Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിഞ്ഞനം നവാസ് വധക്കേസ്: പത്ത് പ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി

പെരിഞ്ഞനം നവാസ് വധക്കേസ്: പത്ത് പ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി

തൃശൂർ: പെരിഞ്ഞനം നവാസ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്‌ടെത്തിയ 10 പ്രതികൾക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. പ്രതികളെല്ലാം വിവിധ വകുപ്പുകളിലായി 50,000 രൂപ വീതം പിഴയും നല്കണമെന്നും ഇതിൽ ഒരു ലക്ഷം രൂപ നവാസിന്റെ കുടുംബത്തിനും 50,000 രൂപ വീതം കേസിലെ ഒന്നും രണ്ടും സാക്ഷികൾക്കും നല്കണമെന്നും കോടതി വിധിച്ചു. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജി പി രാഗിണിയാണ് 10 പ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. സിപിഐ(എം) ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ കേസിൽ പ്രതികളാണ്.

വാടകഗുണ്ടകളായ ചെറുവാൾക്കാരൻ റിന്റോ, അറക്കൽ സലേഷ്, ചിറ്റിയത്ത് ബിഥുൻ, പൂക്കോള് വീട്ടിൽ ജിക്‌സൻ എന്ന ഈപ്പച്ചൻ എന്നിവരാണ് കേസിലെ ആദ്യ നാലു പ്രതികൾ. അഞ്ചാം പ്രതി നടക്കൽ ഉദയകുമാർ എന്ന പാപ്പൻ, ആറാം പ്രതി ചുള്ളിപ്പറമ്പിൽ ഹബീബ്, ഏഴാം പ്രതി സിപിഐ(എം) പെരിഞ്ഞനം സ്മാരക ബ്രാഞ്ച് കമ്മിറ്റിയുടെ മുൻ സെക്രട്ടറി കിഴക്കേടത്ത് സനീഷ്, എട്ടാം പ്രതി പെരിഞ്ഞനം സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് രാമദാസ്, പത്താം പ്രതി ഡിവൈഎഫ്‌ഐ നേതാവ് പുതിയവീട്ടിൽ റഫീക്ക്, പതിനൊന്നാം പ്രതി സുബൈർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. കേസിൽ 11 പ്രതികൾക്കെതിരേയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ ഒൻപതാം പ്രതി സുമേഷിനെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.

ഏറെ കോളിളക്കമുണ്ടായതാണ് പെരിഞ്ഞനം നവാസ് കൊലക്കേസ്. കാട്ടൂർ തളിയപ്പാടത്ത് മുഹമ്മദാലിയുടെ മകൻ നവാസ് മാർച്ച് രണ്ടിന് രാത്രി ഒമ്പതരയോടെയാണ് പാണ്ടിപ്പറമ്പ് റോഡിൽ കൊല്ലപ്പെട്ടത്. നവാസിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സുബ്രഹ്മണ്യൻ, രമേഷ് കുമാർ എന്നിവർക്കും സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഡി വൈ എഫ് ഐ നേതാവായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി പെരിഞ്ഞനം മേഖലാ പ്രസിഡന്റുമായ കല്ലാടൻ ഗിരീഷിനെ കൊലപ്പെടുത്താൻ നടത്തിയ നീക്കത്തിൽ ആളുമാറി നവാസിന്റെ കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.  ഈ കേസിൽ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ മാർച്ച് 2014 മുതൽ റിമാൻഡിൽ കഴിയുകയായിരുന്നു. അതിനാൽ കേസ് 31നകം തീർപ്പ് കൽപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി പിഎ വർഗീസിനായിരുന്നു അന്വേഷണച്ചുമതല. കൊടുങ്ങല്ലൂർ സിഐ കെജെ പീറ്ററിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എസ്‌ഐ പത്മരാജൻ, മതിലകം എസ്‌ഐ എംകെ രമേശ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കൃത്യത്തിനു ഉപയോഗിച്ച ഒരു വാൾ, 3 ദണ്ഡ് എന്നിവ സിപിഐ(എം).ലോക്കൽ കമ്മിറ്റി ഓഫീസിനു പുറക് വശത്തുള്ള ഉപയോഗ ശൂന്യമായ കുളത്തിൽ നിന്ന് അഴീക്കൊട് കൊസ്റ്റൽ പൊലീസ് സ്റ്റഷേനിലെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് പൊലീസ് കണ്ടെടുത്തിരുന്നു. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 467 പേജുള്ളതായിരുന്നു കുറ്റപത്രം. 11 പേരെ പ്രതികളായും 95സാക്ഷികളുമുണ്ടായി. 55 തൊണ്ടി മുതലുകളും,30 രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP