Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ ആവശ്യങ്ങളെന്നതിൽ ആശുപത്രി ചെലവും വരും; അതും ഭർത്താവ് തന്നെ നൽകണം; സൗദയ്ക്ക് അബ്ബാസ് കൊടുക്കേണ്ടത് 6.2 ലക്ഷം രൂപ; മുസ്ലിം വിവാഹമോചന-ജീവനാംശ കേസിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി

ഭാര്യയുടെ ആവശ്യങ്ങളെന്നതിൽ ആശുപത്രി ചെലവും വരും; അതും ഭർത്താവ് തന്നെ നൽകണം; സൗദയ്ക്ക് അബ്ബാസ് കൊടുക്കേണ്ടത് 6.2 ലക്ഷം രൂപ; മുസ്ലിം വിവാഹമോചന-ജീവനാംശ കേസിൽ ഹൈക്കോടതിയുടേത് നിർണ്ണായക വിധി

കൊച്ചി: രണ്ടു ദശാബ്ദത്തോളം നീണ്ട സൗദയുടെ ദുരിത ജീവിതത്തിന് ഹൈക്കോടതിയുടെ ഇടപെടലിൽ മുക്തി. പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നീതിദേവത സൗദയുടേയും മക്കളുടേയും ജീവിതത്തിന് പ്രതീക്ഷയേകിയ വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിയയായ സൗദയുടെ ജീവിതം ദുരിതപൂർണമായത് വിവാഹത്തോടെയാണ്. 1995ൽ കോഴിക്കോട് ചാലിയം സ്വദേശിയായ അബ്ബാസ് പാലയ്ക്കലിനെ വിവാഹം കഴിച്ചത്. പതിനെട്ടാം വയസിൽ വിവാഹിതയായ സൗദ ഭർത്താവ് അബ്ബാസുമായി കോഴിക്കോട് ചാലിയത്ത് താമസമാരംഭിച്ചെങ്കിലും സൗദയുടെ ദുർദിനങ്ങൾ ആരംഭിക്കുകയായിരുന്നു.

അഞ്ചു വർഷം കുടുംബത്തിലെ പ്രശ്‌നങ്ങൾ ആരെയും അറിയിക്കാതെ സൗദ ഒതുക്കിയെങ്കിലും ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിനെ എതിർത്ത സൗദയെ കുട്ടികളെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിക്കുമായിരുന്നു. 2005ൽ മർദ്ദനം സഹിക്കാതെ സൗദ അബ്ബാസിന്റെ വീട്ടിൽ നിന്ന് സൗദയുടെ വീട്ടിലേക്ക് മടങ്ങി. അവിടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഭർത്താവിനെ കൂടാതെ അബ്ബാസിന്റെ ബന്ധുവും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമം ആരംഭിച്ചതോടെ അബ്ബാസിന്റെ വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായി. ഈ അവസരം മുതലെടുത്ത് എല്ലാ കുറ്റവും സൗദയുടെ തലയിൽ കെട്ടി വച്ച് മൂന്നു മക്കളെയും സൗദയെയും ഉപേക്ഷിച്ച് അബ്ബാസ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

പിന്നീടുള്ള വർഷങ്ങൾ സൗദ കണ്ണീരോടെയാണ് ഓർക്കുന്നത്. സഹോദരങ്ങൾക്കോ മാതാപിതാക്കൾക്കോ സൗദയുടേയും കുട്ടികളുടേയും കാര്യങ്ങൾ നോക്കാനുള്ള സാമ്പത്തികസ്ഥിതി മെച്ചമല്ലാത്തതിനാൽ വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് കുട്ടികളെയും കൊണ്ട് മാറി താമസിച്ചു. വീട്ടു വാടകയ്ക്കും കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റാരും സഹായിക്കാനില്ലാത്തതിനാൽ സൗദ കൂലിവേലയ്ക്ക് പോകാൻ തുടങ്ങി. ഈ സമയത്താണ് വിവാഹമോചനത്തിനുള്ള നോട്ടീസ് അബാസിൽ നിന്ന് സൗദയ്ക്ക് ലഭിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും അബ്ബാസിൽ നിന്നും നീതി നേടി പോരാടാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സൗദ.

2013ൽ സൗദയുടെ ദയനീയസ്ഥിതി മനസിലാക്കിയ ജില്ലാ കോടതി, അബ്ബാസ് 3.6 ലക്ഷം രൂപ സൗദയ്ക്ക് നൽകണമെന്ന് വിധിച്ചു. എന്നാൽ വിധിക്കെതിരെ അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനടെ വൃക്കരോഗം ബാധിച്ച സൗദയ്ക്ക് ജോലിക്കു പോലും പോകാൻ കഴിയാതെ വന്നു. ഇതോടെ മക്കളുടെ കാര്യത്തിൽ ആശങ്കയിലായ സൗദ, നാട്ടുകാരുടേയും മക്കളുടെയും സഹായത്തോടെ മൂത്ത മകൾ റാഹിലയുടെ വിവാഹം നടത്തി. മക്കൾക്ക് പഠിക്കാൻ കഴിവുണ്ടായിട്ടും, വേണ്ടത്ര പഠിപ്പിക്കാനോ അവരെ നല്ല നിലയിൽ വിവാഹം കഴിച്ചയപ്പിക്കാനോ കഴിയാത്ത സാഹചര്യത്തിൽ സൗദ കണ്ണീരൊഴുക്കോഴാണ് കോടതി വിധിച്ച പണം പോലും നൽകാതെ സ്വന്തം പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

മൂത്ത മകളുടെ വിവാഹത്തിന് എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇളയ മകളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു സൗദ. 'സ്വന്തം രക്തത്തിൽ ജനിച്ച മകളുടെ വിവാഹത്തിനോ, അവരുടെ പഠിപ്പിനോ ഒരു രൂപ പോലും ചെലവാക്കാതെ സുഖിച്ച് കഴിയുകയാണ്. എന്റെ സഹോദരനാണ് അബ്ബാസിന് ദുബായിൽ ജോലി വാങ്ങി കൊടുത്തത്. അസുഖം മൂലം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളുടെ കാര്യമോർത്താണ് എനിക്ക് ദുഃഖം. എന്റെ വിവാഹത്തിന് ബാപ്പ നൽകിയ സ്ഥലം പോലും അയാൾ തട്ടിയെടുത്തു. ആ സ്ഥലത്താണ് ഇപ്പോൾ അയാളും പുതിയ ഭാര്യയും വീട് വച്ച് താമസിക്കുന്നത് ' സൗദ കണ്ണീരോടെ പറയുന്നു. സൗദയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ഇളയമകൻ ചെറിയ ജോലികൾ ഒക്കെ ചെയ്താണ് കുടുംബം പുലർത്തുന്നത്.

എന്നാൽ കേസിൽ അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷിച്ച അബ്ബാസിന്റെ പ്രതീക്ഷകളെ തകർത്തു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സൗദയുടേയും അബ്ബാസിന്റെയും ഭാഗം കേട്ട ഹൈക്കോടതി വിധി ഇങ്ങനെ ആയിരുന്നു. 'സൗദയുടെ ഭർത്താവായ അബ്ബാസ് ഫിഷിങ് ബോട്ടുകളുടെ ഉടമസ്ഥനും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുമാണ്. എന്നാൽ അബ്ബാസിന്റെ മുൻഭാര്യയും മക്കളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും കോടതി മനസിലാക്കുന്നു. അതിനാൽ സൗദയ്ക്കും മക്കൾക്കും 3.6ലക്ഷം കൊടുക്കണമെന്ന ജില്ലാ കോടതി വിധിക്കു പുറമെ സൗദയുടെ ചികിത്സയ്ക്കായി 2.6 ലക്ഷം രൂപ കൂടി നൽകണമെന്നാണ് കോടതി വിധി.

'മുസ്ലിം വിവാഹമോചന-ജീവനാംശ നിയമപ്രകാരം രാജ്യത്ത് തന്നെ ശ്രദ്ധേയമായ വിധിയാണ് ഹൈക്കോടതിയുടേതെന്നാണ്' സൗദയ്ക്കു വേണ്ടി ഹാജരായ അഡ്വ. വിനോദ് ചെറിയാന്റെ അഭിപ്രായം. 1986ലെ നിയമപ്രകാരം ഭർത്താവിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഭാര്യയ്ക്ക് ആവശ്യമായ ജീവനാംശം നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭാര്യയുടെ ആവശ്യങ്ങൾ എന്നു പറയുമ്പോൾ ആശുപത്രി ചെലവും ഉൾപ്പെടുന്നതാണെന്ന സൗദയുടെ വാദം അംഗീതകരിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ആത്മധൈര്യം കൈവിടാതെ ഒരു ദശാബ്ദക്കാലം നീണ്ട നിയമപോരാട്ടത്തിൽ അനുകൂലമായ വിധി നേടിയപ്പോൾ, ഉപേക്ഷിച്ചു പോയ ഭർത്താവിനെ തോൽപിച്ചു എന്നതിനേക്കാൾ കുട്ടികളുടെ ഭാവിക്ക് ഒരു കൈത്താങ്ങ് ആയല്ലോ എന്ന ആശ്വാസമാണ് സൗദയുടെ വാക്കുകളിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP