Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീഅത്ത് നിയമം സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; നിയമത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെയെന്ന് ഡിവിഷൻ ബെഞ്ച്

ശരീഅത്ത് നിയമം സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; നിയമത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെയെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: രാജ്യത്ത് നടപ്പാക്കുന്ന ശരീഅത്ത് നിയമം സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശവും പിന്തുടർച്ചാവകാശവും സംബന്ധിച്ച് നടപ്പാക്കുന്നതാണ് ശരീഅത്ത് നിയമം.

നിയമത്തിലെ വ്യവസ്ഥകൾ സ്ത്രീകളോടുള്ള വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്നു കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. പൊതുതാൽപര്യ ഹർജിയിലൂടെ ഹൈക്കോടതിക്ക് ഇടപെടാവുന്ന വിഷയമല്ല ഇതെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

നിയമത്തിൽ അപാകതയുണ്ടെങ്കിൽ നിയമനിർമ്മാണസഭയാണ് ഭേദഗതി പരിഗണിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിലനിൽക്കുന്ന ശരീഅത്ത് നിയമപ്രകാരം മുസ് ലിം സ്ത്രീകൾ വിവേചനം നേരിടുകയാണെന്നും തുല്യമായ സ്വത്തവകാശം ലഭിക്കുന്നില്ലെന്നും കാട്ടി നൽകിയ ഹർജി പരിഗണികളകവെയാണ് കോടതിയുടെ നിരീക്ഷണം.

ഖുർആൻ സുന്നത്ത് സൊസൈറ്റി, മുസ്‌ലിം വിമൻസ് ഫോറം, ഹ്യൂമനിസ്റ്റ് സെന്റർ, എം.സി. റാബിയ എന്നിവരാണ് ഹർജിക്കാർ. മുസ്ലിം പിന്തുടർച്ചാവകാശ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21, 25 ന്റെ ലംഘനമാണെന്നും ഖുർആൻ ദുർവ്യാഖ്യാനം ചെയ്താണ് മുസ്ലിം വ്യക്തിനിയമം ഉണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ ഖുറൈശി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ, നദുവത്തുൽ മുജാഹിദീൻ ജന. സെക്രട്ടറി അബ്ദുൽ ഖാദർ മൗലവി, മുസ്ലിം ജമാഅത്ത് കൗൺസിൽ ജന. സെക്രട്ടറി അഡ്വ. പൂക്കുഞ്ഞ്, ഫിയറ്റ് ജസ്റ്റീഷ്യ ഭാരവാഹി അഡ്വ. പി.ഫൈസൽ തുടങ്ങിയവർ ഹർജിയിൽ കക്ഷിചേർന്നിരുന്നു.

മുസ്ലിം പെൺകുട്ടികൾക്ക് സ്വത്തവകാശം നൽകുന്നതിൽ വലിയ വിവേചനമുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. ശരീഅത്ത് വ്യവസ്ഥയനുസരിച്ച് പിതാവിന്റെ മരണശേഷം സ്വത്ത് മകനും മകൾക്കും തുല്യമായി വീതിക്കാനാകില്ല. ആകെയുള്ള സ്വത്തിന്റെ കൂടുതൽ പങ്കും മകന് നൽകാനാണ് വ്യവസ്ഥ.
മകൾ മാത്രമാണ് ഉള്ളതെങ്കിൽ പിതാവിന്റെ കാലശേഷം സ്വത്ത് പിതാവിന്റെ ബന്ധുക്കൾക്ക് പോകുമെന്നിരിക്കേ മകൻ മാത്രമാണുള്ളതെങ്കിൽ അത് പൂർണമായും അയാൾക്കുതന്നെ ലഭിക്കുന്ന വ്യവസ്ഥയാണുള്ളത്. ഇത് വിവേചനപരവും ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

മുസ്ലിം സമുദായം സ്വത്തവകാശവുമായി ബന്ധപ്പെട്ട് മുസ്ലിം വ്യക്തിനിയമമാണ് (ശരീഅത്ത്) ഇന്ത്യയിൽ പിന്തുടരുന്നതെന്നായിരുന്നു ഹർജിയിൽ കേന്ദ്രസർക്കാറിന്റെ വിശദീകരണം. വ്യക്തിനിയമം ശരീഅത്ത് പ്രകാരമുള്ളതും നിയമാനുസൃതവുമാണ്.

പൊതുതാൽപര്യ ഹരജിയിലൂടെ ശരീഅത്ത് നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ഭേദഗതി വരുത്തണമെങ്കിൽ നിയമനിർമ്മാണത്തിലൂടെ വേണം നടപ്പാക്കാൻ. അതേസമയം, മുസ്ലിം സമുദായത്തിൽനിന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടാൽ മാത്രമെ ഇത്തരത്തിൽ നിയമനിർമ്മാണത്തിന് കഴിയൂ. നിലവിൽ അത്തരമൊരു ആവശ്യമില്ലാത്തതിനാൽ, ഇക്കാര്യത്തിൽ നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്നും വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP