Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി ഭരണഘടനാ ബഞ്ചിന്; ഹർജി പരിഗണിക്കുക ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബഞ്ച്; കൊളീജിയം അംഗങ്ങളെ ബഞ്ചിൽ നിന്നൊഴിവാക്കി; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വമേധയാ ഇടപെട്ടത് ജസ്റ്റിസ് ചെലമേശ്വർ നാളെ ഹർജി പരിഗണിക്കാനിരിക്കെ; രണ്ടു കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചത് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതോടെ

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി ഭരണഘടനാ ബഞ്ചിന്; ഹർജി പരിഗണിക്കുക ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബഞ്ച്;  കൊളീജിയം അംഗങ്ങളെ ബഞ്ചിൽ നിന്നൊഴിവാക്കി; ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വമേധയാ ഇടപെട്ടത് ജസ്റ്റിസ് ചെലമേശ്വർ നാളെ ഹർജി പരിഗണിക്കാനിരിക്കെ; രണ്ടു കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചത് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി രണ്ടാഴ്ച പിന്നിട്ടപ്പോൾ തീരുമാനത്തെ ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയെ സമീപിച്ചു.ഹർജി പരിഗണിക്കാൻ ആദ്യം ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ചിനെയാണ് ആദ്യം സമീപിച്ചതെങ്കിലും അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ ബഞ്ചിനെ സമീപിക്കാൻ നിർദ്ദേശിച്ചു.അഞ്ചംഗ ഭരണഘടനാ ബഞ്ച ഹർജി കേൾക്കും.

ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും. എസ്.എ.ബോബ്ദെ, എൻ.വി.രമണ, അരുണ് മിശ്ര, എ.കെ.ഗോയൽ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള കൊളീജിയം അംഗങ്ങൾ ബഞ്ചിലുണ്ടാവില്ല. ചെലമേശ്വർ നാളെ ഹർജി കേൾക്കാനിരിക്കെയാണ് ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്.

പഞ്ചാബിൽ നിന്നുള്ള പ്രതാപ് സിങ് ബജ്വ,ഗുജറാത്തിൽ നിന്നുള്ള അമീ ഹർഷാേ്രദ യാഗ്നിക് എന്നിവരാണ് വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്. ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായ എംപിമാരുടെ ഒപ്പോടെ സമർപ്പിച്ചാൽ, രാജ്യസഭാ ചെയർമാന് അന്വേഷണ സമിതിയെ നിയോഗിക്കുകയല്ലാതെ തരമില്ലെന്നാണ് എംപിമാരുടെ ഹർജിയിൽ പറയുന്നത്.പ്രമേയത്തെ നായിഡു കൈകാര്യം ചെയ്ത രീതിയെയും ഹർജിയിൽ ചോദ്യം ചെയ്തു.ഏപ്രിൽ 20 ന് പ്രതിപക്ഷ എംപിമാർ നൽകിയ പ്രമേയ നോട്ടീസ് 24 ന് നായിഡു തള്ളിയിരുന്നു.

ജസ്റ്റിസ് ചെലമേശ്വരറിനെ ഹർജിയുമായി സമീപിച്ചെങ്കിലും, റോസ്റ്റർ ചുമതല ചീഫ് ജസ്റ്റിസിനാണെന്ന് ഭരണഘടനാ ബഞ്ചിന്റെ വിധിയുള്ളതിനാൽ അദ്ദേഹത്തെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്.ചീഫ് ജസ്റ്റിസിനെതിരെയാണ് ഇംപീച്ചമെന്റ് നോട്ടീസ് എന്ന കാരണത്താൽ,സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ഇക്കാര്യം ലിസ്റ്റ് ചെയ്യുന്നതവും ഉചിതമെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു.എന്നാൽ, ജസ്റ്റിസ് എസ്.കെ.കൗൾ കൂടി അടങ്ങുന്ന ബഞ്ച് ഇക്കാര്യത്തിൽ ഉത്തരവൊന്നും ഇറക്കിയില്ല. ചൊവ്വാഴ്ച കോടതിയെ സമീപിക്കാനാണ് ബെഞ്ച് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഹർജി ഭരണഘടനാ ബഞ്ച് പരിഗണിക്കുമെന്ന അറിയിപ്പ് വന്നത്.

രാജ്യസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരായി ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുന്നതിന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാർ പൊതു ചർച്ച നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. പ്രധാനമായും ഈ രണ്ട് കാരണങ്ങളാണ് പ്രമേയം തള്ളുന്നതിന് ചൂണ്ടിക്കാട്ടിയത്.

അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സുപ്രീം കോടതി മുൻ ജഡ്ജി വി. സുദർശൻ റെഡ്ഡി, മുൻ നിയമസെക്രട്ടറി പി.കെ മൽഹോത്ര, മുൻ ലജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ് തുടങ്ങിയവരുമായും മറ്റു നിയമജ്ഞരുമായും ഇംപീച്ച്മെന്റ് സംബന്ധിച്ച നിയമ വശങ്ങൾ വെങ്കയ്യ നായിഡു ചർച്ചചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രമേയം തള്ളാൻ തീരുമാനിച്ചത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏഴ് പ്രതിപക്ഷപാർട്ടികളിലെ 71 അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നൽകിയിരുന്നത്. കോൺഗ്രസ്, എൻ.സി.പി., സിപിഐ., സിപിഎം., സമാജ് വാദി പാർട്ടി (എസ്‌പി.), ബഹുജൻ സമാജ് പാർട്ടി (ബി.എസ്‌പി.), മുസ്ലിംലീഗ് പാർട്ടികളിലെ രാജ്യസഭാംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ച് നോട്ടീസിൽ ഒപ്പിട്ടത്. തുടക്കത്തിൽ പിന്തുണച്ചിരുന്ന ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി. പാർട്ടികളിൽപ്പെട്ടവർ പ്രമേയത്തിൽ ഒപ്പിട്ടിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP