ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്ത വാഹനാപകട നഷ്ടപരിഹാരം വിധിച്ച് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണൽ; കേരളത്തിൽ അപകടത്തിൽ മരിച്ച ഷാർജയിലെ വ്യവസായിയുടെ കുടുംബത്തിന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 5.65കോടി നൽകണം
September 10, 2016 | 07:59 AM | Permalink

സ്വന്തം ലേഖകൻ
കൊല്ലം : ഷാർജയിലെ എണ്ണക്കമ്പനി ഉടമ വാഹനാപകടത്തിൽ മരിച്ച കേസിൽ അവകാശികൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 5.65 കോടിരൂപ നഷ്ടപരിഹാരം നൽകാൻ കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ ജഡ്ജി പി.മായാദേവി വിധിച്ചു. രാജ്യത്ത് എംഎസിടി കോടതികൾ വിധിച്ചിട്ടുള്ള രണ്ടാമത്തെ വലിയ നഷ്ടപരിഹാരത്തുകയാണിത്.
ഗൾഫിൽ 35 വർഷമായി എണ്ണക്കമ്പനിക്കു പുറമേ ടൈൽസ് വിൽപന കമ്പനി, ലേബർ കോൺട്രാക്ട് കമ്പനി തുടങ്ങിയവ നടത്തിവന്ന ശക്തികുളങ്ങര അമ്മാട്ടുവീട്ടിൽ കാർമൽ വില്ലയിൽ സണ്ണോ സേവ്യർ (54) മരിച്ച കേസിലാണു വിധി. 3.98 കോടി നഷ്ടപരിഹാരവും 2013 മുതൽ ഒൻപതു ശതമാനം പലിശയും േചർത്ത് 5.65 കോടി രൂപ നൽകാനാണു വിധി. 2012 ജൂൺ 24നു വള്ളിക്കീഴിനു സമീപമായിരുന്നു സണ്ണോ സേവ്യറും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. സുഹൃത്ത് കലേഷ്, ഡ്രൈവർ വിഷ്ണു എന്നിവരും അപകടത്തിൽ മരിച്ചു.
സണ്ണോ സേവ്യർ 2012 ജൂൺ 24ന് രാത്രി 10.45ന് സുഹൃത്തായ കലേഷും ഡ്രൈവറായ വിഷ്ണുവുമൊത്ത് സ്വിഫ്റ്റ് കാറിൽ ദേശീയപാതയിൽ വള്ളിക്കീഴിലത്തെിയ സമയം നസീബീവിയുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയും മൂന്നുപേരും മരിക്കുകയുമായിരുന്നു.