Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിനെ ആനക്കൊമ്പ് കേസ് കരുക്കിലാക്കുമോ? സൂപ്പർതാരത്തിനെതിരായ പരാതിയിൽ വനംവകുപ്പ് ചീഫ് കൺസർവേറ്ററും മറുപടി പറയേണ്ടി വരും; മൂവാറ്റുപുഴ വിജിലൻസ് കോടതി അടുത്തയാഴ്ച വിധി പറയും

മോഹൻലാലിനെ ആനക്കൊമ്പ് കേസ് കരുക്കിലാക്കുമോ? സൂപ്പർതാരത്തിനെതിരായ പരാതിയിൽ വനംവകുപ്പ് ചീഫ് കൺസർവേറ്ററും മറുപടി പറയേണ്ടി വരും; മൂവാറ്റുപുഴ വിജിലൻസ് കോടതി അടുത്തയാഴ്ച വിധി പറയും

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിനൊപ്പം രണ്ടു പേരെക്കൂടി വിജിലൻസ് കോടതി എതിർകക്ഷികളാക്കി. വനംവകുപ്പ് ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ജി.ഹരികുമാർ, സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ ജെ.മാർട്ടിൻ ലോവൽ എന്നിവരെയാണ് എതിർകക്ഷികളാക്കിയത്. വാദത്തിനിടയിലാണ് ഇവർ കൂടി എതിർകക്ഷികളാവേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടിയത്. അടുത്തമാസം നാലിനു വിധി പറയും. ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് ആണ് പരാതിക്കാരൻ.

ആനക്കൊമ്പ് പണം കൊടുത്തുവാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തതിനെ തുടർന്ന് ആദായവകുപ്പ് കേസെടുത്തശേഷം മാത്രമാണ് ആനക്കൊമ്പുകൾ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നു സ്ഥാപിക്കാൻ വെളിപ്പെടുത്തൽ നടത്തിയത്. നിയമപരമായി ഇതു നിലനിൽക്കില്ലെന്നുമാണ് വാദം. മന്ത്രിയും മോഹൻലാലും കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 10 പേരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് വനംവകുപ്പ് ചീഫ് കൺസർവേറ്ററേയും മറ്റുള്ളവരേയും കൂടി എതിർകക്ഷിയാക്കുന്നത്.

മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർ നടപടിയുണ്ടായില്ലെന്ന് കാട്ടി മുന്മന്ത്രി തിരുവഞ്ചൂരിനെയും മോഹൻലാലിനെയും പ്രതികളാക്കിയാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. അഴിമതി നിരോധന നിയമ പ്രകാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒന്നാം പ്രതിയായും മോഹൻലാൽ ഏഴാം പ്രതിയുമായി പത്ത് പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മുൻ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസർ ഐ.പി.സനൽ, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാർ, തൃക്കാക്കര അസി.പൊലീസ് കമ്മീഷണർ ബിജോ അലക്‌സാണ്ടർ, തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണൻ എന്നിവരാണ് ഹർജിയിലെ മറ്റ് പ്രതികൾ.

മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെടുത്തത്. എന്നാൽ സംഭവത്തിൽ എഫ്‌ഐആർ ഇടാനോ മോഹൻലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പൊലീസോ തയ്യാറായിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്ന് പറയുമ്പോഴും അത് നിയമപരമായി കുറ്റകരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മോഹൻലാലിന്റെ തന്നെ ആർട്ട് ഗ്യാലറിയിൽ നിന്നുമാണ് കണ്ടെടുത്തതെന്നും നിയമവിരുദ്ധമായി പ്രദർശിപ്പിച്ചിട്ടുള്ളതാണെന്നും കഴിഞ്ഞ 50 മാസമായി ഇഴഞ്ഞുനീങ്ങുന്ന കേസിലൂടെ മോഹൻലാലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നും ഹർജിക്കാരൻ പറയുന്നു.

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തികളാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് കാണിച്ചാണ് ഹർജി. മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പ് പിടിച്ചത്. പിന്നീട് കേസ് വനം വകുപ്പിന് കൈമാറി. കോടനാട് റെയ്ഞ്ചിലെ മേക്കപ്പാലം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതി ഉന്നതനായതിനാൽ കേസ് പിൻവലിക്കുകയും തൊണ്ടി വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുമതി നൽകുകയും ചെയ്തു എന്നാണ് പൗലോസിന്റെ പരാതി. സാധാരണക്കാരനാണെങ്കിൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന കേസിൽ സർക്കാരും വനം വകുപ്പും ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP