Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നടന്ന കൊലപാതകത്തിൽ യഥാർഥ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; കുറ്റം ആരോപിക്കപ്പെട്ട തൊഴിലാളികളെ വിചാരണക്കോടതി വെറുതെ വിട്ടു

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നടന്ന കൊലപാതകത്തിൽ യഥാർഥ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; കുറ്റം ആരോപിക്കപ്പെട്ട തൊഴിലാളികളെ വിചാരണക്കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ കൊലപാതക കേസിൽ ഏഴു പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ നാലാം പ്രതി സമീർ അൻസാരി ഒഴികെയുള്ള മറ്റുമുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.

2012 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. കൺസോളിഡേറ്റഡ് കൺസ്ട്രക്ഷൻസ് കൺസോർഷ്യം (സിസിസിഎൽ) എന്ന കമ്പനിയുടെ കുളത്തൂർ തമ്പുരാന്മുക്കിലുള്ള ലേബർ ക്യാമ്പിൽ ഇരുവിഭാഗം തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ മുന്ന രാജവൻശി (27) എന്ന ഇതര സംസ്ഥാന തൊഴിലാളിയാണു കുത്തേറ്റു മരിച്ചത്.

കേസിൽ ഏഴു പ്രതികളെ വെറുതെ വിട്ടുകൊണ്ട് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണു വിധി പുറപ്പെടുവിച്ചത്.
രണ്ടാം പ്രതി രാജ് നാരായണിനെയും സുഹൃത്തുക്കളെയും ഒന്നാം പ്രതി ഗരീഭനും കൂട്ടാളികളും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പിടിച്ചുമാറ്റാൻ ചെന്ന മുന്നയെ രാജ് നാരായൺ കുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

മാരകമായി പരിക്കേറ്റ മുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 ഓഗസ്റ്റ് ഒന്നിനു മരണമടഞ്ഞു. മുന്ന അക്രമികളുടെയൊപ്പം ചേർന്നു എന്നു കരുതിയാണ്, കുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. തൊഴിലാളികൾ എല്ലാവരും ബീഹാർ സ്വദേശികളായിരുന്നു. മൂന്നുമുതൽ എട്ടുവരെ പ്രതികൾ 2012 ജൂലൈ 30നും ഒന്നാംപ്രതി ഗരീഭൻ ജൂലൈ 31നും രണ്ടാംപ്രതി രാജ് നാരായൺ ഓഗസ്റ്റ് 10നും അറസ്റ്റിലായി. അനധികൃത സംഘം ചേരൽ, മാരകായുധങ്ങളുപയോഗിച്ച് മനഃപൂർവ്വം പരിക്കേൽപ്പിക്കൽ, വധശ്രമം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ (ഐപിസി 143, 147, 148, 149, 324, 307, 302) ചേർത്ത് എട്ടുപ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വിചാരണയ്ക്കിടെ നാലാം പ്രതി സമീർ അൻസാരി ജാമ്യത്തിലിറങ്ങി മുങ്ങി. ജാമ്യത്തിലിറക്കാൻ ആരും തയ്യാറാകാതിരുന്നതിനെ തുടർന്ന് മറ്റുള്ളവർ മൂന്നുവർഷമായി വിചാരണത്തടവ് അനുഭവിച്ചു വരികയായിരുന്നു.

2015 മെയ്‌ 26നു തുടങ്ങിയ വിചാരണ ജൂലായ് 9 വരെ തുടർന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 44 എക്‌സിബിറ്റുകളും 9 തൊണ്ടിമുതലുകളും കോടതിമുമ്പാകെ പരിശോധനയ്ക്ക് സമർപ്പിച്ചു. അഡ്വ. സ്മിത സൂസൻ തോമസ്, അഡ്വ. താഹിൻ കെ ബാനു എന്നിവർ പ്രതികൾക്കുവേണ്ടി ഹാജരായി. പ്രതികൾക്കു സ്വന്തമായി കേസ് നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാൽ ലീഗൽ സർവീസ് അഥോറിറ്റിയാണ് അഭിഭാഷകരെ വിട്ടുനൽകിയത്. കൊലപാതകത്തിൽ പ്രതികളുടെ ഉദ്ദേശ്യം സ്ഥാപിക്കാനോ പങ്ക് വെളിപ്പെടുത്താനോ പ്രതികളെ തിരിച്ചറിയാൻ പോലുമോ പ്രോസിക്യൂഷനു സാധിച്ചില്ല. അന്വേഷണത്തിൽ പൊലീസ് കാട്ടിയ അലംഭാവവും കേസ് നടത്തുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികൾക്ക് സഹായകമായി.

അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ലേബർ ക്യാമ്പിലെ ദുരിതാവസ്ഥയും വിചാരണയ്ക്കിടെ കോടതിയിൽ ചുരുളഴിഞ്ഞു. കൊലപാതകക്കുറ്റത്തിൽ നിന്ന് മോചനം ലഭിച്ചെന്നറിഞ്ഞതോടെ നിറകണ്ണുകളോടെയാണ് പ്രതികൾ കൂടുവിട്ടത്.

നാട്ടിൽ കൊടിയ ദാരിദ്ര്യമായതിനാലാണു കേരളത്തിലേക്കു ജോലിക്കു വന്നതെന്ന് മൂന്നാം പ്രതിയായിരുന്ന ഷൊയിബ് അക്തർ പറഞ്ഞു. 'എന്റെ മാതാവ് ശയ്യാവലംബിയാണ്. കുടുംബത്തെയോർത്തും മൂന്നുവയസ്സായ മകളെ ഓർത്തുമാണ്, ഞാൻ ജീവിതമാർഗ്ഗം തേടി കേരളത്തിലെത്തിയത്. മൂന്നുവർഷം ജയിലിൽ നരകിക്കാനായിരുന്നു, വിധി. ഒഴിഞ്ഞ കൈകളുമായിവേണം, കുടുംബത്തേക്ക് മടങ്ങാൻ. ഇനിയൊരിക്കലും ഇങ്ങോട്ടേക്കു മടങ്ങിവരവുണ്ടാവില്ല'- നിറകണ്ണുകളോടെ ഷൊയിബ് അക്തർ പറഞ്ഞു.

മുന്ന കൊല്ലപ്പെട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ കണ്ടുപിടിക്കുന്നതിനോ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ തൊഴിൽ അന്വേഷിച്ച് എത്തിയിട്ടുള്ളത്. കൊടിയ ദുരിതങ്ങളും ചൂഷണങ്ങളുമാണ്, വർഷങ്ങളായി ഇവർ സംസ്ഥാനത്ത് നേരിടുന്നത്. ഇവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി 2015 ജൂലായ് 15ന് കേരള നിയമസഭയിൽ തൊഴിൽകാര്യമന്ത്രി ഷിബു ബേബി ജോൺ, കേരള മൈഗ്രന്റ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ബിൽ അവതരിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP