ സമർപ്പിക്കുന്നതിന് വേണ്ടിയാണ് ദിലീപിനെ വീണ്ടും കോടതിയിൽ എത്തിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിലാണ് ഇന്ന് വാദം നടന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടൻ ദിലീപ് നടത്തിയ ആരോപണങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി. ഇതിൽ വാദം പൂർത്തിയായതിന് പിന്നാലെയാണ് ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയായിരുന്നു കസ്റ്റഡി സമയം. ദിലീപിനെ കോടതിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ ജാമ്യാപേക്ഷ തള്ളി കോടതി ഉത്തരവും പുറപ്പെടുവിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോൾ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോൾ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന വാദമാണ് പ്രൊസിക്യൂഷൻ ഉന്നയിക്കുന്നത്. നടിയുടെ സെറ്റിൽ ഉൾപ്പെടെ പോയി അപമാനിക്കാൻ ശ്രമം നടന്നേക്കുമെന്ന സത്യവാങ്മൂലം ഇന്നലെ കോടതിയിൽ നൽകിയിരുന്നു.

ഇതിനിടെയാണ് ദിലീപിന്റെ രണ്ട് ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകൾ കൈമാറിയതെന്നും പൊലീസിനെ ഏൽപ്പിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും എന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പൾസർ സുനി എന്ന കുറ്റവാളി നൽകിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസ് നീങ്ങുന്നതെന്നാണ് അഭിഭാഷകൻ രാംകുമാർ വാദിച്ചത്.

അതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഫോൺ കണ്ടെടുക്കുന്നതിന് വേണ്ടി അതീവ രഹസ്യമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന വിവരമാണ് ലഭിക്കുന്നത്.

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച വാദങ്ങളിലൊന്ന് സമൂഹ മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി പ്രചാരണങ്ങൾ നടക്കുന്നുവെന്നതാണ്. പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്.

ദിലീപിന്റെ അഭിമുഖങ്ങളിൽ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇവർ പിടിയിലായി വിശദമായി ചോദ്യംചെയ്തതിന് ശേഷമേ നടി ആക്രമിക്കപ്പെട്ടതുമായ ബന്ധപ്പെട്ട ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാവൂ എന്നാണ് പൊലീസ് ഭാഷ്യം.

എന്നാൽ അതേസമയം, ദിലീപിന്റെ രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചു കൊണ്ടായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഫോൺ കോടതിയിൽ സമർപ്പിച്ചതെന്നും അഭിഭാഷകൻ അറിയിച്ചു. പൊലീസിനെ ഏൽപ്പിച്ചാൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന വാദമാണ് അവർ ഉന്നയിച്ചത്.

ദിലീപിനെ ഉടൻ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സമയം, ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. കോടതിയിൽ പുതിയ കസ്റ്റഡി അപേക്ഷ നൽകിയില്ല. നേരത്തേ അനുവദിച്ച കാലാവധി ഇന്ന് അഞ്ചു മണിക്ക് തീരുന്ന മുറയ്ക്കാണ് ദിലീപിനെ ്അങ്കമാലി കോടതിയിൽ ഹാജരാക്കിയത്.

ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴി മാത്രമാണെന്നും അതു വിശ്വസിച്ചാണു പൊലീസ് മുന്നോട്ടുപോകുന്നതെന്നുമായിരുന്നു പ്രൊസിക്യൂഷൻ വാദം. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നു. റിമാൻഡ് റിപ്പോർട്ട് പൂർണമായും കളവാണ്. കത്തിലെഴുതിയ കാർ നമ്പരിനു പ്രാധാന്യമില്ല. മെമ്മറി കാർഡും മൊബൈൽ ഫോണും കിട്ടിയെന്നാണു പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുത്. മാധ്യമങ്ങൾ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദങ്ങൾക്കിടെ ഉന്നയിച്ചു.

ദിലീപിനു ജാമ്യം നൽകിയാൽ നടിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി അപമാനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പൊലീസ് നേരത്തെ തന്നെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചയോടെ പൊലീസ് കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് ഹാജരാക്കിയത്. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവവും അതിനുള്ള തെളിവുകളും ബോധ്യപ്പെടാൻ കേസ് ഡയറി മുദ്രവച്ച കവറിൽ ഹാജരാക്കാമെന്ന് ഇന്നലെ അറിയിച്ചത് പ്രകാരമായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP