Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ്‌നാടിന്റെ ക്വാട്ട കുറച്ച് കർണാടകത്തിന് 14.75 ടിഎംസി ജലം അധികം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി; കർണാടകത്തിലെ കുടിവെള്ളവിതരണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിച്ച് പുതിയ തീരുമാനം; കാവേരി തർക്കത്തിൽ കൂടുതൽ വെള്ളം ചോദിച്ച് സുപ്രീംകോടതിയിൽ എത്തിയ തമിഴ്‌നാടിന് തിരിച്ചടി; തമിഴ്‌നാട്ടിലും കർണാടകത്തിലും വൻ സുരക്ഷ; 98 ടിഎംസി വെള്ളം വേണമെന്ന് വാദിച്ച കേരളത്തിന് കൂടുതൽ വെള്ളമില്ല

തമിഴ്‌നാടിന്റെ ക്വാട്ട കുറച്ച് കർണാടകത്തിന് 14.75 ടിഎംസി ജലം അധികം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി; കർണാടകത്തിലെ കുടിവെള്ളവിതരണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിച്ച് പുതിയ തീരുമാനം; കാവേരി തർക്കത്തിൽ കൂടുതൽ വെള്ളം ചോദിച്ച് സുപ്രീംകോടതിയിൽ എത്തിയ തമിഴ്‌നാടിന് തിരിച്ചടി; തമിഴ്‌നാട്ടിലും കർണാടകത്തിലും വൻ സുരക്ഷ; 98 ടിഎംസി വെള്ളം വേണമെന്ന് വാദിച്ച കേരളത്തിന് കൂടുതൽ വെള്ളമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ട്രിബ്രൂണൽ അനുവദിച്ചതിനേക്കാൾ അധികജലം ഉപയോഗിക്കാൻ കർണാടകത്തിന് അനുവദിച്ച് സുപ്രീംകോടതി. കർണാടകത്തിന് കൂടുതലായി അനുവദിച്ചത് 14.75 ടിഎംസി ജലം. കർണാടകത്തിലെ കുടിവെള്ള ആവശ്യം കൂടി പരിഗണിച്ചാണ് ട്രിബ്യൂണൽ തമിഴ്‌നാടിന് അനുവദിച്ച ജലത്തിൽ നിന്ന് 15 ടിഎംസിയോളം വെള്ളത്തിൽ കുറവുവരുത്തി അത് കർണാടകത്തിന് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ്.

അതേസമയം കൂടുതൽ വെള്ളം വെണമെന്ന് ആവശ്യപ്പെട്ട തമിഴ്‌നാടിന് വിധി തിരിച്ചടിയാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കന്നഡവിരുദ്ധ സമരത്തിന് സാധ്യത കൂടുമെന്ന വിലയിരുത്തലും പുറത്തുവരുന്നു. നിലവിൽ കേരളത്തിന് 30 ടിഎംസി ജലവും പുതുച്ചേരിക്ക് ഏഴ് ടിഎംസി ജലവുമാണ് കാവേരി ട്രിബ്യൂണൽ വിധിപ്രകാരം ലഭിക്കുന്നത്. ട്രിബ്യൂണൽ വിധിപ്രകാരം 192 ടിഎംസി വെള്ളമാണ് തമിഴ്‌നാട്ടിന് നൽകേണ്ടിയിരുന്നത്. ഇത് 177.25 ടിഎംസിയായി കുറച്ചുകൊണ്ടാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഉത്തരവ്.

ഇരുപത് വർഷമായി തുടരുന്ന കാവേരി ജലതർക്കത്തിൽ സുപ്രധാന വിധി പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് രാവിലെ പത്തരയ്ക്കാണ് വിധി പറയുന്നത്. രണ്ടായിരത്തി ഏഴിലെ കാവേരി ട്രിബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് തമിഴ്‌നാട്, കർണാടക, കേരള സർക്കാരുകളാണ് അപ്പീൽ സമർപ്പിച്ചത്. കാവേരിയിൽ നിന്ന് 99.8 ടി.എം.സി ജലം വിട്ടുകിട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം, കർണാടകം വിധിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ ഉൾപ്പെടെ കുടിവെള്ള വിതരണത്തിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

2017 സെപ്റ്റംബർ 20ന് ഏറെ വാദങ്ങൾക്ക് ശേഷമാണ് കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണലിന്റെ വിധി വന്നത്. ഇതിനെതിരെയാണ് കൂടുത്ൽ വെള്ളം വേണമെന്ന് ആവശ്യവുമായി തമിഴ്‌നാട്, കർണാടക, കേരള സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എത്തുന്നത്. കേസിൽ ഇന്ന് വിധി വരുന്ന സാഹചര്യത്തിൽ കർണാടകത്തിലും തമിഴ്‌നാട്ടിലും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്-കന്നഡ ഏറ്റുമുട്ടലിലേക്ക് മുമ്പെല്ലാം കാര്യങ്ങൾ എത്തിയതുപോലെ ഇക്കുറി ഉണ്ടാവാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിധി എന്തായാലും അത് മൂന്ന് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങളെ ബാധിക്കുമെന്ന സ്ഥിതിയുമുണ്ട്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ കർഷകർ ജലസേചനത്തിന് ഏറെ ആശ്രയിക്കുന്നത് കാവേരിയെയാണ്. ബംഗളൂരു പോലെയുള്ള നഗരങ്ങളിൽ കുടിവെള്ളത്തിന് ഉപയോഗിക്കുന്നതും നദിയിലെ വെള്ളമാണ്. അതിനാൽ കോടതിവിധി സംസ്ഥാന സർക്കാരിന് എതിരെ തിരിയുമെന്ന ആശങ്കയുമുണ്ടായിരുന്നു. എ്ന്നാൽ കർണാടകത്തിന് നിലവിൽ കൂടുതൽ വെള്ളം കിട്ടിയ സാഹചര്യത്തിൽ അത് നിലവിലുള്ള കോൺഗ്രസ് സർക്കാരിന് അൽപമെങ്കിലും ആശ്വാസമായേക്കും.

കാവേരി നദീജല തർക്കം, സുപ്രീംകോടതി, വിധി, കർണാടകത്തിന് കൂടുതൽ ജലം, കുടിവെള്ളം, കേരളത്തിന് പഴയപടി, തമിഴ്‌നാട് സർക്കാർ

നൂറ്റാണ്ടുകളായി കന്നഡ-തമിഴ് കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് കാവേരീ നദി. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ് അധികാരികൾ അത് എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം.

തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക് ജലം എത്താൻ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി.എഫ്. റ്റി ജലത്തിന് തമിഴ്‌നാടിന് അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടകഭാഗത്ത് ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക് തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തിൽ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയിൽ 1959-ൽ കർണാടകം ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട് പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയിൽ അണക്കെട്ടുണ്ടാക്കാൻ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിർപ്പു ശക്തമായി. എന്നാൽ പഴയ കരാർ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാകയാൽ കാലഹരണപ്പെട്ടുവെന്നായിരുന്നു കർണ്ണാടകത്തിന്റെ വാദം.

1970 മുതൽ കാവേരീ പ്രശ്‌നം ഒരു ട്രിബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടാൻ തുടങ്ങി. 1974-ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. തുടർന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച് 1991-ൽ വി.പി. സിങ് സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന് 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

തമിഴ്‌നാടും കർണ്ണാടകവും തമ്മിലുള്ള തർക്കം തുടർന്നുകൊണ്ടിരിക്കുന്നു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉൾപ്പെടുന്നതുകൊണ്ട് കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട് പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങൾ ന്യായികരിച്ചുകൊണ്ട് ഈ തർക്കങ്ങളിൽ ഇടപെടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP