Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവൺമെന്റ് പ്ലീഡർ പെൺകുട്ടിയെ കടന്നു പിടിച്ച വാർത്തയിൽ വൻ വഴിത്തിരുവുകൾ; പൊലീസും വക്കീലന്മാരും നേർക്കു നേർ; അഭിഭാഷകർ ഗുണ്ടായിസത്തിന് ശ്രമിച്ചതോടെ പത്രക്കാർക്കും ചൂടുകൂടി

ഗവൺമെന്റ് പ്ലീഡർ പെൺകുട്ടിയെ കടന്നു പിടിച്ച വാർത്തയിൽ വൻ വഴിത്തിരുവുകൾ; പൊലീസും വക്കീലന്മാരും നേർക്കു നേർ; അഭിഭാഷകർ ഗുണ്ടായിസത്തിന് ശ്രമിച്ചതോടെ പത്രക്കാർക്കും ചൂടുകൂടി

കൊച്ചി: സർക്കാർ അഭിഭാഷകൻ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ പെരുവഴിയിൽ കടന്നുപിടിച്ചെന്ന കേസ് വാർത്തയാക്കിയതിനെച്ചൊല്ലി ഹൈക്കോടതിയിലെ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചു. വാർത്ത മുഴുവൻ തെറ്റാണെന്നാണ് അഭിഭാഷകരുടെ നിലപാട്. പൊലീസിന് വേണ്ടി വാർത്ത എഴുതിയെന്നാണ് ആരോപണം.

കോടതിക്കുള്ളിൽ രണ്ടു മാദ്ധ്യമ പ്രവർത്തകർക്കു മർദനമേറ്റതോടെ സംഭവം ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ മുന്നിലെത്തി. ഇതിനിടെ മർദനമേറ്റെന്നാരോപിച്ച്ചില അഭിഭാഷകർ ആശുപത്രിയിൽ ചികിൽസ തേടി. കഴിഞ്ഞദിവസം എറണാകുളം കോൺവെന്റ് ജങ്ഷനിൽ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ വഴിയാത്രക്കാരിയെ കടന്നുപിടിച്ചെന്ന കേസിൽ അഭിഭാഷക അസോസിയേഷൻ ധനേഷിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച പ്രമേയം പാസാക്കാൻ അസോസിയേഷൻ തീരുമാനിച്ചെങ്കിലും ഭിന്നതയെത്തുടർന്ന് പ്രമേയം പാസായില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാണ് പ്രകോപനത്തിനു കാരണമെന്ന് കരുതുന്നു.

പത്രക്കാർ ആക്രമിക്കപ്പെടതോടെ വിവാദം ചൂടുപിടിക്കും. പൊലീസും ധനേഷ് മാത്യു മാഞ്ഞൂരാന് എതിരാണ്. കേസ് അട്ടിമറിക്കാൻ സർക്കാർ അഭിഭാഷകൻ ശ്രമിക്കുന്നതായി പൊലീസും ആരോപിക്കുന്നു. അതിനിടെ ഗവ. പ്ലീഡർ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. സർക്കാരിന്റെ വിശദീകരണം അറിയാൻ കേസ് നാളെ പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞുരാൻ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചത്. ജൂലൈ 14നു കോൺവന്റ് ജംക്ഷനടുത്തുണ്ടായ സംഭവത്തിൽ ഞാറയ്ക്കൽ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ, പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെയുള്ള സംഭവം ഉണ്ടായിട്ടില്ലെന്നു ഹർജിക്കാരൻ പറയുന്നു. മാല പൊട്ടിച്ച് ഓടിയ ആളെ പിൻതുടരുന്നതിനിടെ ആളുമാറിയതാണെന്നും പിടിയിലായതു ഗവൺമെന്റ് പ്ലീഡർ ആണെന്നു കണ്ടതോടെ കേസ് പൊലീസ് പറയുംപോലെയാക്കാൻ പരാതിക്കാരിയെ നിർബന്ധിച്ചതാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കീഴ്‌ക്കോടതി ജാമ്യഹർജി പരിഗണിക്കവെ, ആളുമാറിയതാണെന്നു പരാതിക്കാരി സത്യവാങ്മൂലം നൽകിയിരുന്നു. ഇക്കാര്യമറിഞ്ഞതോടെ പൊലീസ് കൊച്ചി മജിസ്‌ട്രേട്ട് കോടതിയിൽ പരാതിക്കാരിയെ കൊണ്ടുചെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും കോടതി ഇടപെട്ടു കേസ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.

ധനേഷ് മാത്യു കേസ് റദ്ദാക്കാൻ നൽകിയ ഹർജിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ 'ഡെക്കാൺ ക്രോണിക്കിൾ' ലേഖകനെതിരെ തുടങ്ങിയ അസഭ്യവർഷം പിന്നീട് മറ്റു മാദ്ധ്യമ പ്രവർത്തകർക്കെതിരെയും തിരിഞ്ഞു. ഇതെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ആക്ടിങ് ചീഫ് ജസ്റ്റിസിനും ഹൈക്കോടതി രജിസ്റ്റ്രാർക്കും അഡ്വക്കറ്റ് ജനറലിനും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമ പ്രവർത്തകർ പത്രസമ്മേളനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി ഖേദം പ്രകടിപ്പിച്ചു. എന്നാൽ, ഇതിനു ശേഷവും ഒരുകൂട്ടം അഭിഭാഷകർ ഹൈക്കോടതിയിലെ മീഡിയാ റൂമിനു പുറത്തെത്തി മാദ്ധ്യമ പ്രവർത്തകർക്കു നേരെ അസഭ്യവർഷം നടത്തി.

ദൃശ്യമാദ്ധ്യമങ്ങൾക്കു റിപ്പോർട്ട് ചെയ്യുന്ന ചില അഭിഭാഷകർക്കു നേരെയും രോഷപ്രകടനമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ മാദ്ധ്യമ പ്രവർത്തകർക്കു നേരെ കയ്യാങ്കളിയായി. കൃത്യനിർവഹണത്തിനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കു നേരെ പ്രകോപനമൊന്നുമില്ലാതെ അസഭ്യവർഷവും ഭീഷണിയും കയ്യാങ്കളിയും പുറത്തെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നു മാദ്ധ്യമ പ്രവർത്തക സംഘം ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെ കണ്ടു പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫിസിലേക്കു കെയുഡബ്ല്യുജെയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനു നേരെയും അഭിഭാഷകർ അക്രമത്തിനു മുതിർന്നു.

അഭിഭാഷകൻ സ്ത്രീയെ കടന്നുപിടിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് എതിരാണെന്ന് സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് അഭിഭാഷകർ രണ്ടുതട്ടിലായി. സെൻട്രൽ സ്‌റ്റേഷനിലേക്ക് ഉച്ചയ്ക്ക് നടത്താനിരുന്ന മാർച്ച് ഇതോടെ മാറ്റിവയ്ക്കുകയും ചെയ്തു. പിന്നീട് മാദ്ധ്യമപ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം വിശദീകരിക്കാൻ അഭിഭാഷക അസോസിയേഷൻ പത്രസമ്മേളനം വിളിച്ചെങ്കിലും മാദ്ധ്യമ പ്രവർത്തകർ ബഹിഷ്‌കരിച്ചു. ഇതേത്തുടർന്ന് ഇന്ന് അഭിഭാഷക അസോസിയേഷന്റെ അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്.

അതിനിടെ ധനേഷ് മാഞ്ഞൂരാനെ കള്ളക്കേസിൽ കുടുക്കിയതല്ലെന്നും പീഡന വിവരം വാർത്തയായതോടെ ധനേഷ് മാഞ്ഞൂരാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു യുവതിയെക്കൊണ്ട് ഒരു പ്രസ്താവനയിൽ ഒപ്പുവയ്‌പ്പിക്കുകയും ഈ പ്രസ്താവന സത്യവാങ്മൂലമായി കോടതിയിൽ ഹാജരാക്കിയാണ് ധനേഷ് മാഞ്ഞൂരാൻ ജാമ്യം നേടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇംഗ്ലീഷ് അറിയാത്ത തന്നെ തെറ്റിദ്ധരിപ്പിച്ച ഒപ്പിടുവിച്ചാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നു മൊഴി നൽകിയതെന്ന് യുവതി പറഞ്ഞതായും പൊലീസ് അറിയിച്ചു.

ഇതോടെ പൊലീസ് സ്‌റ്റേഷൻ മാർച്ചിൽനിന്നു പിന്മാറണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം ആവശ്യമുയർത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് ഹൈക്കോടതി പരിസരത്തുനിന്നു മാർച്ച് ആരംഭിക്കുമെന്നായിരുന്നു അഭിഭാഷക സംഘടനയുടെ മുൻ പ്രഖ്യാപനം. മാർച്ച് നേരിടാൻ വിപുലമായ സന്നാഹങ്ങളായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. ജലപീരങ്കിയും ബാരിക്കേഡുകളുമടക്കമുള്ള മുൻകരുതലുകളോടെ പൊലീസ് രണ്ടുമണിവരെ കാത്തു നിന്നെങ്കിലും പ്രതിഷേധിക്കാൻ ആരുമെത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP