Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; ചീഫ് ജസ്‌ററിസിനെതിരെ പ്രതിഷേധവുമായി മുതിർന്ന ജഡ്ജിമാർ; സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വർ; ഭരണസംവിധാനം ക്രമത്തിലല്ല; കോടതിയുടെ പ്രവർത്തനം സുതാര്യമല്ലങ്കിൽ ജനാധിപത്യം തകരും; പ്രതിഷേധം കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ; കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ജഡ്ജിമാർ; സുപ്രീം കോടതിയിൽ ഇന്നരങ്ങേറിയത് നാടകീയ സംഭവങ്ങൾ; നാലുകോടതികൾ നിർത്തി വച്ചു

ഇതു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; ചീഫ് ജസ്‌ററിസിനെതിരെ പ്രതിഷേധവുമായി മുതിർന്ന ജഡ്ജിമാർ;  സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വർ; ഭരണസംവിധാനം ക്രമത്തിലല്ല; കോടതിയുടെ പ്രവർത്തനം സുതാര്യമല്ലങ്കിൽ ജനാധിപത്യം തകരും; പ്രതിഷേധം കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ; കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് ജഡ്ജിമാർ; സുപ്രീം കോടതിയിൽ ഇന്നരങ്ങേറിയത് നാടകീയ സംഭവങ്ങൾ; നാലുകോടതികൾ നിർത്തി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാടകീയമായ സംഭവ വികാസങ്ങൾ. നാലുകോടതികൾ നിർത്തി വച്ച് ജഡ്ജിമാർ കോടതിയിൽ നിന്ന് പുറത്തേക്ക് വന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകൾക്കെതിരെയാണ് പ്രതിഷേധം. ജസ്റ്റ്ിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചത്. ഒട്ടു സന്തോഷത്തോടെയല്ല വാർത്താസമ്മേളനം വിളിച്ചതെന്ന് ആമുഖത്തോടെയാണ് ്ജസ്റ്റിസ് ചെലമേശ്വർ വാർത്തസമ്മേളനം തുടങ്ങിയത്.

സുപ്രീം കോടതിയുടെ ഭണസംവിധാനം കുത്തഴിഞ്ഞു. ഭരണസംവിധാനം ക്രമത്തിലല്ല.കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്വം. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്കു മുന്നിലെത്തുന്നത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ജസ്റ്റിസ് ചെലമേശ്വർ പ്രതികരിച്ചു.

ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തർക്കമെന്നാണ് അറിയുന്നത്.കേസ് ആർക്ക് നൽകണമെന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ നിലപാടിൽ മറ്റുജഡ്ജിമാർക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന.

'രണ്ടു മാസങ്ങൾക്കു മുൻപ് ഞങ്ങൾ ചീഫ് ജസ്റ്റിസിന് ഒരു കത്തു നൽകിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ ആ ചർച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. '

സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്ഗോപാൽ ഹരികിഷൻ ലോയ 2014ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മരണത്തിൽ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വർ അടക്കമുള്ള നാല് ജഡ്ജമാർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജഡ്ജിമാർ സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംക്ഷയിലാഴ്‌ത്തിയാണ് സുപ്രീംകോടതിയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

സുതാര്യമല്ലാത്ത പ്രവർത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വർ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടർന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങൾ ഉടലെടുക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

നേരത്തെ തന്നെ സുപ്രീം കോടതിയിൽ ജഡ്ജിമാർ തമ്മിലുള്ള ശീതസമരം വാർത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകർതന്നെ വലിയ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജിയും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഈ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ തീരുമാനവും ഉത്തരവും റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ദീപക് മിശ്രയ്‌ക്കെതിരായ ഹർജി മറ്റൊരു ബഞ്ചിനു വിടുകയും ഹർജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേയ്‌ക്കെത്തിയിരിക്കുന്നത്.

2017 ൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ ജസ്റ്റിസ് ചെലമേശ്വർ വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. സാധാരണ ഗതിയിൽ ഇത്തരം വിയോജിപ്പുകൾ വാക്കാൽ പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്.ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി കൊളീജിയം ഒഴിവാക്കിയതിനെ ചൊല്ലിയായിരുന്നു വിയോജനക്കുറിപ്പ്.

അതീവ ഗുരുതരമായ വിമർശനങ്ങൾ അടങ്ങുന്നതായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനക്കുറിപ്പ്. മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിയോജനക്കുറിപ്പിൽ ജസ്റ്റിസ് ചെലമേശ്വർ ചുണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയാക്കാൻ പ്രാപ്തനായ കുറ്റമറ്റ സത്യനിഷ്ഠയുള്ള ശ്രദ്ധേയനായ ജഡ്ജിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുക വഴി അനാരോഗ്യകരമായ കീഴ്‌വക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും ജസ്റ്റിസ് ചെലമേശ്വർ മുന്നറിയിപ്പു നൽകി. 

.അനാരോഗ്യകരമായ പ്രവണതകളിൽ പ്രതിഷേധിച്ച് കൊളീജിയം യോഗങ്ങളിൽ അന്ന് ജസ്റ്റിസ് ചെലമേശ്വർ പങ്കെടുത്തിരുന്നുമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP