Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിന് ജാമ്യമില്ല; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; പ്രതി നടത്തിയ ക്രൂരമായ കുറ്റകൃത്യമെന്നും പരാമർശം; പൊലീസ് സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചു; ജനപ്രിയ താരവും പൾസറും ഫോണിൽ ബന്ധപ്പെട്ടു; പ്രതിയുടെ അമ്മയുടെ അക്കൗണ്ടിൽ ഒരു ലക്ഷം എത്തിയതും തെളിവ്; പ്രോസിക്യൂഷൻ വാദങ്ങൾക്ക് കോടതിയുടെ അംഗീകാരം

ദിലീപിന് ജാമ്യമില്ല; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; പ്രതി നടത്തിയ ക്രൂരമായ കുറ്റകൃത്യമെന്നും പരാമർശം; പൊലീസ് സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചു; ജനപ്രിയ താരവും പൾസറും ഫോണിൽ ബന്ധപ്പെട്ടു; പ്രതിയുടെ അമ്മയുടെ അക്കൗണ്ടിൽ ഒരു ലക്ഷം എത്തിയതും തെളിവ്; പ്രോസിക്യൂഷൻ വാദങ്ങൾക്ക് കോടതിയുടെ അംഗീകാരം

അർജുൻ സി വനജ്‌

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇതോടെ ആലുവ ജയിലിൽ താരത്തിന്റെ ജയിൽവാസം തുടരുമെന്ന് ഉറപ്പായി. ഹൈക്കോടതി ജാമ്യം നൽകാത്ത സാഹചര്യത്തിൽ താരം ജാമ്യത്തിനായി ഇനി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങിയേക്കും. മുതിർന്ന അഭിഭാഷകൻ രാംജത് മലാനിയെ ഇതിനായി ദിലീപ് സമീപിച്ചതായി സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ജാമ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിക്കാനാണ് നീക്കം.

ജൂൺ 16ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദിച്ചത്. ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ദിലീപിനെതിരായ 19തോളം തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യതെളിവുകളെ മുഖവിലയ്‌ക്കെടുക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. താരത്തിനെതിരെ പ്രഥമ ദൃഷ്ടാ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതി നടത്തിയ ക്രൂരമായ കുറ്റകൃത്യമെന്നും പരാമർശം നടത്തി. ഇത് ദിലീപിന് കനത്ത തിരിച്ചടിയാകുമെന്നാണ് അറിയുന്നത്.

നാലു തവണ ദിലീപും പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ദിലീപ് ആണ്. ചിത്രം പകർത്തിയ മൊബൈൽ കണ്ടെത്തുവാൻ കസ്റ്റഡി അനിവാര്യമാണ്. പ്രതികളെല്ലാം ഒരേ മൊബൈൽ ടവറിനു കീഴിൽ എത്തിയിരുന്നു. പൾസർ സുനിയുടെ കത്തും പ്രോസിക്യുഷൻ കോടതിയിൽ വായിച്ചു. എല്ലാ പ്രതികളുടെയും മൊഴികൾ വിരൽ ചൂണ്ടുന്നത് ദിലീപിലേക്കാണ്. അതിനാൽ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയിൽ ഊന്നിയുള്ള വാദമായിരുന്നു ഇത്.

ദിലീപിനെതിരായ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിനായി രാംകുമാർ ചൂണ്ടിക്കാട്ടിയത്. ക്രമിക്കപ്പെട്ട നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ല. ദിലീപിനോട് വൈരാഗ്യമുണ്ടെന്നും അവർ പറഞ്ഞിട്ടില്ല. ദിലീപിനെതിരെ തെളിവില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നു. അതാണ് പൊലീസ് തെളിവായി പറയുന്നത്. ഗൂഢാലോചന വാദം തെറ്റാണ്. രണ്ടു പേർ ഒരു കാറിനുള്ളിൽ ഇരുന്ന് സംസാരിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്. കുറ്റകൃത്യം ചെയ്യാനുള്ള മാനസിക ഐക്യം ഉണ്ടെങ്കിലേ ഗൂഢാലോചനയാകൂവെന്നും വാദിച്ചു.

പൾസർ സുനിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പൊലീസ് ഉന്നയിക്കുന്ന വാദങ്ങൾക്ക് തെളിവില്ല. പൾസർ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സാന്നിധ്യമാണ്. അതാണ് ദിലീപിനെതിരെ ഗൂഢാലോചനയായി ഉയർത്തിക്കാട്ടുന്നത്. പൊലീസ് പറയുന്ന 19 തെളിവുകളിൽ എട്ടെണ്ണം ദിലീപിനെതിരെയുള്ളതല്ല. പല തവണയായി 26 മണിക്കൂർ ചോദ്യം ചെയ്തുകഴിഞ്ഞു. അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ വയ്ക്കുന്നത് ഉചിതമല്ലെന്നും അഡ്വ. രാംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾ ചൂണ്ടിക്കാട്ടിയതോടെ പ്രതിഭാഗത്തിന്റെ വാദങ്ങൾ തീർത്തും അപ്രസക്തമായി. ഇതോടെ താരത്തിന്റെ ആലുവയിലെ ജയിൽവാസം ഇനിയു തുടരുമെന്ന് ഉറപ്പായി.

വാദത്തിനിടെ നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. പൾസർ സുനി വിളിക്കുമ്പോൾ അപ്പുണിയും ദിലീപും ഒരേ മൊബൈൽ ടവറിനുള്ളിലായിരുന്നു. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.

വാദം പുരോഗമിക്കുന്നതിനിടെ അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയിൽ നിന്ന് വിമർശനം ഉയർന്നതായും റിപ്പോർട്ടുണ്ട്. ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ട് മജിസ്ട്രേറ്റ് കോടതി നടത്തിയ പരാമർശമാണ് ഇതിന് ആധാരം. ജാമ്യം നിഷേധിക്കുന്നത് സമാനമനസ്‌കർക്കുള്ള പാഠമാണെന്നായിരുന്നു പരാമർശം. ജാമ്യം തള്ളിക്കൊണ്ടുള്ള പരാമർശം അനവസരത്തിലുള്ളതെന്നായിരുന്നു വിമർശനമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP