Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ ജേക്കബ് തോമസിനെ അഴിമതിക്കാരൻ ആക്കാനുള്ള ആദ്യ ശ്രമം കോടതി തടഞ്ഞു; സ്വകാര്യ കോളേജിൽ പഠിപ്പിച്ച് വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ ജേക്കബ് തോമസിനെ അഴിമതിക്കാരൻ ആക്കാനുള്ള ആദ്യ ശ്രമം കോടതി തടഞ്ഞു; സ്വകാര്യ കോളേജിൽ പഠിപ്പിച്ച് വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഴിമതിക്കെതിര ശക്തമായ നിലപാട് സ്വീകരിക്കുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യ കോളേജിൽ പഠിപ്പിച്ച് പണം വാങ്ങിയെന്ന കേസിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോടതി തള്ളിക്കളഞ്ഞത്. സർവീസ് ചട്ടങ്ങൾ ജേക്കബ് തോമസ് ലംഘിച്ചു എന്നതായിരുന്നു ഹർജിക്കാരുടെ ആരോപണം. എന്നാൽ, ഈ കേസിൽ ജേക്കബ് തോമസിനെ പിന്തുണച്ചാണ് സർക്കാർ വീണ്ടും ഹൈക്കോടതിയിൽ നിലപാടെടുത്തത്. ഇതോടെയാണ് സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി നിർദേശിച്ചതും.

ജേക്കബ് തോമസിനെതിരായ സിബിഐ അന്വേഷണം ദുരൂഹമാണ്. യുഡിഎഫ് മന്ത്രിമാർക്കെതിരായ അഴിമതി കേസുകളിൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികാരമാണ് അന്വേഷണം. വിജിലൻസ് ഡിജിപി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

സർക്കാർ സർവീസിലിരിക്കെ ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്ന ആരോപണം ശരിയല്ല. അക്കാലയളവിൽ ജേക്കബ് തോമസ് അവധിയിലായിരുന്നു. സർക്കാർ അവധിക്ക് അനുമതി നൽകിയിരുന്നു. ഈ കാലയളവിൽ അദ്ദേഹം ശമ്പളം വാങ്ങിയിരുന്നില്ല. സ്വകാര്യ കോളേജിൽ ജോലി ചെയ്യുമ്പോൾ ജേക്കബ് തോമസ് ശമ്പളമല്ല ഓണറേറിയമാണ് കൈപ്പറ്റിയത്. പിന്നീട് ആ പണം ജേക്കബ് തോമസ് തിരിച്ചടച്ചതായും അഡ്വക്കേറ്റ് ജനറൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം സർക്കാർ നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ചതാണ്. ഈ കേസ് വീണ്ടും അന്വേഷിക്കുന്നതിൽ യുക്തിയില്ല. ഏതെങ്കിലും കേസ് ഏറ്റെടുക്കാൻ സർക്കാരോ കോടതികളോ നിർദ്ദേശിക്കുമ്പോൾ നിരവധി തടസ്സങ്ങൾ അറിയിക്കുകയാണ് സിബിഐയുടെ പതിവ്. എന്നാൽ ജേക്കബ് തോമസിനെതിരായ പരാതി കോടതി ഫയലിൽ സ്വീകരിക്കുന്നതിന് മുൻപേ തന്നെ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധത അറിയിച്ചത് ദുരൂഹമാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം 14 ലേക്ക് മാറ്റി.

കെടിഡിഎഫ്‌സി എംഡി ആയിരിക്കെ അവധിയെടുത്തുകൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്യുകയും ശമ്പളം വാങ്ങിയെന്നും പരാതിപ്പെട്ടുള്ള ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. വാങ്ങിയ ശമ്പളം ജേക്കബ് തോമസ് പിന്നീട് തിരിച്ച് നൽകിയതായി നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതിനിടെ ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാൻ തയ്യാറെന്ന് കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സംഭവത്തിൽ സിബിഐ ഡയറക്ടർ ചെന്നൈ യൂണിറ്റ് ജോയിന്റ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. സത്യവാങ്മൂലം സമർപ്പിച്ചത് ചട്ടങ്ങൾ പാലിച്ചാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സിബിഐ മേധാവി ആവശ്യപ്പെട്ടത്.

തനിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് ആരോപിച്ച് ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. കേസിൽ തിടുക്കപ്പെട്ട് സിബിഐയിലെ ഒരുപറ്റം ഉദ്യോഗസ്ഥർ അഭിപ്രായം അറിയിക്കുകയായിരുന്നു എന്നാണ് ജേക്കബ് തോമസിന്റെ പരാതി. സത്യവാങ്മൂലം സമർപ്പിച്ചത് ഡയറക്ടറുടെ അറിവോടെയാണോ എന്നും ജേക്കബ് തോമസ് സിബിഐ മേധാവിക്ക് നൽകിയ പരാതിയിൽ ആരാഞ്ഞിരുന്നു. ഈ പരാതിയിന്മേലാണ് സിബിഐ ചെന്നൈ യൂണിറ്റിനോട് വിശദീകരണം തേടിയത്.

ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. സിബിഐ നടപടി സംശയാസ്പദമെന്നും ജേക്കബ് തോമസിനെ പുകച്ച് പുറത്തുചാടിക്കാൻ ഗൂഢശക്തികൾ ശ്രമിക്കുന്നതായുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP