Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശിക്ഷയ്ക്ക് ഇന്ത്യ നോ പറയുമോ? ഭീകരവാദികൾ ഒഴികെയുള്ള കേസുകളിൽ വധശിക്ഷ നിർത്തണമെന്ന ശുപാർശയുമായി നാഷണൽ ലോ കമ്മീഷൻ റിപ്പോർട്ട്

വധശിക്ഷയ്ക്ക് ഇന്ത്യ നോ പറയുമോ? ഭീകരവാദികൾ ഒഴികെയുള്ള കേസുകളിൽ വധശിക്ഷ നിർത്തണമെന്ന ശുപാർശയുമായി നാഷണൽ ലോ കമ്മീഷൻ റിപ്പോർട്ട്

ന്യൂഡൽഹി: യാക്കൂബ് മേമനെ വധശിക്ഷയ്ക്കു വിധേയമാക്കിയ സംഭവം രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. വധശിക്ഷയെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ നിയമ കമ്മീഷൻ വധശിക്ഷയെക്കുറിച്ചുള്ള പുതിയ ശുപാർശ ഉൾപ്പെടുന്ന കരടു റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്തു വധശിക്ഷ നടപ്പാക്കുന്നതിനെ സിപിഐ(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ എതിർത്തിരുന്നു. യാക്കൂബ് മേമനെ വധശിക്ഷയ്ക്കു വിധേയമാക്കിയ സന്ദർഭത്തിൽ ഇതെക്കുറിച്ചു നിരവധി ചർച്ചകൾ നടക്കുകയും ചെയ്തു.

നിലവിൽ വധശിക്ഷ തീവ്രവാദ കേസുകളിൽ മാത്രം നൽകിയാൽ മതിയെന്നാണ് ദേശീയ നിയമ കമ്മീഷന്റെ ശുപാർശ. എന്നാൽ, ഭാവിയിൽ തൂക്കിക്കൊല്ലുന്നത് പൂർണമായും നിർത്തലാക്കണമെന്നും ശുപാർശയുണ്ട്. തീവ്രവാദ കേസുകൾ ഉൾപ്പെടെയാണിത്.

റിപ്പോർട്ടിന്റെ കരട് കമ്മീഷൻ അംഗങ്ങൾക്കു വിതരണം ചെയ്തിട്ടുണ്ട്. വിരമിച്ച ജഡ്ജി എ പി ഷായുടെ നേതൃത്വത്തിലുള്ള ഏഴംഗ മുഴുവൻ കമ്മിഷനാണ് ശുപാർശ തയ്യാറാക്കിയത്. കമ്മിഷനിൽ നാല് പാർട്ട് ടൈം അംഗങ്ങൾ കൂടിയുണ്ട്. എത്രയും വേഗം തന്നെ വധശിക്ഷ നിർത്തലാക്കണമെന്ന് 272 പേജുള്ള കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

കമ്മിഷനിലെ പതിനൊന്നു പേരും നിലപാട് വ്യക്തമാക്കിയ ശേഷം റിപ്പോർട്ട് ഈ ആഴ്ച അവസാനമോ തിങ്കളാഴ്ചയോ സർക്കാരിന് സമർപ്പിക്കും. വധശിക്ഷ നിർത്തലാക്കുന്നതിനോട് എല്ലാ അംഗങ്ങളും യോജിക്കാനിടയില്ല എന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യയുൾപ്പെടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്.

വധശിക്ഷ നൽകിയതു കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ല. ജീവപര്യന്തം ശിക്ഷയെക്കാൾ എന്തെങ്കിലും മേന്മ വധശിക്ഷയ്ക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരുടെ മനോധർമത്തെ ആശ്രയിച്ചും ഇരിക്കുന്നുവെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ കൊല്ലം മെയിൽ നിയമ കമ്മിഷൻ ഈ വിഷയത്തിൽ ഒരു സമീപനരേഖ പുറത്തിറക്കിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നത് സുവ്യക്തമായി വ്യാഖ്യാനിക്കണമെന്ന അഭിപ്രായമാണ് നിയമകമ്മിഷൻ നടത്തിയ ചർച്ചകളിൽ ഉയർന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള രണ്ട് വധശിക്ഷ കേസുകളിലാണ് ഈ വിഷയം പഠിക്കാൻ നിയമകമ്മിഷനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എംപിമാരായ ശശി തരൂർ, കനിമൊഴി തുടങ്ങിയവർ വധശിക്ഷയെ ശക്തമായി എതിർത്തപ്പോൾ, ബിജെപി എംപി വരുൺ ഗാന്ധി വധശിക്ഷ തുടരണമെന്ന് അഭിപ്രായപ്പെട്ടു. നിയമകമ്മിഷന്റെ കാലാവധി പൂർത്തിയാകുന്നത് ഓഗസ്റ്റ് 31നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP