ഇടമലയാർ ആനവേട്ടകേസിൽ 21 ന് വാദം തുടങ്ങും; രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പു വേട്ടയിൽ പ്രതികളായത് നൂറിലേറെ പേർ; ഒരു പ്രതി ഇപ്പോഴും റിമാൻഡിൽ; കോടതി ച്ചെലവ് താങ്ങാനാവാത്തതിനാൽ ജാമ്യം വേണ്ടെന്നു വച്ചതായി അജി ബ്രൈറ്റ്
June 09, 2017 | 01:56 PM IST | Permalink

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ഇടമലയാർ ആനവേട്ടകേസിൽ ഈമാസം 21-ന് കോതമംഗലം കോടതിയിൽ വാദം ആരംഭിക്കും. ഇതു സംബന്ധിച്ച അഞ്ചു കേസുകളിലാണ് കോതമംഗലം കോടതിയിൽ വാദം നടക്കുക. തുണ്ടം റെയ്ഞ്ചിലെ ഭൂതത്താൻകെട്ട് ഫോറസ്റ്റ് സ്‌റ്റേഷനിൽ ചാർജ്ജ് ചെയ്യപ്പെട്ട കേസിലെ രണ്ടു സാക്ഷികൾക്കാണ് 21 -ന് ഹാജരാവണമെന്നാവശ്യപ്പെട്ട് സമൻസ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കേസുകളിലെ മുഴുവൻ പ്രതികളും അഭിഭാഷകർ മുഖേന കോടതിയിൽ ഹാജരായിരുന്നു.പതിനാല് ദിവസം പിന്നിടുമ്പോൾ കോടതിക്ക് മുമ്പാകെ ഹാജരാവണമെന്ന ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നു ഇത്. കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റ് ഇപ്പോഴും റിമാന്റിലാണ്. ജാമ്യം വേണ്ടെന്ന് വച്ചാണ് ഇയാൾ ഇപ്പോഴും റിമാൻഡിൽ കഴിയുന്നത്. നൂറിലേറെ പ്രതികളുള്ള കേസിൽ റിമാൻഡിലുള്ള ഏക പ്രതിയും ഇയാളാണ്.
ഓരോ തവണയും കോടതിയിൽ എത്തുന്നതിനുള്ള ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇയാൾ ജാമ്യം വേണ്ടെന്ന് വച്ചതെന്നാണ് ബന്ധുക്കൾ പുറത്തു വിട്ടിട്ടുള്ള വിവരം. വനംവകുപ്പിന്റെ കസ്റ്റഡിയിൽ വാരിയെല്ലിനും മറ്റും സാരമായി പരിക്കേറ്റ ഇയാൾ ഏറെ നാൾ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യംകൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു.
1/15 ഇടമലയാർ എഫ് എസ്, 2/15 ഇടമലയാർ എഫ് എസ 2/15 ഭൂതത്താൻകെട്ട് എഫ് എസ് എന്നീ ഫയൽ നമ്പറിലുള്ള തുണ്ടംഫോറസ്റ്റ് റെയിഞ്ചോഫീസ് പരിധിയിൽ നിന്നും ചാർജ്ജ് ചെയ്യപ്പെട്ട കേസുകളിലേയും ഇടമലയാർ റെയിഞ്ചിൽ ചാർജ്ജ് ചെയ്യപ്പെട്ട 1/15 പെരുംമുഴി എഫ് എസ് ,2/15 പെരുംമുഴി എഫ് എസ് എന്നീഫയൽ നമ്പർ പ്രകാരമുള്ള കേസുകളിലാണ് കോതമംഗലം കോടതിയിൽ വാദം നടക്കുക.
41, 29, 9 എന്നിങ്ങനെയാണ് തുണ്ടം റെയിഞ്ചിൽ ചാർജ് ചെയ്യപ്പെട്ട കേസുകളിലെ പ്രതികളുടെ എണ്ണം. ഇടമലയാർ ഫോറസ്റ്റ് സ്‌റ്റേഷനിലേ രണ്ടുകേസുകളിലായി 18 പേർ പ്രതികളാണ്. ആദ്യം ചാർജ് ചെയ്യപ്പെട്ട 1/15 ഇടമലയാർ എഫ് എസ് കേസിലാണ് അന്താരാഷ്ട്ര ആനകൊമ്പ് കടത്തിലെ പ്രധാന കണ്ണികളായ ഈഗിൾ രാജൻ , ഉമേഷ് അഗർവാൾ എന്നിവർ അറസ്റ്റിലാവുന്നത്.
ഈ കേസിൽ ഡൽഹിയിൽ നിന്നും 500 കിലോയോളം ആനക്കൊമ്പും അന്വേഷകസംഘം കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും ഇതാണ്. കേസിലെ പ്രതി ഉമേഷ് അഗർവാളിന്റെ ഗോഡൗണിൽ നിന്നാണ് ആനക്കൊമ്പ് ശേഖരം കണ്ടെടുത്തത്.