Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ ഫണ്ട് വെട്ടിപ്പിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി 25 ലക്ഷം ദുരുപയോഗം ചെയ്‌തെന്ന പൊതുതാൽപര്യ ഹർജിയിൽ; ഫണ്ടിന്റെ മുതലും പലിശയും ഭാരവാഹികൾ വ്യക്തിപരമായി ധൂർത്തടിച്ചെന്ന് പരാതിയിൽ

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ ഫണ്ട് വെട്ടിപ്പിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി 25 ലക്ഷം ദുരുപയോഗം ചെയ്‌തെന്ന പൊതുതാൽപര്യ ഹർജിയിൽ; ഫണ്ടിന്റെ മുതലും പലിശയും ഭാരവാഹികൾ വ്യക്തിപരമായി ധൂർത്തടിച്ചെന്ന് പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകം സർക്കാർ ഫണ്ട് വെട്ടിച്ചതിനെ കുറിച്ചു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു ആവശ്യപ്പെട്ടു. കേരള സർക്കാർ ബജറ്റിൽ വകയിരുത്തി പ്രസ് ക്ലബ് അടിസ്ഥാന സൗകര്യ വികസനത്തിനായി 2012 സെപ്റ്റംബറിൽ അനുവദിച്ച 25 ലക്ഷം രൂപയാണു കെയുഡബ്ല്യൂജെ ഡൽഹി ഘടകം ഭാരവാഹികൾ ദുരുപയോഗിച്ചത്.

പ്രസ് ക്ലബ് ഓഫിസ് സൗകര്യം ഒരുക്കുക പോലും ചെയ്യാതെ ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഫണ്ട് ഉപയോഗിച്ചുവെന്നാണു കേസ്. അഭിഭാഷക സംഘടനയായ ലീഗൽ ലിറ്ററസി കൗൺസിൽ സംഘടനയ്ക്കായി അഡ്വ. ജതിൻ ദാസാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഫണ്ടിന്റെ മുതലും പലിശയും ഭാരവാഹികൾ ധൂർത്തടിച്ചതിനെതിരെ കെയുഡബ്ല്യൂജെ ഡൽഹി ഘടകം അംഗങ്ങൾ വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. പരാതി വിജിലൻസ് സംസ്ഥാന ധനകാര്യ വകുപ്പിലേക്ക് അയച്ച ഫയൽ മുക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടു പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.  ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലീഗൽ ലിറ്ററസി കൗൺസിലിനു വേണ്ടി അഡ്വ. ശ്രീകാന്ത് എസ്.നായരും സർക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ തേക്ചന്ദും ഹാജരായി.

യൂണിയനിലും വലിയ പൊട്ടിത്തെറി സൃഷ്ടിച്ച ഫണ്ട് വിവാദം

കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിലെ അഴിമതി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ വലിയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും നടപടിയുണ്ടാവുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയെങ്കിലും ഒന്നും നടന്നില്ല. സർക്കാരിന് നൽകിയ പരാതിയിലും അേന്വഷണം നടക്കാത്ത സാഹചര്യമുണ്ടായി. ഇതെല്ലാം ചർച്ചയാവുന്നതിനിടെയാണ് വിഷയം കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

ഡൽഹി യൂണിയൻ ഭാരവാഹികളുടെ നടപടിയെ ചോദ്യം ചെയ്ത് 19 പേർ സംസ്ഥാന സമിതിക്ക് നിവേദനം അയച്ചിരുന്നു. ഉന്നയിച്ച വിഷയങ്ങൾ അന്വേഷണ സമിതി പരിശോധിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു 2012ൽ കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് ദുർവിനിയോഗം ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഭരണസമിതിക്ക് എതിരെ വലിയൊരു വിഭാഗം അംഗങ്ങൾ ഉയർത്തിയത്. 2012 ഓഗസ്റ്റ് മുതലുള്ള ബാങ്ക് രേഖകൾ പരിശോധിക്കുന്നത് ഭരണസമിതിയെ വെട്ടിലാക്കുമെന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തുകയും പരാതി പൊലീസിലുൾപ്പെടെ ലഭിക്കുകയും വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

ഫെഡറൽ ബാങ്കിന്റെ കൊണാട്ട് പ്ലേസ് ശാഖയിൽ നിക്ഷേപിച്ച 25 ലക്ഷം രൂപയുടെ ഡിഡി (നമ്പർ: 689741, 16.08.2012) ആദ്യഘട്ടത്തിൽ ഒറ്റ ഫിക്്സഡ് ഡെപ്പോസിറ്റായിരുന്നു. എന്നാൽ അത് പിന്നീട് നാലു എഫ്ഡികളിലായി 21 ലക്ഷമായി കുറഞ്ഞു. ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്കായി പൊതു അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ അനുവദിച്ച തുകയിൽ ഒരു രൂപ പോലും അത്തരത്തിൽ വിനിയോഗിച്ചതുമില്ലെന്നാണ് ആക്ഷേപം ഉയർന്നത്.

കാലാവധി പൂർത്തിയാകാതെ പല തവണ എഫ്ഡി തുക പിൻവലിച്ചു ലക്ഷങ്ങൾ മുക്കിയതിനു കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വിശദീകരണം നൽകാൻ ഭരണസമിതിക്കും കഴിഞ്ഞില്ല. കണക്കു ചോദിച്ചവർക്കെതിരെ ശബ്ദമുയർത്തി കയ്യാങ്കളിക്കു ശ്രമിക്കുകയാണു ഭരണ പക്ഷം ചെയ്തത്. ഇതോടെ വിഷയം വലിയ ചർച്ചയാവുകയും സംസ്ഥാന സമ്മേളനം അലങ്കോലപ്പെടുന്ന നിലയിൽ കാര്യങ്ങൾ എത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയം കോടതിയിലും എത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP