Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വൺ...ടു...ത്രീ പ്രസംഗത്തിലെ കളി കാര്യമായി; കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി; അഞ്ചേരി ബേബി വധത്തിൽ എംഎം മണി രണ്ടാം പ്രതിയായി തുടരും; ജയചന്ദ്രനേയും ദാമോദരനേയും പ്രതിയാക്കിയതും സിപിഎമ്മിന് തിരിച്ചടി; വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; മേൽക്കോടതിയെ സമീപിക്കുമെന്ന് മണിയും

വൺ...ടു...ത്രീ പ്രസംഗത്തിലെ കളി കാര്യമായി; കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി; അഞ്ചേരി ബേബി വധത്തിൽ എംഎം മണി രണ്ടാം പ്രതിയായി തുടരും; ജയചന്ദ്രനേയും ദാമോദരനേയും പ്രതിയാക്കിയതും സിപിഎമ്മിന് തിരിച്ചടി; വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; മേൽക്കോടതിയെ സമീപിക്കുമെന്ന് മണിയും

തൊടുപുഴ: പിണറായി സർക്കാരിനെ വെട്ടിലാക്കി അഞ്ചേരി ബേബി വധക്കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി എം.എം. മണി സമർപ്പിച്ച വിടുതൽ ഹർജി തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ രണ്ടാം പ്രതിയായി എം.എം. മണിക്ക് വിചാരണ നേരിടേണ്ടി വരും. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെയും സിഐടിയു നേതാവ് എ.കെ. ദാമോദരനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. ഇതും സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഇതോടെ മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് വന്നു.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13-നാണു കൊല്ലപ്പെട്ടത്. സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. എം.എം. മണി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012നു അഞ്ചേരി ബേബി വധം സംബന്ധിച്ചു നടത്തിയ വൺ, ടു, ത്രീ പ്രംസംഗത്തെ തുടർന്ന് കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളെക്കുറിച്ച് മണിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിപട്ടികയിൽനിന്നു ഒഴിവാക്കപ്പെടാത്ത സാഹചര്യത്തിൽ എം.എം. മണി മന്ത്രിസഭയിൽ തുടരുന്നത് പ്രതിപക്ഷ ചർച്ചയാക്കി കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനു മുന്ന് ഒരു കൊലക്കേസ് പ്രതി മന്ത്രിയായി തുടർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രോസിക്യൂഷൻ കൊലക്കേസ് പ്രതിയെന്ന് കുറ്റപത്രം നൽകിയ വ്യക്തിയാണ് മണി. അതുകൊണ്ട് തന്നെ രാജി വേണമെന്നാണ് ആവശ്യം.

തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ മണിയുടെ ഹർജി തള്ളണമെന്നുള്ളതും എ കെ ദാമോദരനെയും കെ കെ ജയചന്ദ്രനെയും പ്രതി ചേർക്കണമെന്നുള്ളതുമായ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. മണിയേയും കേസിലെ മറ്റൊരു പ്രതിയായ ഒ ജി മദനനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. അഞ്ചേരി ബേബിയെ കൊല ചെയ്ത കേസ് പുനരന്വേഷണം ആരംഭിക്കുന്നത് എം.എം മണി മണക്കാട് നടത്തിയ കുപ്രസിദ്ധ പ്രസംഗത്തേത്തുടർന്നായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സിപിഐ(എം) ഉടമ്പഞ്ചോല മുൻ ലോക്കൽ സെക്രട്ടറി പി.എൻ മോഹൻദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണി, കെ.കെ.ജയചന്ദ്രൻ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.

അധികാരത്തിലേറി ആറാം മാസത്തിൽ തന്നെ മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടി വന്ന പിണറായി മന്ത്രിസഭയിൽ നവംബർ അവസാനത്തോടെയാണ് മണി വൈദ്യൂതി മന്ത്രിയായി അധികാരത്തിലേറിയത്. ഉടുമ്പുഞ്ചോല മണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭയിൽ എത്തിയ എംഎം മണിയെ നിയമനവിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ഇ പി ജയരാജന്റെ ഒഴിവിലാണ് വൈദ്യൂതി വകുപ്പ് നൽകി മന്ത്രിയാക്കിയത്. എന്നാൽ അധികാരമേറ്റ് ഒരു മാസം തികഞ്ഞപ്പോഴാണ് തിരിച്ചടി. മണിയെ കൂടാതെ പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതേ കേസിൽ പ്രതികളായിരുന്ന ഒമ്പതുപേരെയും മുമ്പ് വെറുതെ വിട്ടതിനാൽ കേസ് നിലനിൽക്കില്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചതെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13-നാണു കൊല്ലപ്പെട്ടത്. സിപിഐ(എം) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. എം.എം. മണി സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012നു അഞ്ചേരി ബേബി വധം സംബന്ധിച്ചു നടത്തിയ പ്രസ്താവനയെത്തുടർന്ന് കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടേയും കൊലപാതകങ്ങളെക്കുറിച്ച് മണിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.

'ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു...' കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൽ സൃഷ്ടിച്ച ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപതകത്തിനു പിന്നാലെ മണി നടത്തിയ വിവാദ പ്രസംഗം ഇങ്ങനെയായിരുന്നു.

ടിപി വധക്കേസിൽ സിപിഐ(എം) ശക്തമായ പ്രതിരോധത്തിലേക്ക് നീങ്ങേണ്ടിവരികയും വലിയ വിമർശനങ്ങൾ പാർട്ടിക്കകത്തുനിന്നുതന്നെ ഉയരുകയും ചെയ്ത വേളയിലായിരുന്നു ഈ വാക്കുകളുമായി മണി എത്തിയത്. എരിതീയിൽ എണ്ണയൊഴിച്ചതുപോലെ ഈ പ്രസംഗത്തിൽ മണി പറഞ്ഞ അഞ്ചേരി ബേബി വധക്കേസിൽ പാർട്ടിയുടെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഇതോടെ വിഷയം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി പാർട്ടി നടത്തിയ കൊലപാതകങ്ങൾ വെളിപ്പെടുത്തിയെന്ന് വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ബിബിസിയും വിഷയം റിപ്പോർട്ടുചെയ്തു.

ഹൈക്കോടതി നിർദ്ദേശപ്രകാരം പുനരന്വേഷണം അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. എ.ജി. പത്മകുമാറും സംഘവും ചേർന്ന് മണിയെ സ്വഭവനത്തിൽ നിന്നും പുലർച്ചെ അറസ്റ്റ് ചെയ്തു. തുടർന്ന് 44 ദിവസം പീരുമേട് സബ്ജയിലിൽ ഇദ്ദേഹത്തിനു റിമാൻഡിൽ കഴിയേണ്ടിയും വന്നു. അന്ന് മണിയെ പാർട്ടിയിൽ നിന്ന് തരംതാഴ്‌ത്തുക പോലും ചെയ്തു. എന്നാൽ സംസ്ഥാന സമിതിയിൽ തിരിച്ചെത്തിയ മണിയെ ആലപ്പുഴയിലെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗവുമാക്കി. മണക്കാട് പ്രസംഗത്തിന്റെ പേരിലെ നിവർത്തികേടുകൊണ്ട് മാത്രമായിരുന്നു പിണറായി നടപടിക്ക് നിർബന്ധിതനായത്. അപ്പോഴും മനസ്സ് മണിക്കൊപ്പമായിരുന്നു. അതിന്റെ തെളിവ് കൂടിയാണ് മണിയെ എംഎൽഎയായി മത്സരിപ്പിച്ചതും മന്ത്രിയാക്കിയതും.

കൊലക്കേസ് പ്രതിപട്ടികയിൽനിന്നു ഒഴിവാക്കപ്പെടാത്ത സാഹചര്യത്തിൽ എം.എം. മണി മന്ത്രിസഭയിൽ തുടരുമോയെന്നകാര്യത്തിൽ വ്യക്തതയില്ല. മണിയുടെ രാജിക്കായി മുറവിളി ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനു മുന്ന് ഒരു കൊലക്കേസ് പ്രതി മന്ത്രിയായി തുടർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉടുമ്പൻചോലയിൽനിന്ന് നിയമസഭയിലെത്തിയ എം.എം. മണി ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ്. വി എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായിയായിരുന്നെങ്കിലും വിഎസിന്റെ മൂന്നാർ ഓപറേഷനോടെ അദ്ദേഹവുമായി അകന്നു. തുടർന്ന് പാർട്ടിയുടെ ഔദ്യോഗികപക്ഷത്തെ നേതാക്കളിൽ പ്രമുഖനായി.

മന്ത്രി പദവി ഏറ്റെടുത്ത് കേവലം ഒരു മാസം പൂർത്തിയാക്കുമ്പോഴാണ് മണിക്കു തിരിച്ചടിയായി കോടതിയുത്തരവ് ഉണ്ടായിരിക്കുന്നത്. നവംബർ 22നാണ് വൈദ്യുതി മന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്തത്. ഇ.പി. ജയരാജൻ ബന്ധുനിമയന വിവാദത്തിൽക്കുടുങ്ങി രാജിവയ്്കാൻ നിർബന്ധിതനായപ്പോൾ മന്ത്രിസഭയിൽ വന്ന ഒഴിവിലേക്കാണു മണിയെ പരിഗണിച്ചത്. കോൺഗ്രസും ബിജെപിയും മണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് രാജിവയ്ക്കാൻ തയ്യാറല്ലെന്നും എൽഡിഎഫാണു തന്നെ മന്ത്രിയാക്കിയതെന്നും എൽഡിഎഫ് പറഞ്ഞാൽ രാജിവയ്ക്കുമെന്നും എം.എം. മണി പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരുടമെന്നും അദ്ദേഹം വ്യക്തമാക്കി. 

'വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി': രാജിയാവശ്യത്തിൽ മണിയുടെ പ്രതികരണം

തൊടുപുഴ: വിടുതൽഹർജി തള്ളിയതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.എം മണി വ്യക്തമാക്കി. മന്ത്രിസ്ഥാനവും കേസും തമ്മിൽ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്നമാണ്. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് കരുതി രാജിവെക്കാനില്ല.

'വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി' - മണി പ്രതികരിച്ചു. തന്നെ മന്ത്രിയാക്കിയത് എൽഡിഎഫാണ്. മുന്നണി പറയുന്നതുപോലെ ചെയ്യും. തനിക്കെതിരായ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷൻ ബഞ്ചിൽനിന്ന് അനുകൂല വിധി വന്നിട്ടുണ്ട്. 'ഹൈക്കോടതിയും സുപ്രീം കോടതിയും കിടക്കുകയല്ലേ' - അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ പേരിൽ തന്റെ ഒരു രോമത്തിനുപോലും ഒരു പ്രശ്നവുമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

മണക്കാട് പ്രസംഗത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എടുത്ത കേസാണിതെന്ന് അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാരിൽനിന്ന് ഒരു സഹായവും സ്വീകരിക്കാതെ കേസുമായി മുന്നോട്ടുപോകും. സ്വന്തം നിലയിലാണ് അഭിഭാഷകനെ നിയമിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ എൽ.ഡി.എഫ് സർക്കാർ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP