Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയ പൊലീസിന് താൽക്കാലിക ആശ്വാസം; കുറ്റപത്രം സമർപ്പിക്കാനുള്ള കാലയളവ് മൂന്ന് മാസം കൂടി നീട്ടിക്കൊടുത്ത് കോടതി; ജിഷയെ കൊന്ന പ്രതിക്ക് ഈ കാലയളവിൽ ജാമ്യം നൽകിയേക്കില്ല

തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയ പൊലീസിന് താൽക്കാലിക ആശ്വാസം; കുറ്റപത്രം സമർപ്പിക്കാനുള്ള കാലയളവ് മൂന്ന് മാസം കൂടി നീട്ടിക്കൊടുത്ത് കോടതി; ജിഷയെ കൊന്ന പ്രതിക്ക് ഈ കാലയളവിൽ ജാമ്യം നൽകിയേക്കില്ല

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെതിരായെ തെളിവു ശേഖരിക്കുന്നതിൽ പൊലീസ് നട്ടം തിരിയുകയാണ്. കോടതിയിൽ സമർപ്പിച്ചാൽ തള്ളിക്കളഞ്ഞേക്കുന്ന വിധത്തിലുള്ള തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. ഇത് തള്ളിയാൽ അത് പൊലീസിന് കനത്ത തിരിച്ചടിയാകും. ഇങ്ങനെ കോടതിയിൽ കേസ് പരാജയപ്പെടുമോ എന്ന ആശങ്കയിൽ നിൽക്കുന്ന പൊലീസിന് ആശ്വാസമായി കോടതി തന്നെ രംഗത്തെത്തി. ജിഷ വധക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിനു മൂന്ന് മാസത്തെ കാലയളവ് കൂടിയാണ് കോടതി നീട്ടി നൽകിയത്.

കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെതിരെ ദലിത് പീഡന നിരോധന നിയമപ്രകാരം കേസെടുത്തതോടെ ക്രമിനൽ നടപടി ചട്ടപ്രകാരം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടി വരുമെന്ന നിയമപ്രശ്‌നം കോടതി മുൻപാകെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതക കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷം കുറ്റപത്രം സമർപ്പിക്കാൻ ലഭിക്കുന്ന 90 ദിവസത്തെ സാവകാശം ഈ കേസിലും വേണമെന്നും കാണിച്ച് പ്രോസിക്യൂഷൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ബോധിപ്പിച്ചത്.

ദലിത് പീഡനക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനോടുള്ള നിർദേശമാണ്. അതിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാം. ഈ സമയ പരിധിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്കു ജാമ്യത്തിനുള്ള അവകാശമുണ്ടെന്നു നിയമം അർഥമാക്കുന്നില്ലെന്നു ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.കെ.സജീവൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി എൻ.കെ.ഉണ്ണികൃഷ്ണനെ സർക്കാർ നിയമിച്ചതിനു ശേഷവും പ്രോസിക്യൂഷൻ മുൻനിലപാടിൽ ഉറച്ചു നിന്നു. ദലിത് പീഡന നിരോധന നിയമം അനുശാസിക്കുന്ന ശിക്ഷയേക്കാൾ കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കൊലക്കുറ്റം, മാനഭംഗം അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുന്ന കേസായതിനാൽ വിശദമായ വാദം കേട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.അനിൽകുമാർ അന്വേഷണ സംഘത്തിനു കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.

പ്രതികൾ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം, അതിനുള്ള ശിക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി 60, 90, 180 ദിവസങ്ങളെന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത കേസുകളിൽ പ്രതികൾക്കു ജാമ്യം ലഭിക്കാൻ വ്യവസ്ഥയുണ്ട്. ജിഷ വധക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും തെളിവെടുപ്പും അന്വേഷണവും പൂർത്തിയാക്കാനുള്ള സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതു പൊലീസിന് ആശ്വാസമാണ്. ഇതിനൊപ്പം പ്രതിയുടെ റിമാൻഡ് കാലാവധി കോടതി സെപ്റ്റംബർ ആറു വരെ നീട്ടി.

ഏപ്രിൽ 28നാണ് നിയമ വിദ്യാർത്ഥിനിയായിരുന്ന ജിഷയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്. അന്വേഷണങ്ങൾക്കൊടുവിൽ ജൂൺ16നാണ് തമിഴ്‌നാട്ടിൽനിന്ന് അമീറുൽ ഇസ്ലാമിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ സാഹചര്യത്തിൽ അമീറുൽ ഇസ്ലാം ജാമ്യം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും മൂന്ന് മാസത്തെ സാവകാശം കൂടി പൊലീസിന് അനുവദിച്ചതോട അമീറുളിന് ജാമ്യം നൽകാനുള്ള സാധ്യതയും കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP