Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടക ഗർഭപാത്രത്തിലൂടെ അമ്മയായാൽ പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണം; ലീവ് നൽകാത്തത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി; ജയിച്ചത് ക്ഷീരവികസന ബോർഡ് ഉദ്യോഗസ്ഥയുടെ നിയമപോരാട്ടം

വാടക ഗർഭപാത്രത്തിലൂടെ അമ്മയായാൽ പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണം; ലീവ് നൽകാത്തത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി; ജയിച്ചത് ക്ഷീരവികസന ബോർഡ് ഉദ്യോഗസ്ഥയുടെ നിയമപോരാട്ടം

കൊച്ചി: വാടക ഗർഭത്തിലുടെ അമ്മമാരാകുന്നവർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. അത്തരം ജീവനക്കാർക്ക് പ്രസവാവാധി നിഷേധിക്കുന്നത് നിതി നിഷേധമാകുമെന്നും ജസ്റ്റിസ് ഡി ശേഷാദ്രി നായിഡു വിധിയിൽ വ്യക്തമാക്കി. വാടക ഗർഭപാത്രത്തിലൂടെ അമ്മയായ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച ക്ഷീരവികസന ബോർഡ് ഡയറക്ടർക്കെതിരായ ഹർജിയിലാണ് വിധി.

വാടക ഗർഭപാത്രത്തിൽ കുട്ടി ജനിച്ച സ്ത്രി സർക്കാർ തനിക്ക് പ്രസവാനുകൂല്യം നിഷേധിച്ചെന്നു കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. ഹർജിക്കാരിക്ക് പ്രസവാനുകൂല്യം നിഷേധിച്ചത് വിവേചനമാണെന്നും കോടതി പറഞ്ഞു. കുട്ടിക്ക് അമ്മയുടെ പരിചരണം ആവശ്യമാണെന്നും പ്രസവിച്ചോ ഇല്ലയോ എന്നുള്ളതല്ല ഇതിന് മാനദണ്ഡമെന്നും കോടതി നിരീക്ഷിച്ചു.

ക്ഷീരവികസന ബോർഡ് ഡെപ്യൂട്ടി മാനേജർ പി ഗീതയാണ് ഹർജി നൽകിയത്. വാടക ഗർഭപാത്രത്തിലൂടെ അമ്മയായ തനിക്ക് പ്രസവാവധി നിഷേധിച്ച നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കുഞ്ഞുണ്ടായത് സ്വാഭാവിക പ്രസവത്തിലൂടെയോ വാടക അമ്മയിലൂടെയോ ആകട്ടെ പരിചരണം അത്യാവശ്യമാണെന്നായിരുന്നു യുവതിയുടെ വാദം. ജനിച്ച ഉടനെ കൈയിലെത്തിയ കുഞ്ഞിന് അമ്മയുടെ ശ്രദ്ധയും സംരക്ഷണവും നിഷേധിക്കരുതെന്നും അമ്മമാർ തമ്മിൽ വിവേചനം പാടില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.

വാടക ഗർഭത്തിലൂടെ അമ്മമാരാകുന്നവർക്ക് പ്രസവാവധി അനുവദിക്കാൻ ചട്ടങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ അവധി നിഷേധിക്കുകയായിരുന്നു.ശമ്പളമില്ലാ അവധിയോ അർധവേതന അവധിയോ നൽകാമെന്നും മാതൃത്വ അവധിക്ക് ചട്ടം അനുവദിക്കുന്നില്ലെന്നുമായിരുന്നു കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡിന്റെ നിലപാട്.

വിവാഹശേഷം ഇരുപതു വർഷം കഴിഞ്ഞ്, തനിക്കു കുട്ടികളുണ്ടാവില്ലെന്നു ബോദ്ധ്യമായതിനാലാണ് വാടക ഗർഭ പാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ജൂൺ 18നായിരുന്നു കുഞ്ഞിന്റെ ജനനം. തുടർന്ന് ആറു മാസം മറ്റേണിറ്റി ലീവിനായി അപേക്ഷ നൽകി. ജൂലായ് 10ന് അപേക്ഷ നിരസിച്ച് ലൈവ് സ്റ്റോക്ക് ബോർഡിന്റെ ഉത്തരവ് ലഭിച്ചു .പ്രസവിക്കുന്നവർക്കേ പ്രസവാവധി നൽകാനാവൂ എന്നായിരുന്നു വിശദീകരണം. 20 ദിവസം ലീവ് അനുവദിക്കാമെന്നും മുഴുവൻ ആനുകൂല്യങ്ങളും നൽകി മറ്റേണിറ്റി ലീവ് അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നും അറിയിച്ചു.

ഇതോടെയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തന്റെ കുഞ്ഞിന് പരിചരണം നിഷേധിക്കുന്നത് ശരിയല്ല. ഗർഭഛിദ്രം സംഭവിച്ചാൽ 42 ദിവസം ലീവ് അനുവദിക്കുന്നുണ്ട്. ഭാര്യയുടെ പ്രസവ സമയത്ത് ഭർത്താവിന് പത്തു ദിവസം ലീവ് ലഭിക്കും. ഈ സാഹചര്യത്തിൽ കുഞ്ഞിനെ നോക്കാൻ ലീവ് അനുവദിക്കാത്തത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ഗീത ചൂണ്ടിക്കാട്ടി. ഇതാണ് കോടതി അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP