Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണം പ്രാഥമിക അവകാശമെന്നു വിലയിരുത്തി മദ്രാസ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതിനു പിന്നാലെ കേന്ദ്ര വിജ്ഞാപനത്തെ പൂർണമായും അംഗീകരിച്ച് കേരള ഹൈക്കോടതി; എവിടെയാണു മൗലികാവകാശങ്ങളുടെ ലംഘനം? പ്രതിഷേധങ്ങൾ വിജ്ഞാപനം മുഴുവനായി വായിച്ചു നോക്കാത്തതിനാൽ; മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ അദ്ഭുതപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ്

ഭക്ഷണം പ്രാഥമിക അവകാശമെന്നു വിലയിരുത്തി മദ്രാസ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതിനു പിന്നാലെ കേന്ദ്ര വിജ്ഞാപനത്തെ പൂർണമായും അംഗീകരിച്ച് കേരള ഹൈക്കോടതി; എവിടെയാണു മൗലികാവകാശങ്ങളുടെ ലംഘനം? പ്രതിഷേധങ്ങൾ വിജ്ഞാപനം മുഴുവനായി വായിച്ചു നോക്കാത്തതിനാൽ; മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ അദ്ഭുതപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ്

കൊച്ചി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തെ പിന്തുണച്ച് കേരള ഹൈക്കോടതി. വിജ്ഞാപനത്തിൽ എവിടെയാണു മൗലീകാവകാശങ്ങളുടെ ലംഘനമെന്നും എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാകുന്നതെന്നും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചോദിച്ചു. കേന്ദ് വിജ്ഞാപനം സ്റ്റേ ചെയ്തുകൊണ്ട് ഇന്നലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷ പരാമർശങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമർപ്പിച്ച ഹർജി പിൻവലിച്ചു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കള്ളപ്രചരണത്തിനാണ് ഹൈക്കോടതി അന്ത്യംകുറിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

കേന്ദ്രത്തിന്റെ വിജ്ഞാപനം എന്തുഭക്ഷണം കഴിക്കണമെന്ന മനുഷ്യന്റെ മൗലീകാവകാശത്തിൽ ഇടപെടലാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്നലെ നിരീക്ഷിച്ചിരുന്നു. ഇതിൽ ഇടപെടാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും രണ്ടു പൊതു താത്പര്യ ഹർജികൾ പരിഗണിക്കവേ കോടതി ചോദിച്ചു. തുടർന്ന് തമിഴ്‌നാട് സംസ്ഥാനത്ത് നാല് ആഴച്ക്കാലത്തേയ്ക്ക് കേന്ദ്ര വിജ്ഞാപനം നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഏതു സഹാചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നു വിശദീകരണം നല്കാനും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് കേരള ഹൈക്കോടതിയിൽനിന്ന് കടകവിരുദ്ധമായ വിധി ഉണ്ടായിരിക്കുന്നത്.

കേന്ദ്രവിജ്ഞാപനം വായിച്ചുപോലും നോക്കാതെയാണ് ആളുകൾ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. കന്നുകാലിച്ചന്തകളിൽ മാടുകളെ കശാപ്പിനായി വിൽക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്നും ആളുകൾക്ക് വീട്ടിൽ വളർത്തുന്ന കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിൽ എവിടെയാണ് മൗലികാവകാശങ്ങളുടെ ലംഘനം, എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാവുന്നത്. വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകൾ പ്രതിഷേധവുമായി ഇറങ്ങുന്നത്.... ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

കേന്ദ്രവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടിഎസ് സജി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരമാർശങ്ങളുണ്ടായത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനത്തെ തുടർന്ന് സജി തന്റെ ഹർജി പിൻവലിക്കുകയും ചെയ്തു. ബീഫ് കള്ളപ്രചരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു. സിപിഎമ്മും കോൺഗ്രസും കള്ളപ്രചരണം നടത്തി തെറ്റിദ്ധാരണ പരത്തുകയാണ്. ബിജെപിയുടെ നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്നുകാലിച്ചന്തകളിലെ വിൽപനയാണ് നിരോധിച്ചതെന്നും ഒരാൾക്ക് താൻ വളർത്തുന്ന കന്നുകാലികളെ വിൽക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിൽക്കുന്നതിനോ കേന്ദ്ര വിജ്ഞാപനം നിരോധനമേർപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടിൽ വളർത്തുന്ന കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനും വിജ്ഞാപനത്തിൽ തടസ്സമില്ല. കന്നുകാലികളെ കൂട്ടത്തോടെ ചന്തയിലെത്തിച്ച് വിൽക്കുന്നതാണ് വിജ്ഞാപനത്തിലൂടെ തടഞ്ഞിരിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാതെയാണ് ഇവിടെ പ്രതിഷേധം അരങ്ങേറുന്നത് - കോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്ത നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്രവിജ്ഞാപനത്തോടുള്ള തങ്ങളുടെ നിലപാട് ഹൈക്കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ സംസ്ഥാനം ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത കുറവാണ്. നേരത്തേ, സംസ്ഥാനപരിധിയിൽ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് കേരള സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രസർക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന കാര്യവും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP