Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്രങ്ങളെയും ചാനലുകളെക്കാളും അപകടകാരി വെബ്‌പോർട്ടലുകളെന്ന് കേന്ദ്രസർക്കാർ; ശബ്ദിക്കുന്നവരെ പ്രതിയാക്കുന്ന ഐടി ആക്ടിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കുമോ?

പത്രത്തിലോ ചാനലിലോ അപകടം വിതയ്ക്കുന്നതോ സ്പർധയുണ്ടാക്കുന്നതോ ആയ ഒരു വാർത്ത വന്നാൽ അതാതിന്റെ ഓഫീസുകളിൽ പോയി മുന്നറിയിപ്പ് നൽകുകയോ വിലക്കേർപ്പെടുത്തുകയോ ചെയ്യാം. എന്നാൽ ലോകത്തിന്റെ ഏതോ കോണിലിരുന്ന് ഒരു വെബ്‌പോർട്ടലിൽ അപകടകരമായ ഒരു കണ്ടന്റോ ചിത്രമോ ഒരാൾ പോസ്റ്റ് ചെയ്താൽ എന്തു ചെയ്യും...?. കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയിൽ ഈ ആശങ്ക പങ്ക് വച്ചിരിക്കുന്നത്. അതായത് പത്രങ്ങളെയും ചാനലുകളെക്കാളും അപകടകാരി വെബ്‌പോർട്ടലുകളാണെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം. അതിനാൽ ഇവയുടെ പ്രവർത്തനങ്ങൾക്ക് മൂക്ക് കയറിടുന്ന ഐടി ആക്ടിലെ വകുപ്പായ സെക്ഷൻ 66എ നിലനിർത്തണമെന്നാണ് സർക്കാർ വാദിക്കുന്നത്. ഇത് സുപ്രീംകോടതി റദ്ദാക്കുമോ അതല്ല നിലനിർത്തുമോ എന്ന കാര്യത്തിൽ അനിശ്ചിത്ത്വം നിലനിൽക്കുകയാണ്.

ഇന്റർനെറ്റിന്റെ വ്യാപ്തിയും സ്വാധീനവും വളരെ വ്യാപകമാണെന്നും അതിനാൽ പത്രങ്ങളും ചാനലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇതിന് മുകളിലുള്ള നിയന്ത്രണം ഉയർത്തേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. പത്രങ്ങളെയും ചാനലുകളെയും പോലെ വെബ് ലോകത്തിന് ഒരു സ്ഥാപനരൂപമുണ്ടാകാറില്ലെന്നും അതിനാൽ ഈ മീഡിയത്തെ പരിശോധിക്കാനും നിയന്ത്രിക്കാനും ഒരു മെക്കാനിസം ആവശ്യമാണെന്നും ഇല്ലെങ്കിൽ ഇതിനെ നിയന്ത്രിക്കാവില്ലെന്നും സർക്കാർ പറയുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് ഇക്കാര്യങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

പത്രമായാലും ചാനലുകളായാലും സിനിമയായാലും സ്ഥാപനവൽക്കരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ അവയെ സ്ഥാപനപരമായി സമീപിക്കാമെന്നും പ്രീസെൻസർഷിപ്പ് പോലുള്ള മാർഗങ്ങളാൽ ടെലിവഷനെയും സിനിമയെയും നിയന്ത്രിക്കാനാവുമെന്നും തുഷാർ മെഹ്ത്ത പറഞ്ഞു. എന്നാൽ ഇന്റർനെറ്റ് തികച്ചും വ്യക്തിപരമായ പ്രവർത്തനമാണെന്നും അതുമായി ബന്ധപ്പെട്ട് പരിശോധനകളോ ലൈസൻസോ ഇല്ലെന്നും ജസ്റ്റിസുമാരായ ജെ.ചെല്ലമേശ്വർ, റോഹിൻടൻ ഫാലി നരിമാൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ മേഹ്ത്ത ബോധിപ്പിച്ചു. സംസാരത്തിനും പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം മാദ്ധ്യമങ്ങൾക്കനുസരിച്ച് മാറുമെന്നും ഉയർന്ന തലത്തിലുള്ള നിയന്ത്രണം വെബിന് ആവശ്യമാണെന്നും മെഹ്ത്ത പറഞ്ഞു.

ഇന്റർനെറ്റിൽ ഓരോ വ്യക്തിയും ഡയറക്ടറും പ്രൊഡ്യൂസറും ബ്രോഡ്കാസ്‌റററുമാണെന്നും അവർക്ക് അപകടകരമായ മെറ്റീരിയലുകൾ ഒറ്റ ക്ലിക്കിലൂടെ ലക്ഷക്കണക്കിന് പേർക്ക് അയക്കാനാകുമെന്നതും ഗൗരവത്തോടെ കാണണമെന്നാണ് മെഹ്ത്ത സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.അതുപോലെത്തന്നെ ഒരാളുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ നുഴഞ്ഞു കയറാൻ ഇന്റർനെറ്റിലൂടെ സാധിക്കുമെന്ും മെഹ്ത്ത പറഞ്ഞു. ഇന്റർനെറ്റിൽ മോർഫ് ചെയ്ത ചിത്രങ്ങളിട്ട് പ്രചരിപ്പിച്ച് വ്യാജവാർത്തകൾ പരത്തുന്നത് സമൂഹത്തിൽ അരാജകത്വം എളുപ്പത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം ബോധിപ്പിച്ചു. സംസാരം സ്വാതന്ത്ര്യവും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവു ഉറപ്പ് വരുത്തുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 19(2) വിന്റെ പരിധിയിൽ നിന്ന് കൊണ്ടുള്ള യുക്തിസഹമായ നിയന്ത്രണം ഏർപ്പെടുത്താമെന്ന് ബെഞ്ച് പറഞ്ഞു.

വിവിധ മാദ്ധ്യമങ്ങൾക്കനുസരിച്ച് ഇത്തരം നിയന്ത്രണങ്ങൾ വ്യത്യസ്തമായി ഏർപ്പെടുത്താനവില്ലെന്നും കോടതി പറഞ്ഞു. ഓരോന്നിന്റെയും വ്യാപ്തിയും സ്വാധീനവുമനുസരിച്ച് വ്യത്യസ്ത മാദ്ധ്യമങ്ങൾക്ക് വ്യത്യസ്മായ നിയന്ത്രണങ്ങൾ ആകാമെന്ന് സുപ്രീം കോടതി മുൻ വിധികളിൽ പരാമർശിച്ചത് മെഹ്ത്ത എടുത്തു കാട്ടുകയുമുണ്ടായി. ഐടി നിയമത്തിലെ സെക്ഷൻ 66 എ തുടരണമെന്നും മെഹ്ത്ത വാദിച്ചു. ഇതനുസരിച്ച് പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കും സന്ദേശങ്ങൾ അയക്കുന്നവർക്കും മൂന്ന് വർഷത്തിന് മുകളിൽ ജയിൽശിക്ഷ ലഭിക്കും. സെക്ഷൻ 66 എ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഹരജികൾ കോടതിക്ക് ലഭിക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന സംസാരസ്വാതന്ത്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഹനിക്കുന്ന വകുപ്പാണിതെന്നാണ് പലരും വാദിക്കുന്നത്.

ഒഫൻസീവ് എന്ന പദം അവ്യക്തമായതും സോപാധികമാണെന്നും ഈ വകുപ്പ് പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മുമ്പ് കോടതിയും അഭിപ്രായപ്പെട്ടിരുന്നു. മതവിശ്വാസങ്ങളെ ഹനിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടുന്നത് പൊറുക്കാനാവില്ലെന്നും അത്തരക്കാരെ സെക്ഷൻ 66 എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യുമെന്നും സർക്കാർ പറയുന്നു. മതവിശ്വാസം ' ഗ്രോസ് ലി ഒഫൻസീവ്' എന്ന കാറ്റഗറിയിലാണ് വരുന്നതെന്നും അതിനാൽ അത് കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നും സർക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP