Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവേഗം ഹൈക്കോടതിയിൽ എത്തിയിട്ടും ഫലമുണ്ടായില്ല; രാംകുമാറിന്റെ വാദങ്ങൾക്ക് മറുപടി പറയാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ; ജനപ്രിയ നായകന്റെ ജാമ്യ ഹർജിയിൽ തന്ത്രപരമായ നിലപാടുമായി അഡ്വ മഞ്ചേരി ശ്രീധരൻ നായർ; ജാമ്യാപേക്ഷ ഇനി വ്യാഴാഴ്ച പരിഗണിക്കും; മൂന്ന് ദിവസം കൂടി ദിലീപിന് സബ് ജയിലിൽ കൊതുകു കടി കൊള്ളണം

അതിവേഗം ഹൈക്കോടതിയിൽ എത്തിയിട്ടും ഫലമുണ്ടായില്ല; രാംകുമാറിന്റെ വാദങ്ങൾക്ക് മറുപടി പറയാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ; ജനപ്രിയ നായകന്റെ ജാമ്യ ഹർജിയിൽ തന്ത്രപരമായ നിലപാടുമായി അഡ്വ മഞ്ചേരി ശ്രീധരൻ നായർ; ജാമ്യാപേക്ഷ ഇനി വ്യാഴാഴ്ച പരിഗണിക്കും; മൂന്ന് ദിവസം കൂടി ദിലീപിന് സബ് ജയിലിൽ കൊതുകു കടി കൊള്ളണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് മൂന്ന് ദിവസം കൂടി ആലുവ സബ്ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പായി. ദിലീപിന്റെ ജാമ്യ ഹർജി വ്യാഴാഴ്ച മാത്രമേ പരിഗണിക്കൂ. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് ഇത്. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ സമയം വേണമെന്ന് ഡിജിപി അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരൻ നായർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റിത്.

ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ കേസിനെക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. പ്രതിഭാഗം പുതിയ ഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നാണ് സർക്കാർ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് വാദം കേട്ട കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തന്ത്രപരമായ നിലപാടാണ് ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ എടുത്തത്. ജാമ്യ ഹർജി എതിർത്ത് പൊലീസ് എതിർ സത്യവാങ്മൂലം നൽകും. ഇതുവരെ ദിലീപിന്റെ മോചനത്തിനായി മറ്റ് ഇടപെടൽ നടത്താൻ അഡ്വക്കേറ്റ് രാംകുമാറിന് കഴിയില്ല. ഹൈക്കോടതി ഹർജി തള്ളിയാൽ മാത്രമേ സുപ്രീംകോടതിയെ സമീപിക്കാൻ കഴിയൂ.

അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. 'തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്'- ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ പറഞ്ഞു. കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുന്നതിനാണ് നീക്കം. ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും പൊലീസ് വാദിക്കുന്നു. കൂടാതെ, സമൂഹമാധ്യമങ്ങളിൽ നടന്ന ദിലീപ് അനുകൂല പ്രചരണം അദ്ദേഹത്തിന്റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറയുന്നു. കേസ് ഡയറിയിലെ പിഴവുകൾ അതിവേഗം പരിഹരിക്കാനാണ് പൊലീസിന്റെ ശ്രമം. ഹൈക്കോടതി ആവശ്യപ്പെട്ടാൽ ഇത് ഹാജരാക്കുകയും ചെയ്യും. കുറ്റങ്ങൾ തെളിയിക്കാൻ ആവശ്യമായ പ്രാഥമിക തെളിവുകളും ഹൈക്കോടതിയിൽ ഹാജരാകും. അഡ്വക്കേറ്റ് ജനറലും ഈ കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. എന്തു വന്നാലും ദിലീപിന് ജാമ്യം നൽകരുതെന്ന വാദമാകും ഹൈക്കോടതിയിലും അവതരിപ്പിക്കുക.

ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി നടത്തിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. ദിലീപിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണാനാവില്ലെന്ന് തിരിച്ചറിയണം. ദിലീപിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും തിരിച്ചറിയുന്നു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കർക്കുള്ള പാഠം കൂടിയാണെന്നും ഉത്തരവിൽ പറയുന്നു. കേസ് ഡയറി പരിശോധിച്ച ശേഷമാണ്. ഉത്തരവെന്നും മജിസ്ട്രേറ്റിന്റെ വിധിയിൽ പറയുന്നു. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് പുതിയ വാദങ്ങൾ രാംകുമാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. അത് ഹർജി നീട്ടിവയ്ക്കാനുള്ള സാഹചര്യവും ഉണ്ടാക്കുകയായിരുന്നു.

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയിൽ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തതെന്നാണ് ദിലീപിനായി രാംകുമാർ നൽകിയ ഹർജിയിൽ പറയുന്നത്. ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാൻ സാധിച്ചിട്ടില്ല. മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവർ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാൻ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും വിശദീകരിച്ചു.

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരൻ പ്രശസ്തനായ അഭിനേതാവാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ പേരിൽ മറ്റ് ക്രിമിനൽ കേസുകളുമില്ല. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി കാര്യങ്ങൾ ചെയ്യുന്നയാളാണ് പരാതിക്കാരൻ. അക്രമത്തിനിരയായ നടിക്ക് പരാതിക്കാരനെ വർഷങ്ങളായി അറിയാം. പരാതിയിൽ അയാൾക്കെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെയുണ്ടായ അക്രമത്തിൽ ആരേയും സംശയിക്കുന്നില്ലെന്ന കാര്യം പിന്നീട് അവർ വ്യക്തമാക്കിയതുമാണ്. ഒന്നാം പ്രതിയേയും കൂട്ടു പ്രതികളേയും അറസ്റ്റ് ചെയ്തതിന് ശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് പൊലീസും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്.

ജയിലിൽ വെച്ച് ഒന്നാം പ്രതി പണം ആവശ്യപ്പെട്ട് പരാതിക്കാരന് എഴുതിയതെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് കത്തെഴുതിയ ആൾ തന്നെ വ്യക്തമാക്കിയതാണ്. പക്ഷേ പൊലീസ് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടത്തിയില്ല. അന്നു മുതൽ പൊലീസ് ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് പരാതിക്കാരനെ പീഡിപ്പിക്കുകയാണ്. പരാതിക്കാരനെതിരെ ഉന്നയിച്ചിരിക്കുന്ന 19 കുറ്റകൃത്യങ്ങളിൽ പലതും പരാതിക്കാരനുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുന്നതിനായി കെട്ടിച്ചമച്ചതാണ്. പലതും അന്വേഷണത്തിലിരിക്കുന്നതുമാണ്. പൊലീസ് ഇതുവരെ ശേഖരിച്ചിരിക്കുന്ന തെളിവുകൾ പ്രകാരം പരാതിക്കാരൻ സംശയത്തിന്റെ നിഴലിൽ പോലും വരില്ല. പരാതിക്കാരന്റെ അറസ്റ്റ് ക്രിമിനൽ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്.

ഒന്നാം പ്രതി ജയിലിലായ സമയത്ത് നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് പറയുന്ന ചലച്ചിത്ര പ്രവർത്തകരെക്കുറിച്ച് ഇതുവരെയും അന്വേഷണം നടത്തിയിട്ടില്ല. റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരൻ കേരളത്തിൽ വളരെ പ്രശസ്തനായ ചലച്ചിത്ര താരമാണ്. അദ്ദേഹം മുഖം എല്ലാവർക്കും പരിചിതമാണ്. അതു കൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കണമെന്ന് കരുതിയാൽപ്പോലും അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ഹർജിയിൽ പറയുന്നു. അങ്കമാലി കോടതിയിൽ നൽകിയതിന് വിഭന്നമായ ഹർജിയായിരുന്നു ഇത്. അതുകൊണ്ട് കൂടിയാണ് ജാമ്യ ഹർജിയിലെ വാദത്തിന് കൂടുതൽ ദിവസം പ്രോസിക്യൂഷൻ ചോദിച്ച് വാങ്ങുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP