Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് കോടി മാനനഷ്ടത്തിന് പോയാൽ ഒരു കോടി കോടതിയിൽ കെട്ടി വയ്ക്കണം; കെട്ടി വയ്ക്കുന്ന പണത്തിന്റെ ഉറവിടം തേടിയാൽ വീണ്ടും കുരുക്കാകും; ബിജു രമേശിന്റെ മാനനഷ്ടക്കേസിൽ കെഎം മാണി നഷ്ടപരിഹാര തുക 20 ലക്ഷമാക്കി കുറച്ചത് പുതിയ കേസ് ഒഴിവാക്കാൻ

പത്ത് കോടി മാനനഷ്ടത്തിന് പോയാൽ ഒരു കോടി കോടതിയിൽ കെട്ടി വയ്ക്കണം; കെട്ടി വയ്ക്കുന്ന പണത്തിന്റെ ഉറവിടം തേടിയാൽ വീണ്ടും കുരുക്കാകും; ബിജു രമേശിന്റെ മാനനഷ്ടക്കേസിൽ കെഎം മാണി നഷ്ടപരിഹാര തുക 20 ലക്ഷമാക്കി കുറച്ചത് പുതിയ കേസ് ഒഴിവാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാനനഷ്ടക്കേസ് കൊടുക്കുമ്പോൾ ആവശ്യപ്പെടുന്ന തുകയുടെ പത്ത് ശതമാനം കോടതിയിൽ കെട്ടിവയ്ക്കണം. അതായത് പത്ത് കോടിയുടെ മാനനഷ്ടക്കേസ് കൊടുത്താൽ ഒരു കോടി കോടതിയിൽ മുൻകൂറായി അടയ്ക്കണം. ആർക്കും ആർക്കെതിരേയും എത്രതുക വേണമെങ്കിലും ചോദിക്കുന്നത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥ. ബാർ കോഴയിൽ ആരോപണവുമായി എത്തിയ ബാർ മുതലാളി ബിജു രമേശിന്റെ നാവടക്കാനാണ് ധനമന്ത്രിയായിരുന്ന കെഎം മാണി മാനനഷ്ടക്കേസ് കൊടുത്തത്. പത്ത് കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴത് 20 ലക്ഷം മതിയെന്ന് മാണി പറയുന്നു. കോടതിയിൽ കെട്ടിവയ്ക്കാനുള്ള ഒരു കോടിയാണ് മാണിയുടെ പ്രശ്‌നം.

ബാർകോഴക്കേസിൽ ബാറുടമ ബിജു രമേശിനെതിരായി നൽകിയ മാനനഷ്ടക്കേസിൽ നിന്നും കെഎം മാണി പിന്മാറുന്നുവെന്ന വിലയിരുത്തലെത്തി. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട രൂപയിൽ മാണി ഇളവ് വരുത്തി. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10 കോടി രൂപ മാണി 20 ലക്ഷമായി കുറച്ചതോടെയാണ് ഇത്. കോടതിയിൽ നൽകിയ പുതിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കോടതി ചെലവായ 15 ലക്ഷം രൂപ കെട്ടിവക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ബാർ കോഴക്കേസിൽ വിജിലൻസ് രണ്ടാം തുടരന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നീക്കം. കഴിഞ്ഞ മാർച്ചിലാണ് ബിജു രമേശിനെതിരെ കെഎം മാണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബാർ കോഴ ആരോപണം തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു ഹരജി നൽകിയിരുന്നത്.

എന്നാൽ ഹർജിയിൽ നിന്ന് പിന്മാറാൻ വേണ്ടിയല്ല മാണി തുക കുറച്ചതെന്നതാണ് വസ്തുത. കേസിൽ ഒരു കോടി രൂപ കെട്ടിവയ്‌ക്കേണ്ടി വരും. അങ്ങനെ രൂപ കെട്ടിവച്ചാൽ അതിന്റെ ഉറവിടം കേന്ദ്രസർക്കാർ അന്വേഷിക്കും. അത് പുതിയ കുരുക്കിലേക്കും കേസിലേക്കും കാര്യങ്ങളെത്തിക്കും. മാണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിലെ വിവാദങ്ങൾ സജീവമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പിന്നോട്ട് പോക്ക്. 20 ലക്ഷത്തിന്റെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാൽ നഷ്ടപരിഹാരം കുറച്ചത് കേസിൽ ബിജു രമേശിന് ഗുണകരമാകുമെന്ന വാദവും സജീവമാണ്.

അതിനിടെ മാനനഷ്ടം പണംകൊണ്ട് നികത്താനാവുന്നതല്ലെന്ന വിശദീകരണമാണ് കേരള കോൺഗ്രസ് എം നൽകുന്നത്. ബിജു രമേശ് ഉന്നയിച്ച അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾക്കെതിരെ പാർട്ടി ചെയർമാൻ കെ.എം.മാണി ഫയൽ ചെയ്ത മാനനഷ്ടക്കേസ് 10 കോടിയിൽനിന്ന് 20 ലക്ഷം രൂപയാക്കാൻ തീരുമാനിച്ചത് ഭാരിച്ച കോർട്ട് ഫീ നൽകാൻ കഴിയാത്തതുകൊണ്ടാണ്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ അതിനനുസരിച്ച് ലക്ഷങ്ങൾ കോടതിഫീസായി മുൻകൂറായി അടയ്‌ക്കേണ്ടിവരും. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോൾ കോടതിയിൽ കെട്ടിവെക്കേണ്ട തുകയും അതിന് ആനുപാതികമായി ഉയരും. ഇതനുസരിച്ച് പത്തുകോടിയുടെ മാനനഷ്ടക്കേസിന് വലിയ തുക തന്നെ കോടതിയിൽ നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു മുതിർന്നാൽ ബാർ കോഴക്കേസിന്റെ ഗതിതന്നെ മാറിമറിയും. നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയിട്ടിരുന്ന ബാറുകർ തുറക്കുന്നതിനായി ധനമന്ത്രിയായിരുന്ന കെ എം മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്നും അതിൽ ഒരു കോടി 30 ലക്ഷം നൽകിയെന്നുമാണ് ബിജു രമേശ് ആരോപിച്ചത്. ഈ ആരോപണം ഉന്നയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടാണ് മാണി മാനനഷ്ടക്കേസ് നൽകാൻ തയ്യാറായത്. 2015 മാർച്ചിലാണ് ബിജു രമേശിനെതിരെ മാണി 10 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബാർ കോഴ ആരോപണം തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ഇല്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാണിയുടെ ഹർജി.

ബാർ കോഴക്കേസിലെ പുനരന്വേഷണ പുരോഗതിയിലെ തൽസ്ഥിതി റിപ്പോർട്ട് അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ ഇന്നലെ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 23 രേഖകൾ പരിശോധിക്കുകയും ചെയ്തുവെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണമെന്ന വിജിലൻസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപോർട്ട് നൽകാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. കേസ് വീണ്ടും നവംബർ 18 ന് പരിഗണിക്കും. ബാർകോഴക്കേസിൽ കോടതി നിർദ്ദേശപ്രകാരമാണ് തുടരന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP