Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന് ജാമ്യം; ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് ജാമ്യം നൽകിയത് തലശ്ശേരി കോടതി; രണ്ട് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ സിപിഎമ്മിന് താൽക്കാലിക ആശ്വാസം

കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന് ജാമ്യം; ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് ജാമ്യം നൽകിയത് തലശ്ശേരി കോടതി; രണ്ട് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും വ്യവസ്ഥ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ സിപിഎമ്മിന് താൽക്കാലിക ആശ്വാസം

തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കോടതിയാണ് ജയരാജന് ജാമ്യം അനുവദിച്ചത്. ജയരാജന്റെ ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. രണ്ട് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പിടില്ലെന്ന വ്യവസ്ഥയും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും പരാതി ലഭിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

കൈകാൽ മുട്ടുകളിൽ വേദനയും നീരുമുള്ളതിനാൽ അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് പി.ജയരാജനെ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് കോടതി ഉത്തരവടോ ഇതോടെ ജില്ല വിടേണ്ടി വരും. ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇപ്പോൾ തന്നെ ജില്ലയ്ക്ക് പുറത്താണ്. ഇവർക്ക് ശേഷം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ള മറ്റൊരു നേതാവായി മാറും പി ജയരാജൻ ഇതോടെ. ജാമ്യം ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും സജീവമാകാൻ ജയരാജന് ഇതോടെ സാധിക്കില്ല.

പി ജയരാജന് ജാമ്യം നൽകരുതെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. ജാമ്യാപേക്ഷ സിബിഐ. പ്രോസിക്യൂട്ടർ അഡ്വ.എസ്.കൃഷ്ണകുമാർ എതിർത്തു. ജയരാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ളതായി കണ്ടെത്തിയതായി സിബിഐ. വാദിച്ചു. എന്നാൽ അത് സത്യമാണോയെന്ന് കോടതി പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ വാദിച്ചു.

ജയരാജനെതിരെ മാത്രമുള്ള യു.എ.പി.എ. വകുപ്പ് 18ലെ ഗൂഢാലോചന നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. 1997 മുതൽ ജയരാജൻ പൊലീസ് സംരക്ഷണയിലാണ്. ജയരാജൻ എവിടെവച്ച് ആരുമായി ഗൂഢാലോചന നടത്തിയെന്ന് സിബിഐ പറയുന്നില്ല. ഗൂഢാലോചനാകുറ്റം ചുമത്തിയ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അതേ ആനുകൂല്യം ജയരാജനും നൽകണമെന്ന് പ്രതിഭാഗം വാദിച്ചു. ആർഎസ്എസ്സിന്റെ ജില്ലാനേതാവാണ് കേസിലെ പ്രധാന സാക്ഷിയെന്നും ജയരാജനെ മുൻധാരണയോടെ പ്രതിയാക്കിയതാണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു.

ജയരാജന്റെ കുടുംബക്ഷേത്രത്തിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്ന് സിബിഐ. വാദിച്ചു. ഗൂഢാലോചന നടത്തിയതെവിടെ എന്നതിന് തെളിവെന്താണെന്ന കോടതിയുടെ ചോദ്യത്തിന് കേസ് ഡയറിയിലുണ്ടെന്നായിരുന്നു സിബിഐ അഭിഭാഷകൻ മറുപടി നൽകിയത്. സിപിഐ(എം) സംഘടന സംവിധാനം ഉപയോഗിച്ചാണ് റിമാൻഡിലായ ജയരാജനെ ആശുപത്രിയിലാക്കിയത്. പൊലീസ് കസ്റ്റഡിയിൽ നൽകാതിരിക്കാനാണ് ശ്രമിച്ചത്. സിപിഐ(എം) നേതാവായ ടി ഐ മധുസൂദനൻ അറസ്റ്റിന് വഴങ്ങാതെ കോടതിയെ സമീപിച്ച് ജാമ്യം നേടിയത് സിബിഐ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ജയരാജന് ജാമ്യം നൽകുന്നത് തെളിവ് ശേഖരിക്കുന്നതിന് തടസ്സമാകുമെന്ന് സിബിഐ അഭിപ്രായപ്പെട്ടു. അന്വേഷണം തുടങ്ങിയിട്ട് രണ്ടു വർഷമായിട്ടും തെളിവായില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കൊല്ലപ്പെട്ട മനോജുമായി ജയരാജന് നല്ല ബന്ധമായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ ശേഷം ഭീഷണിപ്പെടുത്തി. സിബിഐയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് പ്രതിഭാഗം വാദിച്ചു.

കുടുംബക്ഷേത്രത്തിൽ ജയരാജന് നിയന്ത്രണമോ അവകാശമോ ഇല്ലെന്നായിരുന്നു വാദം.ജയരാജൻ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തിരുന്നില്ല. മദ്യപാനത്തെ തുടർന്ന് രോഗബാധിതനായ ഒന്നാംപ്രതി വിക്രമന് ബംഗളൂരുവിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയതിനെ കൊലക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്നതിനെ പ്രതിഭാഗം എതിർത്തു. ഒന്നാം പ്രതിയായ വിക്രമനെ ചികിത്സയ്ക്ക് സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് കൊലപാതകത്തിലൂടെ ചെയ്തതെന്ന് സിബിഐ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. ചികിത്സാ സമയത്ത് ജയരാജൻ വിക്രമനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിക്രമന്റെ ഭാര്യയുടെ മൊഴി.

കതിരൂർ മനോജിനെ വധിക്കുന്നതിൽ പി ജയരാജൻ ഗൂഢാലോചന ഉണ്ടെന്ന വാദത്തിന് ശക്തമായ തെളിവുകൾ ഹാജരാക്കാൻ സിബിഐയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കണ്ണൂർ ജില്ലയിലെ പ്രമുഖ നേതാവിന് ജാമ്യം ലഭിച്ചത് പാർട്ടിക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP