Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈക്കോടതി ജഡ്ജിമാരുടെ കണ്ടെത്തലുകൾ ഗൗരവമേറിയത്; കേസ് സംബന്ധിച്ച മുഴവൻ വിവരങ്ങൾ കോടതിക്ക് മുന്നിലെത്തണം; ഷെഫിൻ ജഹാനെ കുറിച്ചുള്ള വിവരങ്ങളും നിർണ്ണായകം; ഇനി കേസ് പരിഗണിക്കുക എൻഐഎയുടെ അന്വേഷണം പൂർത്തിയായ ശേഷം; ഹാദിയയുടെ വാദം കേൾക്കുക അപ്പോൾ മാത്രം; ഹാദിയ ഇനിയും മാതാപിതാക്കൾക്കൊപ്പം താമസിക്കും: പന്ത് എൻഐഎയുടെ കോർട്ടിലേക്ക്

ഹൈക്കോടതി ജഡ്ജിമാരുടെ കണ്ടെത്തലുകൾ ഗൗരവമേറിയത്; കേസ് സംബന്ധിച്ച മുഴവൻ വിവരങ്ങൾ കോടതിക്ക് മുന്നിലെത്തണം; ഷെഫിൻ ജഹാനെ കുറിച്ചുള്ള വിവരങ്ങളും നിർണ്ണായകം;  ഇനി കേസ് പരിഗണിക്കുക എൻഐഎയുടെ അന്വേഷണം പൂർത്തിയായ ശേഷം; ഹാദിയയുടെ വാദം കേൾക്കുക അപ്പോൾ മാത്രം; ഹാദിയ ഇനിയും മാതാപിതാക്കൾക്കൊപ്പം താമസിക്കും: പന്ത് എൻഐഎയുടെ കോർട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയാ കേസ് അന്വേഷണം എൻഐഎയ്ക്ക്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് വിടണമെന്ന കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ ഹാദിയയുടെ നിലപാട് അറിയാനും കോടതി തീരുമാനിച്ചു. വിരമിച്ച ജസ്റ്റീസ് ആർ. വി. രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അന്തിമ തീരുമാനത്തിന് മുൻപ് ഹാദിയയെ വിളിച്ചു വരുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.

കേസ് സംബന്ധിച്ച മുഴവൻ വിവരങ്ങൾ കോടതിക്ക് മുന്നിലെത്തണമെന്നാണ് ഇന്ന് പ്രധാനമായും സുപ്രീംകോടതി എടുത്ത് പറഞ്ഞത്. കേസിൽ ഹൈക്കോടതി ജഡ്ജിമാരുടെ കണ്ടെത്തലുകൾ ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം ചെയ്ത ഷെഫിൻ ജഹാനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതിനാൽ എൻഐഎ പോലുള്ള ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എൻഐഎയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ ഒരു തീരുമാനം പറയാനാകുവെന്നും കോടതി പറഞ്ഞു. അതേ സമയം കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് ഹാദിയയെ നേരിട്ട് വിളിച്ച് വരുത്തി വാദം കേൾക്കണമെന്ന ഷഫീൻ ജഹാന്റെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു.

മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മെയ് 24-ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ മകളെ നിർബന്ധിച്ച മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയ(അഖില)യുടെ പിതാവ് നൽകി ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. വിവാഹം റദ്ദാക്കിയ കോടതി അഖിലയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. പെൺകുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും തടങ്കൽ മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കാൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഹീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് ഹാദിയയെ വിളിച്ചുവരുത്താനുള്ള തീരുമാനം. കേസ് അന്വേഷണത്തിന് റിട്ടയർഡ് ജ്ഡ്ജിയെ നിയോഗിക്കുന്നതും ഷെഹീന്റെ അഭിഭാഷകരുടെ വാദം പരിഗണിച്ചാണ്. കേരളത്തിന് പുറത്തു നിന്നുള്ളവരെ നിയോഗിക്കണമെന്നതും അംഗീകരിച്ചു.

ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ ഉണ്ടായിരുന്നു. നേരത്തേ ഹാദിയ കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രക്രാരമാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഹാദിയ കേസ് അന്വേഷിക്കുന്നത്. കോട്ടയം വൈക്കം സ്വദേശി അഖില മതംമാറി ഹാദിയയായ സംഭവത്തിൽ അച്ഛൻ അശോകൻ നൽകിയ പരാതിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചാണ് സമഗ്ര അന്വേഷണത്തിനായി സംസ്ഥാന ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. എന്നാൽ ഈ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടാകാമെന്നാണ് കേന്ദ്ര സർക്കാർ നിഗമനം. ഐസിസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് അന്വേഷണം നീളണം. അതിന് വേണ്ടിയാണ് എൻഐഎ അന്വേഷണം.

ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി. ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കേസ് ഫയൽ എൻ.ഐ.എക്ക് കൈമാറണമെന്നും ഇതിനെ എതിർത്ത ഷെഫിൻ ജഹാനെ കോടതി വിമർശിക്കുകയുമുണ്ടായി. എൻ.ഐ.എ യെ സംശയിക്കുന്നതെന്തിനാണ് എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

ഇതുവരെയുള്ള അന്വേഷണത്തിൽ ഹാദിയ, ഹാദിയയെ മതം മാറ്റിയ ശേഷം സംരക്ഷണം നൽകിയ സൈനബ ടീച്ചർ, മത പഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണി അധികൃതർ എന്നിവരെ ചോദ്യം ചെയ്തു. സത്യസരണി മാനേജർ മമ്മൂട്ടി ഹാജിയെ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, സത്യ സരണിയിലേക്ക് എത്തുന്ന സാമ്പാത്തിക ഉറവിടങ്ങൾ എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് സൈനബ ടീച്ചറുടെ കോട്ടക്കലിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. മതപരിവർത്തനം നടത്തുന്നവരെ ഇവിടെ ഒളിവിൽ താമസിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, ആരുടെയും നിർബന്ധ പ്രകാരമല്ല മതം മാറിയതെന്നാണ് ഹാദിയ മൊഴി നൽകിയിട്ടുള്ളത്.

എന്നാൽ അഖില, സത്യസരണിയിൽ വെച്ച് ഹാദിയ ആകും മുമ്പ് ആസിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മത വിശ്വാസിയായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഈ സംഭവങ്ങളെ കുറിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി അന്വേഷിച്ചില്ലെന്നത് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ഈ സംഭവം ചൂണ്ടിക്കാട്ടി നേരത്തേ ഹൈക്കോടതി ഡിവൈഎസ്‌പിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയിരുന്നു. മകളെ മതം മാറ്റിയ ശേഷം ആട് മെയ്ക്കാൻ വിദേശത്തേക്ക് കൊണ്ടു പോകാൻ പദ്ധതിയുണ്ടെന്നായിരുന്നു പിതാവ് അശോകന്റെ പരാതി. ആട് മെയ്ച്ച് ജീവിക്കാൻ രാജ്യം വിടാൻ പദ്ധതിയുണ്ടായിരുന്നതായി ഹാദിയ അഛനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇത് വിശദമായി ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. സത്യസരണിക്കു മുമ്പായി അഖില മറ്റൊരു മത പരിവർത്തനത്തിന് വിധേയമായതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കേസിലെ ഏറെ നിർണായകമായ ആട് മെയ്ക്കൽ കടത്ത് ആരോപണം ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ വഴിമുട്ടിയ നിലയിലാണ്. അഖിലയെ ആദ്യം മതം മാറ്റിയ ഫസൽ മുസ്തഫ, ഭാര്യ ഷെറിൻ ഷഹാന, കസിൻ ഷാനിബ് എന്നിവർ മുൻ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇവരുടെ മൊഴി നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണമൊന്നും അന്ന് നടത്തിയില്ല. 2015, സെപ്റ്റംബറിൽ എറണാകുളത്ത് വച്ചായിരുന്നു അഖിലയെ 'കലിമ' ചൊല്ലിക്കൊടുത്ത് ആദ്യം മതം മാറ്റിയത്. വിദേശത്തേക്ക് കടന്ന് ആടിനെ മെയ്ച്ച് ജീവിക്കുകയെന്ന ആശയം ഹാദിയക്ക് കിട്ടിയതും ഫസൽ മുസ്തഫയിൽ നിന്നായിരുന്നു. എന്നാൽ, ഹാദിയ കേസിൽ ഫസൽ മുസ്തഫയ്ക്കും ഭാര്യ ഷെറിൻ ഷഹാന, ഷാനിബ് എന്നിവർക്കുമുള്ള പങ്ക് വ്യക്തമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് മുൻ അന്വേഷണത്തിൽ ഏറെ ദുരൂഹത വർദിപ്പിക്കുന്നതായിരുന്നു.

2016 ജനുവരി 6നായിരുന്നു ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റിൽ അശോകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൻ ഇതിന്റെയെല്ലാം മുമ്പ് 2015ൽ തന്നെ അഖില ഇസ്ലാം മതത്തിലേക്ക് മാറി ആസിയ എന്ന പേര് സ്വീകരിച്ചതായി കോടതി വിധിയിൽ പറയുന്ന കാര്യം കേസിന്റെ പ്രധാന ഭാഗമാണ്. ഇതു ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം. ഈ കേസ് എൻഐഎയ്‌ക്കെെത്തുമ്പോൾ ഏറെ വഴിത്തിരിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP