Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ സഭാ കേസിൽ പൊലീസും സർക്കാറിനും കോടതിയുടെ കടുത്ത വിമർശനം; എഫ്‌ഐആർ ഇടാൻ വൈകിയത് എന്തേയെന്ന് ചോദ്യം; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും ചോദ്യം; അവധി ദിവസമായതിനാലാണ് പ്രശ്‌നമെന്ന് വാദിച്ച് സർക്കാർ അഭിഭാഷകനോട് അതിൽ എന്താണ് പ്രശ്‌നമെന്നും കോടതിയുടെ ചോദ്യം

സീറോ മലബാർ സഭാ കേസിൽ പൊലീസും സർക്കാറിനും കോടതിയുടെ കടുത്ത വിമർശനം; എഫ്‌ഐആർ ഇടാൻ വൈകിയത് എന്തേയെന്ന് ചോദ്യം; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും ചോദ്യം; അവധി ദിവസമായതിനാലാണ് പ്രശ്‌നമെന്ന് വാദിച്ച് സർക്കാർ അഭിഭാഷകനോട് അതിൽ എന്താണ് പ്രശ്‌നമെന്നും കോടതിയുടെ ചോദ്യം

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ സംസ്ഥാന സർക്കാറിനും പൊലീസിനും കടുത്ത വിമർശനവുമായി കോടതി. കർദിനാൾ അടക്കം കോടതി കേസെടുക്കാൻ നിർദേശിക്കുന്നവർക്കെതിരെ കേസെടുക്കാൻ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. എഫ്‌ഐആർ ഇടാൻ നാലു ദിവസമാണ് വൈകിയത്. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും കോടതി ചോദിച്ചു. അവധി ദിവസമായതിനാലാണ് എഫ്‌ഐആർ ഇടാൻ വൈകിയതെന്ന് വാദിച്ച സർക്കാർ അഭിഭാഷകനും കോടതി വിമർശിച്ചു. അതിൽ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ.ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ വൈകിയതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാൻ കോടതി നിർദേശിച്ചതിന് ശേഷം നിയമോപദേശം തേടിയത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമെന്നും ജസ്റ്റിസ് കെമാൽപാഷ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.

സംഭവം വിവാദമായതിനത്തുടർന്ന് തിങ്കളാഴ്ചയാണ് കർദിനാളിനെതിരെ പൊലീസ് കേസെടുത്തത്. കർദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും പൊലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കർദിനാളിനും സഹപ്രവർത്തകർക്കും നിമയനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതിയിൽ പോകാൻ പൊലീസ് അവസരം നൽകുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും മറ്റ് രണ്ട് വൈദികർക്കും ഇടനിലക്കാരനുമായ സാജു വർഗീസിനുമെതിരെ പൊലീസ് കേസെടുത്തത്. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

മേജർ ആർച്ച് ബിഷപ്പ് ഭൂമിവിൽപ്പനയ്ക്ക് രണ്ട് സമിതികളുടെ അനുമതി നേടിയെന്നും ഭൂമി മുറിച്ച് വിൽക്കരുതെന്നുള്ള സമിതിയുടെ മാർഗനിർദ്ദേശം ലംഘിക്കപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമിവിൽപ്പനയിൽ 26 കോടി രൂപ ലഭിക്കേണ്ടിയിരുന്നു. എന്നാൽ, എട്ടുകോടി മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിലെത്തിയത്്. അതിരൂപത അന്വേഷണകമീഷൻ മേജർ ആർച്ച്ബിഷപ്പടക്കം നാലുപേർ വിശ്വാസവഞ്ചന നടത്തിയതായി കണ്ടെത്തി. രൂപതയുടെ തീരുമാനം ഇടവകാംഗങ്ങൾക്ക് ചോദ്യംചെയ്യാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ ഭൂമി രൂപതയുടെ പേരിലേക്ക് മാറ്റംചെയ്യുമ്പോൾ ഇടനിലക്കാരനായ സാജു വർഗീസിന് 25 ലക്ഷം വാഗ്ദാനം ലഭിച്ചതായി തെളിവുണ്ട്.

കാനോനിക നിയമപ്രകാരം സഭയുടെ സ്വത്തിന്റെ പരമാധികാരി മാർപ്പാപ്പയാണെന്ന വാദവും കോടതി തള്ളി. കാനോനിക നിയമം രാജ്യത്തെ സിവിൽനിയമത്തിന് അതീതമല്ല. സഭാസ്വത്ത് ആർച്ച് ബിഷപ്പിന്റേതല്ല. ബിഷപ്പുമാർക്ക് പ്രത്യേക വരുമാനം ഇല്ല. ഇടവകാംഗങ്ങളുടെ പണംകൊണ്ടാണ് സഭ സ്വത്ത് സമ്പാദിച്ചത്. കാനോനിക നിയമപ്രകാരം ആർച്ച്ബിഷപ് രാജാവാണെന്നും ചോദ്യംചെയ്യാനാകില്ലെന്നുമുള്ള വാദവും കോടതി തള്ളി. രാജാവായാലും നിയമത്തിന് അതീതനല്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ കേസെടുക്കണം. സഭയുടെ ആഭ്യന്തരകാര്യംമാത്രമാണെന്ന് പറഞ്ഞ് പൊലീസിന് ഒഴിവാകാനാകില്ല. സിവിൽതർക്കം മാത്രമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP