Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സലിം രാജിനേയും ഭാര്യയേയും ഒഴിവാക്കിയത് എന്തിന്? പത്രക്കാരും അഭിഭാഷകരും തമ്മിലെ അടിയിൽ മുങ്ങിപ്പോയ കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് സജീവമാക്കി കോടതിയുടെ ഇടപെടൽ; സിബിഐ കുറ്റപത്രം തിരിച്ചയച്ചു; ഉമ്മൻ ചാണ്ടിയുടെ ഗൺമാനെ കേസിൽ പ്രതിയാക്കേണ്ടി വരും

സലിം രാജിനേയും ഭാര്യയേയും ഒഴിവാക്കിയത് എന്തിന്? പത്രക്കാരും അഭിഭാഷകരും തമ്മിലെ അടിയിൽ മുങ്ങിപ്പോയ കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് സജീവമാക്കി കോടതിയുടെ ഇടപെടൽ; സിബിഐ കുറ്റപത്രം തിരിച്ചയച്ചു; ഉമ്മൻ ചാണ്ടിയുടെ ഗൺമാനെ കേസിൽ പ്രതിയാക്കേണ്ടി വരും

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ നൽകിയ കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു. എഫ്.ഐ.ആറിൽ പേരു ചേർക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണന്റെ നടപടി.

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കർ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐ.യുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐ.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഉൾപ്പെടെ നിരവധി പേരെയാണ് സിബിഐ പ്രതിചേർത്തിരുന്നത്. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം കഴിഞ്ഞദിവസം സമർപ്പിച്ചപ്പോൾ ഇവരെല്ലാം പ്രതിപ്പട്ടികയിൽ നിന്ന് അപ്രത്യക്ഷമായി. സിബിഐക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ കോടതി ഇക്കാര്യത്തിൽ നടത്തിയ നിരീക്ഷണം. കേസിൽ സലിംരാജ് അടക്കം 27 പ്രതികളുണ്ടായിരുന്നു. എന്നാൽ, സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ ഡെപ്യൂട്ടി തഹസിൽദാർ വിദ്യോദയ കുമാർ അടക്കം അഞ്ചു പ്രതികൾ മാത്രമാണുള്ളത്. വിദ്യോദയ കുമാറിനെ കൂടാതെ നിസാർ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരെയാണ് സിബിഐ. കുറ്റപത്രത്തിൽ പ്രതിയാക്കിയിരിക്കുന്നത്.

ആദ്യം വിജിലൻസാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുവർഷം നീണ്ടുനിന്ന വിവാദങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. അന്വേഷണങ്ങൾക്കുമൊടുവിലാണ് സിബിഐ. സലീംരാജിനെ കുറ്റവിമുക്തനാക്കി കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം ജൂണിൽ സലീംരാജ് ഉൾപ്പെടെ 10 പേരെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പ്രതികൾക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2005ൽ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച കുറ്റപത്രത്തിൽ ഡപ്യൂട്ടി തഹസിൽദാർ അടക്കം അഞ്ചുപേരായിരുന്നു പ്രതസ്ഥാനത്തുണ്ടായിരുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങൾ സിബിഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയിട്ടുണ്ട്. സലിംരാജ് ഇതിൽ ഒന്നിൽ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണു സലിംരാജിനെതിരെ ഇതിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐ.യുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐ.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP