Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാനായിക്കുളം സിമി ക്യാമ്പിൽ ആദ്യ അഞ്ച് പ്രതികൾ കുറ്റക്കാർ; പതിനൊന്ന് പേർക്കെതിരെ തെളിവില്ലെന്നും പ്രത്യേക എൻഐഎ കോടതി; ശിക്ഷാവിധി നാളെ

പാനായിക്കുളം സിമി ക്യാമ്പിൽ ആദ്യ അഞ്ച് പ്രതികൾ കുറ്റക്കാർ; പതിനൊന്ന് പേർക്കെതിരെ തെളിവില്ലെന്നും പ്രത്യേക എൻഐഎ കോടതി; ശിക്ഷാവിധി നാളെ

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ ആദ്യ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ബാക്കിയുള്ള പ്രതികൾക്കെതിരെ തെളിവില്ലെന്നും കണ്ടെത്തി. കേസിൽ ജഡ്ജി കെ.എം. ബാലചന്ദ്രൻ ശിക്ഷ നാളെ വിധിക്കും. ആദ്യ മൂന്ന് പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ഗൂഢാലോചന കുറ്റമാണ് കോടതി ശരിവച്ചത്.

വിചാരണ നേരിട്ട 17 പ്രതികളിൽ 16 പേരുടെ വിചാരണയിലാണ് ജഡ്ജി കെ.എം. ബാലചന്ദ്രൻ ശിക്ഷ പ്രഖ്യാപിക്കുക.. കേസിലെ 13ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയിൽ വീട്ടിൽ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ കോട്ടയം ജുവനൈൽ കോടതി വിചാരണ നടത്തും. കേസിലെ ഒന്നാംപ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പീടികയ്ക്കൽ വീട്ടിൽ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പാറക്കൽ വീട്ടിൽ അബ്ദുൽ റാസിക്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലിൽ വീട്ടിൽ അൻസാർ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കൽ വീട്ടിൽ ഷമ്മാസ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

ആറാം പ്രതി തൃശൂർ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ ഷമീർ, ഏഴാം പ്രതി തൃശൂർ എറിയാട് കടകത്തകത്ത് വീട്ടിൽ അബ്ദുൽ ഹക്കീം, എട്ടാം പ്രതി ഇടുക്കി മുരിക്കുംതൊട്ടി നിസാർ, ഒമ്പതാം പ്രതി കോതമംഗലം ഉള്ളിയാട്ടു വീട്ടിൽ മുഹിയുദ്ദീൻ കുട്ടി, പത്താം പ്രതി കരുമാലൂർ കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാർ, 11ാം പ്രതി തൃശൂർ എറിയാട് ഇല്ലംതുരുത്തി വീട്ടിൽ അഷ്‌കർ, 12ാം പ്രതി എറിയാട് എട്ടുതെങ്ങുപറമ്പിൽ വീട്ടിൽ മുഹമ്മദ് നിസാർ, 14ാം പ്രതി പാനായിക്കുളം മടത്തിൽ വീട്ടിൽ ഹാഷിം, 15ാം പ്രതി തൃക്കാരിയൂർ ചിറ്റേത്തുകുടിയിൽ വീട്ടിൽ റിയാസ്, 16ാം പ്രതി മുടിക്കൽ കൊല്ലംകുടിയിൽ വീട്ടിൽ മുഹമ്മദ് നൈസാം, 17ാം പ്രതി കുഞ്ഞുണ്ണിക്കര വെട്ടുവേലിൽ വീട്ടിൽ നിസാർ എന്നിവരെയാണ് വെറുതെ വിട്ടത്.

സിമിക്ക് ലഷ്‌കർ ഇതൊയ്ബയുമായി ബന്ധമുണ്ടെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തൽ. സിമിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്. കേരളത്തിൽ എൻ ഐ എ അന്വേഷണം പൂർത്തിയാക്കുന്ന മൂന്നാമത്തെ കേസാണു പാനായിക്കുളം സിമി ക്യാമ്പ്. ഇതുകൊണ്ട് തന്നെ കുറ്റക്കാരായ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് എൻഐഎ വാദിക്കും. രണ്ടുമാസം മുമ്പ് തന്നെ കേസിലെ വിധി പറയാൻ തീരുമാനിച്ചിരുന്നതാണെങ്കിലും സ്വാലിഹിന് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലാക്കി.

2006 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'സ്വാതന്ത്ര്യദിനത്തിൽ മുസ്‌ലിംകളുടെ പങ്ക്' എന്ന പേരിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP