Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പണം എറിഞ്ഞും അധികാരം പ്രയോഗിച്ചും കോടികളുടെ പാട്ടഭൂമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം പൊളിയുമെന്ന് സൂചന; കൈമാറ്റവും വ്യവസായവും നിയമവിരുദ്ധമെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരമാർശം; അന്തിമവിധി ഡിവിഷൻ ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്

പണം എറിഞ്ഞും അധികാരം പ്രയോഗിച്ചും കോടികളുടെ പാട്ടഭൂമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം പൊളിയുമെന്ന് സൂചന; കൈമാറ്റവും വ്യവസായവും നിയമവിരുദ്ധമെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരമാർശം; അന്തിമവിധി ഡിവിഷൻ ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്

കൊച്ചി: വിദേശ കമ്പനിക്ക് എങ്ങനെ ഇന്ത്യയിൽ വ്യവസായം നടത്തനാകും? ഹാരിസൺ കേസിൽ നിർണ്ണായ പരമാർശവുമായി ഹൈക്കോടതി സിംഗിൾ ബഞ്ച്. അതുകൊണ്ട് തന്നെ വിദേശ റജിസ്‌ട്രേഷനുള്ള ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിക്ക് ഇന്ത്യയിൽ ബിസിനസ് നടത്താനോ വസ്തു കൈമാറ്റം നടത്താനോ നിയമപരമായി അവകാശമില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ സങ്കീർണ നിയമപ്രശ്‌നങ്ങൾക്കു തീർപ്പുകൽപിക്കാൻ കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

ഇംഗ്ലിഷ് കമ്പനീസ് ആക്ട് പ്രകാരം ഇംഗ്ലണ്ടിലാണു കമ്പനി രജിസ്റ്റർ ചെയ്തത്. ഫെറ നിയമവ്യവസ്ഥയനുസരിച്ച് വിദേശ കമ്പനിക്കു രാജ്യത്തു ബിസിനസ് നടത്താൻ അനുമതി വേണം. വസ്തു കൈവശം വയ്ക്കാനും വിദേശ കമ്പനിയുടെ ഏജന്റായോ ശാഖയായോ പ്രവർത്തിക്കാനും റിസർവ് ബാങ്കിന്റെ അനുമതി വേണം. അല്ലാതെയുള്ള പ്രവർത്തനങ്ങൾക്കു നിയമസാധുതയില്ല. 1947ലെ ഫെറ നിയമത്തിലെ 18, 18 എ വകുപ്പുകൾ അനുസരിച്ചും 1973ലെ ഫെറ നിയമത്തിലെ 28, 30, 31 വകപ്പുകൾ അനുസരിച്ചും കമ്പനിയുടെ പക്കൽ അനുമതി രേഖകൾ ഇല്ലെന്നു കോടതി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമപ്രകാരം ആനൂകൂല്യത്തിന് അർഹതയുണ്ടെന്ന കമ്പനിയുടെ വാദവും തള്ളി. ഭൂപരിധി വ്യവസ്ഥ മറികടക്കാനുള്ള ഒഴിവുകൾക്കു വിദേശകമ്പനിക്ക് അർഹത ലഭിക്കുമോ എന്ന കാര്യം നിയമനിർമ്മാതാക്കൾ കാര്യമായി പരിഗണിച്ചിട്ടില്ല. കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇന്ത്യൻ കമ്പനിക്കുള്ള ആനുകൂല്യം കിട്ടത്തക്കവിധം 'വ്യക്തി'യുടെ ഗണത്തിൽ ഹാരിസൺ കമ്പനിയെ ഉൾപ്പെടുത്താനാവില്ല. ഭൂരഹിത കുടിയാന്റെ ഗണത്തിലും ഉൾപ്പെടുന്നില്ലെന്നു കോടതി വ്യക്തമാക്കി.

ഹാരിസൺ മലയാളം പ്ലാന്റേഷൻസിന് ഇന്ത്യയിൽ പ്രവർത്തിക്കാനോ സ്വത്ത് കൈവശംവെയ്ക്കാനോ കൈമാറ്റം ചെയ്യാനോ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ 40,000 ത്തോളം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചിരുന്നു. ഹാരിസൺ കമ്പനിയുടെ ഉത്ഭവം, ഇന്ത്യയിലെ പ്രവർത്തനം, കൈവശഭൂമികളുടെ നിജസ്ഥിതി എന്നിവ പരിശോധിച്ച സ്‌പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം കൈവശഭൂമിയിൽനിന്ന് ഒഴിയാൻ നോട്ടീസ് കൊടുത്തു. തുടർന്ന് ഭൂമി ഏറ്റെടുക്കാൻ നടപടിയാരംഭിച്ചു.

1923ൽ ഇംഗ്ലണ്ടിൽ ഇന്ത്യൻ കമ്പനി നിയമപ്രകാരം രജിസ്റ്റർചെയ്ത കമ്പനിക്ക് ഇന്ത്യയിൽ പ്രവർത്തനസ്വാതന്ത്ര്യം ഇല്ലെന്നായിരുന്നു സർക്കാർ വാദം. 1923ൽ ഇംഗ്ലണ്ടിൽ രജിസ്റ്റർചെയ്തുവെന്ന് വ്യാജരേഖകൾ കാണിച്ച് ഇവിടെ ഭൂമി കയ്യേറിയെന്നാണ് സർക്കാർ വാദം. 1947ലെ ഫെറ നിയമപ്രകാരം വിദേശ കമ്പനിക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ റിസർവ്വ് ബാങ്കിന്റെ അനുമതി വേണം. ഈ അനുമതി കമ്പനിക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തു കൈവശംവെയ്ക്കാനും വിദേശകമ്പനികളുടെ ഏജൻസിയോ ബ്രാഞ്ചോ ആയി പ്രവർത്തിക്കാനും അനുമതി കൊടുക്കേണ്ടത് റിസർവ്വ് ബാങ്കാണ്.

1947ലെ ഫെറ നിയമത്തിലെ സെക്ഷൻ 17, 18(എ) വകുപ്പുപ്രകാരവും 1973ലെ ഭേദഗതി നിയമത്തിലെ സെക്ഷൻ 28, 30, 31 എന്നിവ പ്രകാരവും ഹാരിസൺ കമ്പനി റിസർവ്വ് ബാങ്കിൽനിന്ന് അനുമതി വാങ്ങിയതായി രേഖകളില്ല. ഈ സാഹചര്യത്തിൽ വിദേശ കമ്പനിയെന്ന ഗണത്തിൽപ്പെടുത്താവുന്ന ഹാരിസൺ കമ്പനിക്ക് ഇന്ത്യയിൽ ബിസിനസ് നടത്താനോ, വസ്തു കൈവശംവെയ്ക്കാനോ പിന്നീട് വിൽക്കുന്നതിനോഉള്ള അവകാശം പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് ജസ്റ്റിസ് പി വി ആശ വ്യക്തമാക്കി.

ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ കൈമാറ്റം ചെയ്ത ചെറുവള്ളി, റിയ, ബോയ്‌സ്, അമ്പനാട് എസ്റ്റേറ്റുകളിലെ ഉൾപ്പെടെ ഭൂമി സംബന്ധിച്ച് 2014 നവംബർ 20നായിരുന്നു സർക്കാർരിന്റെ ഏറ്റെടുക്കൽ നടപടി. കമ്പനിയും മറ്റു തോട്ട ഉടമകളും നൽകിയ ഒരു കൂട്ടം ഹർജികൾ കോടതി പരിഗണിച്ചു. ഇതിനെതിരായാണ് ഹർജി നൽകിയത്. ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും വ്യാജരേഖ ചമച്ചു കൈമാറ്റം ചെയ്യുകയും ചെയ്തതായി റവന്യൂ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ സുശീല ഭട്ട് ആരോപിച്ചു. നോട്ടിസ് നൽകി കമ്പനിയുടെ വാദം കേട്ടും നടപടിക്രമങ്ങൾ പാലിച്ചുമാണു ഭൂമി തിരിച്ചെടുത്തതെന്നും ബോധിപ്പിച്ചു. ഭൂമി സർക്കാരിന്റേതാണെന്ന വാദം സർക്കാരിനും, ഭൂസംരക്ഷണ നിയമപ്രകാരം നടപടി പാടില്ലെന്നു കമ്പനിക്കും സിവിൽകോടതിയിൽ ഉന്നയിക്കാൻ തടസ്സമില്ലെന്നു കോടതി പറഞ്ഞു.

കമ്പനി, കൃഷിക്കെടുത്ത ഭൂമികൾ സ്വന്തമാക്കിയെന്നും അവയിൽ ചിലത് കൈമാറ്റം നടത്തിയെന്നുമാണ് സർക്കാരിന്റെ വാദം. ഭൂസംരക്ഷണ നിയമപ്രകാരമായിരുന്നു സർക്കാർ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP