Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി വ്യാപകമായ പരാതി; രണ്ടു കൊല്ലം മുമ്പ് സ്ത്രീപീഡന കേസിൽപെട്ടെങ്കിലും നടപടി ഒഴിവാക്കി തിരിച്ചുവന്ന നേതാവിനെതിരെ വീണ്ടും പീഡനാരോപണം; നടപടി ആവശ്യപ്പെട്ടപ്പോൾ സ്ഥലംമാറ്റി ശിക്ഷിച്ചത് പരാതിക്കാരിയെ തന്നെ; നീതിതേടി ഇര ഹൈക്കോടതിയിൽ

കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി വ്യാപകമായ പരാതി; രണ്ടു കൊല്ലം മുമ്പ് സ്ത്രീപീഡന കേസിൽപെട്ടെങ്കിലും നടപടി ഒഴിവാക്കി തിരിച്ചുവന്ന നേതാവിനെതിരെ വീണ്ടും പീഡനാരോപണം; നടപടി ആവശ്യപ്പെട്ടപ്പോൾ സ്ഥലംമാറ്റി ശിക്ഷിച്ചത് പരാതിക്കാരിയെ തന്നെ; നീതിതേടി ഇര ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി പരാതികൾ വ്യാപകമാകുന്നു. കുറ്റക്കാർക്കെതിരെ പരാതിപ്പെട്ടാൽ അവർക്കെതിരെയല്ല, മറിച്ച് പരാതിപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനും സ്ഥലംമാറ്റാനുമാണ് നടപടികൾ ഉണ്ടാകുന്നതെന്ന ആക്ഷേപവും പല സ്ത്രീ ജീവനക്കാരും ഉന്നയിക്കുന്നു. സ്ത്രീ പീഡന കേസിൽ മുൻപ് പിടിയിലായതിന്റെ പേരിൽ യൂണിയൻ, പാർട്ടി സ്ഥാനങ്ങളിൽ നിന്നും 2 വർഷം മുൻപ് ഒഴിവാക്കിയ നേതാവിനെതിരെയാണ് ഇപ്പോൾ വീണ്ടും ആക്ഷേപം ഉയർന്നിരിക്കുന്നത്.

ഇയാൾക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യക്തമാക്കി ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പരാതി ഒരാഴ്ചക്കുള്ളിൽ പരിഗണിക്കാൻ ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി സ്ത്രീകളുടെ സുരക്ഷയ്ക്കായി കോർപ്പറേഷനിൽ നിയമാനുസൃതം രൂപീകരിക്കേണ്ട കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാലാ കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരിയാണ് അതേ ഓഫീസിലെ സീനിയർ സൂപ്രണ്ടും കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനായ കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റുമായ എം തുഷാറിനെതിരെയും അതേ യൂണിറ്റിലെ പെയിന്റർ അജിത്തിനെരെയും പരാതി നൽകിയത്. ഇതിൽ നടപടിയെടുക്കാത്തതിനെ തുടർന്ന അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്ത്രീ പീഡനത്തിനെതിരെ ഉന്നതർക്കു പരാതി നൽകിയതിന്റെ പേരിൽ ചീഫ് ഓഫീസിലെ തൊഴിലാളി യൂണിയൻ സ്വാധീനമുപയോഗിച്ച് പരാതിക്കാരിയെ വിദൂര ജില്ലയിലേക്കു സ്ഥലം മാറ്റാൻ ശ്രമിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. നേതാവിനെ രക്ഷിക്കാൻ കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയൻ സംസ്ഥാന നേതൃത്വം തന്നെ രംഗത്തിറങ്ങിയെന്ന ആക്ഷേപവും ഉയരുന്നു.

അവധി ദിവസമായിരുന്നിട്ടും 2 ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പണികൾക്കായി യൂണിറ്റധികാരിയുടെ കർശന നിർദ്ദേശ പ്രകാരമായിരുന്നു പരാതിക്കാരി 2016 ഡിസംബർ നാലിന് ഞായറാഴ്ച ജോലിക്കെത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ ജോലിക്ക് എത്തേണ്ടതില്ലാത്ത ഓഫീസ് സൂപ്രണ്ട് ഈ ദിവസം വർക്ക് ഷോപ്പിലെത്തി പരാതിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം.

ഉടനടി യൂണിറ്റ് ഓഫീസറായ എറ്റിഒയ്ക്കു പരാതി നൽകിയെങ്കിലും യൂണിയൻ സ്വാധീനത്താൽ നടപടിയെടുക്കുകയോ പരാതി പൊലീസിലേക്ക് മേൽ നടപടികൾക്കായി അയക്കുകയയോ ചെയ്തില്ല. വനിതാ ജീവനക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാത്ത എറ്റിഒ ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയത്.

സംഭവത്തിൽ ഡിസംബർ ആറിന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകി. എന്നാൽ ആ പരാതിയുടെ വിശദാംശങ്ങൾ ചീഫ് ഓഫീസിൽ നിന്നും തന്നെ യൂണിയൻ നേതാക്കൾ പ്രതിയെ അറിയിക്കുകയായിരുന്നു. 2013 ലെ സെക്ഷ്വൽ ഹരാസ്‌മെന്റ് ഓഫ് വുമൺ അറ്റ് വർക്ക് പ്ലെയ്‌സ് (പ്രീവെൻഷൻ, പ്രൊഹിബിഷൻ, റിട്രസ്സൽ ആക്ട് 2013 പ്രകാരം രൂപീകരിക്കേണ്ട വനിതകൾ അടങ്ങിയ പരാതി പരിഹാര കമ്മറ്റി കെഎസ്ആർടിസിയിൽ രൂപീകരിച്ചിട്ടില്ല. ഇതേ നിയമപ്രകാരം പരാതിക്കാരി ആവശ്യപ്പെട്ടാൽ പ്രതിയെ ജോലി സ്ഥലത്തു നിന്നും അകലെയുള്ള ഓഫീസിലേക്കു സ്ഥലം മാറ്റേണ്ടതുണ്ട്.

എന്നാൽ പ്രതിയെ സ്ഥലം മാറ്റുന്നതിനു പകരം പരാതിക്കാരിയെ പാലായിൽ നിന്നും ഏറെ അകലെയുള്ള കുമളിയിലേക്കു പരാതിക്കാരിയുടെ പേരു പോലും പരാമർശിക്കാതെ PL 3/ 2706/ 16, 6. 1. 2017 ഉത്തരവ് പ്രകാരം സ്ഥലം മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ പേരിനു പകരം തൊഴിൽ തസ്തിക പറഞ്ഞായിരുന്നു സ്ഥലം മാറ്റം. കെഎസ്ആർടിസിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലം മാറ്റം.

പരാതിക്കാരിയുടെ സ്ഥലംമാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് ചീഫ് ഓഫീസിലെ പേഴ്‌സണൽ സെക്ഷനിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറും പേഴ്‌സണൽ മാനേജരുടെ ചുമതല വഹിക്കുന്ന വ്യക്തിയും കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയന്റെ ഉപദേശകനുമായ ഷംസുദ്ദീൻ ആയിരുന്നുവെന്നാണ് ആക്ഷേപം. തുഷാറിന്റെ ചീഫ് ഓഫീസിലെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണദ്ദേഹം.

സ്ത്രീപീഡന കേസിൽ പരാതിപ്പെട്ട വനിതയെയാണ് സ്ഥലം മാറ്റുന്നതെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടും എക്‌സിക്യുട്ടീവ് ഡയറക്ടർ ഭരണവിഭാഗം മേധാവി ശ്രീകുമാറിന്റെ രഹസ്യ അനുമതിയോടെയായിരുന്നു സ്ഥലം മാറ്റമെന്നും പരാതി ഉയർന്നിട്ടുണ്ട്. പരാതിക്കാരിയെ സ്ഥലം മാറ്റുന്നതിനായി കുമളി യൂണിയനിൽ പണിയെടുത്തിരുന്ന ജയൻ എന്ന തൊഴിലാളിയെ കൊണ്ട് സ്ഥലം മാറ്റത്തിനുള്ള അപേക്ഷ വാങ്ങി അതിന്റെ മറവിലായിരുന്നു ഈ നീക്കം നടത്തിയത്.

പരാതിക്കാരിയെ കുമളിയിലേക്കു സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിനെതിരെ മാനേജിങ് ഡയറക്ടർക്ക് പരാതിപ്പെട്ടതിൻ പ്രകാരം ഒമ്പതാം തീയതി തന്നെ സ്ഥലം മാറ്റം റദ്ദാക്കി കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ജയൻ ഹൈക്കോടതിയെ സമീപിച്ചു. പാലായിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കാൻ കോടതി ഉത്തരവിട്ടു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

പാലായിലെ ജോലി സ്ഥലത്തെ ലൈംഗിക പീഡന കേസിലെ പ്രതിയായ തുഷാർ 2014 ലും സമാനമായ കുറ്റത്തിന് തൊഴിലാളി യൂണിയനിൽ നിന്നു തന്നെ ശിക്ഷ ഏറ്റു വാങ്ങിയ വ്യക്തിയാണ്. സിഐറ്റിയു യൂണിയന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും 2014ൽ തന്നെ നീക്കം ചെയ്യപ്പെട്ട തുഷാർ 2016ൽ വി എസ് അച്യുതാനന്ദന്റെ പ്രത്യേക താൽപ്പര്യ പ്രകാരമായിരുന്നു പാലാ യൂണിറ്റ് കെഎസ്ആർടിഇഎ പ്രസിഡന്റായതും സിഐറ്റിയുവിന്റെ പാലാ ഏരിയ ഭാരവാഹിയായതും. പാർട്ടിയുടെ ഏരിയാ കമ്മറ്റി ഭാരവാഹികൾ എതിർത്തിട്ടും ഉന്നതതല സമ്മർദ്ദം മൂലമായിരുന്നു തുഷാറിനെ വീണ്ടും നേതൃത്വ പദവിയിലെത്തിച്ചത്. 300ൽ പരം അംഗങ്ങളുള്ള പാലാ കെഎസ്ആർടിഇഎ യൂണിറ്റ് കമ്മറ്റിയിൽ അടുത്ത നാളിലെ യോഗത്തിൽ പങ്കെടുത്തത് 30ൽ താഴെമാത്രം അംഗങ്ങളായിരുന്നു.

തുഷാറിന്റെ കൂടെ കൂട്ടു പ്രതിയായ അജിത്തിന്റെ ഭാര്യയുടെ പേരിൽ പാലാ സ്റ്റാന്റിൽ തന്നെ അനധികൃതമായി കോഫീ ബാർ നടത്തുകയാണെന്നും ജോലി സമയത്തൊക്കെ വർക്കു ഷോപ്പിൽ പണിയെടുക്കുന്നതിനു പകരം കോഫീ ഷോപ്പിലാണ് പണിയെടുക്കുന്നതെന്നും ആക്ഷേപം വ്യാപകമാണ്. ഒരാഴ്ചക്കകം കമ്മറ്റി രൂപീകരിക്കാനും പരാതിയിൽ തീരുമാനമെടുക്കാനും ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഇതിൽ തീരുമാനമെടുക്കേണ്ട എക്‌സിക്യുട്ടീവ് ഡയറക്ടർ ഭരണ വിഭാഗം ശ്രീകുമാറും പേഴ്‌സണൽ മാനേജരുടെ ചുമതല വഹിക്കുന്ന ഷംസുദ്ദീനും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനാൽ പരാതിയിൽ തീരുമാനമൊന്നുമായില്ല.

ഏറെ വനിതകൾ പണിയെടുക്കുന്ന കെഎസ്ആർടിസിയിൽ നിയമാനുസൃതം രൂപീകരിക്കേണ്ട പരാതി പരിഹാര കമ്മറ്റി നാളിതുവരെ രൂപീകരിക്കാത്തതും. തൊഴിലാളി യൂണിയൻ സംരക്ഷണത്തിന്റെ മറവിൽ കേസിലെ പ്രതിയെ സ്ഥലം മാറ്റേണ്ടതും സസ്‌പെൻഷൻ അടക്കമുള്ള നടപടികളെടുക്കാത്തതും അടുത്ത ദിവസങ്ങളിൽ എൽഡിഫിനെതിരായ വലിയ ആരോപണമായി മാറുമെന്ന നിലയിലേക്കാണ് നീങ്ങുന്നത്. പ്രത്യേകിച്ചും സ്ത്രീസുരക്ഷ സംഭന്ധിച്ചുള്ള വിഷയങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP