Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സി ജോസഫിനെ കാത്തിരിക്കുന്നത് എം വി ജയരാജന്റെ വിധിയോ? ഹൈക്കോടതി ജഡ്ജിന്റെ അധിക്ഷേപിച്ച മന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് പരാതി

കെ സി ജോസഫിനെ കാത്തിരിക്കുന്നത് എം വി ജയരാജന്റെ വിധിയോ? ഹൈക്കോടതി ജഡ്ജിന്റെ അധിക്ഷേപിച്ച മന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് പരാതി

കൊച്ചി: പാതയോരത്ത് പൊതുയോഗങ്ങൾ നിരോധിച്ച നടപടിയിൽ ജഡ്ജിയെ ശുംഭനെന്ന് വിളിച്ചതിന്റെ പേരിലാണ് എം വി ജയരാജൻ എന്ന സിപിഐ(എം) നേതാവ് ജയിലിൽ കിടക്കേണ്ടി വന്നത്. ഇതോടെ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് ശിക്ഷയില്ലേ എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളിലായി മന്ത്രി കെ സി ജോസഫ് ഉയർത്തിയ വെല്ലുവിളി വാർത്ത ആകുമ്പോഴാണ് ഈ ചോദ്യം വീണ്ടും ഉയരുന്നത്.

അഡ്വക്കേറ്റ് ജനറൽ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തെ ഫേസ്‌ബുക്കിലൂടെയും കെ സി ജോസഫ് വിമർശിച്ചിരുന്നു. മന്ത്രിയുടെ ഈ നിലപാട് കോടതി അലക്ഷ്യമാണെന്ന് ആവശ്യപ്പെ്ട്ടുള്ള ഹർജി കോടതിക്ക് മുമ്പിൽ എത്തിയതോടെ കെ സി ജോസഫിനെ കാത്തിരിക്കുന്നത് എം വി ജയരാജന്റെ വിധിയാണോണോ എന്ന സംശയം ചില കോണുകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ആൾ ഇന്ത്യാ ലായേഴ്‌സ് യൂണിയൻ സെക്രട്ടറി ബി. രാജേന്ദ്രനാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ഹർജി നൽകിയത്. മന്ത്രിയുടെ പരാമർശം നീതിന്യായവ്യവസ്ഥയുടെയും ഹൈക്കോടതിയുടെയും അന്തസ് തകർക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജിയെ പരിഹസിച്ച് മന്ത്രി കെ സി ജോസഫ്. ചായത്തൊട്ടിയിൽ വീണു രാജാവായ കുറുക്കന്റെ ഓരിയിടലാണു ജഡ്ജിയുടേതെന്നാണു കെ സി ജോസഫ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെ വിമർശിക്കാൻ ജഡ്ജി അലക്‌സാണ്ടർ തോമസിന് എന്ത് അവകാശമാണുള്ളത്. നിയമങ്ങളെ കുറിച്ചുള്ള ജഡ്ജിയുടെ അജ്ഞതയാണ് ഇതിലൂടെ തെളിഞ്ഞതെന്നും ചായത്തൊട്ടിയിൽ വീണ കുറുക്കൻ രാജാവായി ഓരിയിട്ടാൽ കുറ്റപ്പെടുത്താനാകുമോയെന്നും കെ സി ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

അറ്റോണി ജനറലിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരാമർശം നിയമങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണ്. മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത ഒരു കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവന്ന് കമന്റ് പറയാൻ ജഡ്ജിക്ക് അവകാശമില്ല. കോടതിയുടെ അന്തസും മാന്യതയും സംരക്ഷിക്കാൻ ജഡ്ജിമാർക്ക് ചുമതലയില്ലേയെന്നും അദ്ദേഹം ചോദിച്ചു. പബ്ലിസിറ്റിക്കായാണു ജഡ്ജിയുടെ പരാമർശമെന്നും ജോസഫ് പരിഹസിച്ചു.

കേരളത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ആരുടെയും അനുമതി ആവശ്യമില്ല. മുകുൾ റോഹത്ഗി ഇന്ത്യയുടെ അറ്റോണി ജനറലാണ്. ഇന്ത്യ എന്നാൽ കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്നതാണെന്ന് ഹൈക്കോടതി ജഡ്ജിക്ക് അറിഞ്ഞുകൂടാത്ത കാര്യമാണോ. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്.

സർക്കാരിന്റെ നയപരമായ കാര്യങ്ങൾ കേന്ദ്ര നയങ്ങൾക്ക് വിരുദ്ധമാകാത്ത കാലത്തോളം സംസ്ഥാനത്തിനെതിരായ കേസിൽ സ്വകാര്യ വ്യക്തിക്കുവേണ്ടി അറ്റോണി ജനറൽ ഹാജരായത് ധാർമികമായും നിയമപരമായും തെറ്റാണ്. അറ്റോണി ജനറലിന്റെ വക്താവായി മാറിയ മാന്യദേഹം കേരളത്തിലെ അഡ്വക്കേറ്റ് ജനറലിനെ വെറുതെ വിട്ടില്ല. എജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് തുറന്ന കോടതിയിലാണ്. ചീഫ് ജസ്റ്റീസ് മുഖേനയോ എജിയോട് നേരിട്ടോ പറയുന്നതല്ലായിരുന്നോ ഔചിത്യമെന്നും ജോസഫ് വിമർശിച്ചു.

അറ്റോർണി ജനറലിന്റെ വക്താവായി മാറിയ മാന്യദേഹം കേരളത്തിലെ അഡ്വക്കേറ്റ് ജനറലിനെ വെറുതേ വിട്ടില്ല. എ.ജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പൺ കോർട്ടിലല്ല. ചീഫ് ജസ്റ്റിസ് മുഖേനെയോ എ.ജിയോട് നേരിട്ടോ പറയാമായിരുന്നു. ഇതിനെയൊക്കെ കലികാലവൈഭവം എന്നു പറഞ്ഞു കൊണ്ടാണ് ജോസഫ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഇങ്ങനെ കോടതിയെ എല്ലാ വിധത്തിലും അവഹേളിച്ച ജോസഫിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നെ കാര്യം വ്യക്തമാണ്. എം വി ജയരാജൻ നടത്തിയതും പോലുള്ള പ്രയോഗം തന്നെയായിരുന്നു ജോസഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അന്ന് നാലാഴ്‌ച്ചയിലെ തടവാണ് സുപ്രീംകോടതി ജയരാജന് നൽകിയത്.

ജയരാജന്റെ ശുംഭൻ പ്രയോഗവും, ആത്മാഭിമാനമുണ്ടെങ്കിൽ വിധി പ്രസ്താവിച്ച ജഡ്ജിമാർ സ്ഥാനമൊഴിയണമെന്ന പ്രസ്താവനയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് അന്ന് വിധിപ്രസ്താവത്തിൽ കോടതി വ്യക്തമാക്കിയത്. ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും കോടതി വിധിയിൽ പറഞ്ഞിരുന്നു. വമർശനങ്ങളോടു ജഡ്ജിമാർക്കു പ്രതികരിക്കാൻ കഴിയില്ലെന്നതും കണക്കിലെടുക്കണം. ഹൈക്കോടതിയുടെ അന്തസ് ബോധപൂർവം താഴ്‌ത്തിക്കെട്ടാനാണു ജയരാജൻ ശ്രമിച്ചത്. പാതയോരയോഗങ്ങൾ നിരോധിച്ച ഹൈക്കോടതി വിധിക്കു ജനമെതിരാണെന്നു സമർഥിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനും ജയരാജനു കഴിഞ്ഞില്ലെന്നു വിധിന്യായത്തിൽ പറയുന്നു.

ശുംഭൻ എന്ന പദത്തിനു പ്രകാശിക്കുന്നവൻ എന്നർഥമുണ്ടെന്ന വാദവും അംഗീകരിക്കാനാവില്ല. ജഡ്ജിമാർ ചില്ലുകൊട്ടാരങ്ങളിൽ ഇരിക്കുന്നവരാണ്, കോടതിവിധിക്കു പുല്ലുവിലയാണ് തുടങ്ങിയ പ്രസ്താവനകൾ കാര്യമായെടുക്കുന്നില്ല. എന്നാൽ, ശുംഭൻ പ്രയോഗം, വിഡ്ഢിയെന്നു വിളിച്ച് അപമാനിക്കുന്നതിനു തുല്യമാണ്. കോടതി അവസരം നൽകിയിട്ടും ക്ഷമ ചോദിക്കാൻ ജയരാജൻ തയാറായില്ല. അഭിഭാഷകനും നിയമസഭാ സാമാജികനുമായ ജയരാജന് എക്‌സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ഭരണഘടനാപരമായ വിഭജനരേഖ അറിയാവുന്നതാണ്. അഭിപ്രായസ്വാതന്ത്ര്യം യുക്തിപരമായി ഉപയോഗിക്കാനാണു ശ്രമിക്കേണ്ടത്. അതു കോടതിവിധികളെ നേരിട്ടോ അല്ലാതെയോ ധിക്കരിക്കാൻ പ്രേരിപ്പിക്കുന്നതാകരുതെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി പരാമർശം ജോസഫിന് ശിക്ഷ നൽകാൻ ഉതുക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP