Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുത്തകകൾക്കായി തങ്ങളെ വഞ്ചിച്ചെന്ന് ബാറുടമകൾ ഹൈക്കോടതിയിൽ; ബിവറേജ് ഔട്‌ലെറ്റുകൾ പൂട്ടിയ ശേഷം ബാറുകൾ അടപ്പിച്ചാൽ മതിയെന്ന് സത്യവാങ്മൂലം; കോടതിയുടെ നിലവാര പരിശോധന ഉത്തരവ് സർക്കാർ അട്ടിമറിച്ചെന്ന് പൂട്ടിക്കിടക്കുന്ന ബാറുടമകൾ

കുത്തകകൾക്കായി തങ്ങളെ വഞ്ചിച്ചെന്ന് ബാറുടമകൾ ഹൈക്കോടതിയിൽ; ബിവറേജ് ഔട്‌ലെറ്റുകൾ പൂട്ടിയ ശേഷം ബാറുകൾ അടപ്പിച്ചാൽ മതിയെന്ന് സത്യവാങ്മൂലം; കോടതിയുടെ നിലവാര പരിശോധന ഉത്തരവ് സർക്കാർ അട്ടിമറിച്ചെന്ന് പൂട്ടിക്കിടക്കുന്ന ബാറുടമകൾ

കൊച്ചി: സർക്കാരിന്റെ മദ്യ നയത്തിനെതിരെ ഹൈക്കോടതിയിൽ ബാർ ഉടമകളുടെ എതിർ സത്യവാങ്മൂലം. കുത്തകകൾക്ക് വേണ്ടി സർക്കാർ തങ്ങളോട് വിവേചനം കാട്ടുകയാണെന്നാണ് ബാർ ഉടമകളുടെ വാദം. ബാറുകൾ പൂട്ടുകയാണെങ്കിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് ആവശ്യവും സത്യവാങ്മൂലത്തിലുണ്ട്.

വൻകിട ഹോട്ടലുകളെയും രാജ്യാന്തര ഹോട്ടൽ ശൃംഖലകളെയും സഹായിക്കാനാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ശ്രമിക്കുന്നത്. ബാറുകൾ അടച്ചു പൂട്ടുകയാണെങ്കിൽ സംസ്ഥാനത്തെ 60 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടണമെന്ന് ബാറുടമകൾ വാദിക്കുന്നു. ബാറുകൾ പൂട്ടുന്നതിനെതിരെ നൽകിയ ഹർജിയിലെ സർക്കാർ വാദത്തിനുള്ള മറുപടിയിലാണു ഉടമകൾ നിലപാട് വ്യക്തമാക്കിയത്.

മദ്യനയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. മദ്യത്തിന്റെ ലഭ്യത കൂറച്ച് സമ്പൂർണ്ണ മദ്യനിരോധനമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ബാറുടമകളുടെ എതിർ സത്യവാങ്മൂലം.

സംസ്ഥാനത്ത് 418 ബാറുകൾ അടഞ്ഞു കിടക്കുകയാണ്. ലഭ്യത കുറച്ച് മദ്യ നിരോധനമാണ് ലക്ഷ്യമെങ്കിൽ പൂട്ടിക്കിടക്കുന്ന ബാറുകൾക്ക് ആനുപാതികമായി ബിവറേജസ് ഔട്‌ലെറ്റുകളും പൂട്ടണം. അതായത് സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്‌ലെറ്റുകളിൽ 60 ശതമാനവും അടയ്ക്കണമെന്നാണ് സത്യവാങ്മൂലത്തിൽ ബാറുടമകളുടെ നിലപാട്. അതിനേ ശേഷമേ തുറന്ന് പ്രവർത്തിക്കുന്ന ബാറുകളുടെ കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സർക്കാരിന് കഴിയൂ എന്നും വിശദീകരിക്കുന്നു.

മദ്യനയത്തിൽ കോടതിക്ക് ഇടപെടാനാകുമെന്നും സത്യവാങ്മൂലത്തിൽ ബാറുടമകൾ വ്യക്തമാക്കുന്നു. മദ്യനയത്തിന്റെ സാധുത കോടതിക്ക് പരിശോധിക്കാനാകും. മുമ്പും ഇത്തരത്തിൽ ഇടപെടൽ കോടതി നടത്തിയിട്ടുണ്ടെന്നാണ് ബാറുടമകളുടെ വാദം. അന്താരാഷ്ട്ര കുത്തകകളേയും വൻകിട ഹോട്ടലുകളേയും സഹായിക്കാനാണ് ഫൈവ്സ്റ്റാർ ഒഴികെയുള്ള ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തങ്ങളോട് കാണിച്ചത് വിവേചനമാണെന്നും ബാറുടമകൾ വിശദീകരിക്കുന്നു.

പഞ്ചനക്ഷത്ര ബാറുകൾ ഒഴികെയുള്ളവ പൂട്ടാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് ബാറുടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി സിംഗിൾ ബഞ്ച് നാളെ പരിഗണിക്കും. അതിനിടെ പൂട്ടിക്കിടക്കുന്ന 418 ബാറുകളുടെ ഉടമകളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവാര പരിശോധനയക്കുള്ള കോടതി ഉത്തരവിനെ സർക്കാർ അട്ടിമറിച്ചെന്നാണ് ഇവരുടെ ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP