Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ പറ്റിച്ച് മുങ്ങിയ മല്യക്ക് ആഴ്ചയിൽ ചെലവാക്കാൻ യുകെ കോടതി അനുവദിച്ചത് 17 ലക്ഷം! ശതകോടികൾ കടംകൊടുക്കാൻ ഉണ്ടെങ്കിലും ലണ്ടനിൽ സുഖജീവിതം തുടർന്ന് കിങ്ഫിഷർ മുതലാളി

ഇന്ത്യയെ പറ്റിച്ച് മുങ്ങിയ മല്യക്ക് ആഴ്ചയിൽ ചെലവാക്കാൻ യുകെ കോടതി അനുവദിച്ചത് 17 ലക്ഷം! ശതകോടികൾ കടംകൊടുക്കാൻ ഉണ്ടെങ്കിലും ലണ്ടനിൽ സുഖജീവിതം തുടർന്ന് കിങ്ഫിഷർ മുതലാളി

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് 9000 കോടിയുമായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയുടെ സുഖജീവിതം തുടരുന്നു. മല്യയെ ഇവിടെത്തിച്ച് നിയമനടപടികൾ തുടങ്ങാനുള്ള ശ്രമം ഇന്ത്യ തുടരുന്നതിനിടെ, മദ്യമുതലാളിക്ക് ആഴ്ചയിൽ ചെലവാക്കാവുന്ന തുകയുടെ പരിധി ഉയർത്തി യുകെ കോടതി അനുകമ്പ കാട്ടി. ആഴ്ചയിൽ 5 ലക്ഷം രൂപ ആയിരുന്നത് ഒറ്റയടിക്ക് 17 ലക്ഷത്തോളം രൂപയാക്കി ഉയർത്തിയാണ് കോടതി കനിഞ്ഞത്. നാലരലക്ഷത്തിൽനിന്ന് പതിനാറര ലക്ഷത്തിലേക്കാണ് മല്യയുടെ ആഴ്ച അലവൻസ് വർധിച്ചത്.

ആഡംബര ജീവിതം ശീലിച്ച മല്യയെ അതിന് അനുവദിക്കുകയാണ് കോടതി ഇതിലൂടെ ചെയ്തതെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, നിയമ നടപടികൾക്കുള്ള ചെലവും മറ്റും കണ്ടുകൊണ്ടാണ് അലവൻസ് ഉയർത്തിയതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ലോകത്ത് വിവിധ ഭാഗങ്ങളിലായി തനിക്കുള്ള സ്വത്തുക്കളിൽ കോടതി ഏർപ്പെടുത്തിയ മരവിപ്പൽ ഉത്തരവ് നീക്കം ചെയ്യണമെന്ന് മല്യ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ഇതുസംബന്ധിച്ച ഹർജി ഏപ്രിൽ 16, 17 തീയതികളിൽ ഹൈക്കോടതി പരിഗണിക്കും.

ബെംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലാണ് മല്യയുടെ സ്വത്തുക്കൾ മരവിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 13 ഇന്ത്യൻ ബാങ്കുകളുടെ പരാതിയെത്തുടർന്നായിരുന്നു നടപടി. ഈ ഉത്തരവ് ഫോറിൻ ജഡ്ജ്‌മെന്റ് (റെസിപ്രോക്കൽ എൻഫോഴ്‌സ്‌മെന്റ്) നിയമപ്രകാരം ബ്രിട്ടീഷ് കോടതികളും അംഗീകരിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്നായിരുന്നു മല്യയുടെ ആവശ്യം. 2017 നവംബർ 22-ലെ കണക്കനുസരിച്ച് പലിശയടക്കം 9853 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് മല്യ നൽകാനുണ്ടെന്നാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിൽ പറയുന്നത്.

വിവിധ കമ്പനിളിലെ ഓഹരിയും മറ്റുമായി മല്യക്ക് 10,210 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മല്യയുമായി ബന്ധമുള്ള മറ്റ് സ്ഥാപനങ്ങൾക്കും സ്വത്ത് മരവിപ്പിക്കൽ ബാധകമാണ്. ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റോസ് ക്യാപിറ്റൽ വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഫോഴ്‌സ് ഇന്ത്യ ഫോർമുല വൺ കാറോട്ട കമ്പനിയെ നിയന്ത്രിക്കുന്ന ലക്‌സംബർഗ് കമ്പനിയായ ഓറഞ്ച് ഇന്ത്യ ഹോൾഡിങ്‌സ് എന്നിവയ്ക്കും ഈ ഉത്തരവ് ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP