Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയിലെത്തിയ ഏഷ്യാനെറ്റ് ബ്യൂറോചീഫിനേയും ക്യാമറാമാനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി; ഐസ്‌ക്രീം കേസിലെ വിഎസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയപ്പോള്‍ നടപടി; കോഴിക്കോട് ജില്ലാ കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ; സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തിരാവസ്ഥയെന്ന് ചാനലുകള്‍

കോടതിയിലെത്തിയ ഏഷ്യാനെറ്റ് ബ്യൂറോചീഫിനേയും ക്യാമറാമാനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി; ഐസ്‌ക്രീം കേസിലെ വിഎസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയപ്പോള്‍ നടപടി; കോഴിക്കോട് ജില്ലാ കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ; സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തിരാവസ്ഥയെന്ന് ചാനലുകള്‍

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകർക്ക് കോടതികളിൽ റിപ്പോർട്ടിംഗിനെത്തുന്നതിന് വിലക്കു തുടരുന്നതിനിടെ കോഴിക്കോട് ജില്ലാ കോടതിയിൽ റിപ്പോർട്ടിംഗിനെത്തിയ ഏഷ്യാനെറ്റ് പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കംചെയ്തു. ഇതേത്തുടർന്ന് ജില്ലാ കോടതി വളപ്പിൽ സംഘർഷം തുടരുകയാണ്. മാദ്ധ്യമ പ്രവർത്തകരെ കോടതിക്കകത്ത് കയറ്റില്ലെന്ന നിലപാടുമായി പൊലീസ് നിലകൊണ്ടതോടെ കോടതി പരിസരത്ത് സംഘർഷാവസ്ഥായി. ജില്ലാ ജഡ്ജിയുടെ അനുമതിയുണ്ടെങ്കിലേ കോടതിയിൽ കയറാവൂ എന്നുപറഞ്ഞാണ് പൊലീസ് പത്രപ്രവർത്തകരെ തടഞ്ഞത്. ഇതോടെ അഭിഭാഷക-മാദ്ധ്യമ തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനെയും ക്യാമറാമാൻ ഉൾപ്പെടെയുള്ള സംഘത്തേയുമാണ് പൊലീസ് കോടതിക്ക് പുറത്തേക്ക് മാറ്റിയത്. ഇവരെ അറസ്റ്റുചെയ്തതായും ലൈവ് ടെലികാസ്റ്റ് സംവിധാനത്തിനുള്ള ഡിഎസ്എൻജി വാഹനവും ടൗൺപൊലീസ് കസ്റ്റഡിയിലെടുത്തുവെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മാദ്ധ്യമപ്രവർത്തകരെ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തതായി പരാതി ഉയരുന്നുണ്ട്. പിന്നീട് ടൗൺപൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തി പൊലീസ് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശമാണ് പ്രശ്‌നകാരണമായതെന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നു.

വി എസ് അച്യുതാനന്ദൻ ഐസ്‌ക്രീം കേസിൽ നൽകിയ റിവ്യൂ ഹർജി പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഇത് റിപ്പോർട്ടുചെയ്യാൻ കോടതിക്കകത്ത് കയറാൻ അനുവദിക്കില്ലെന്ന് പൊലീസ് പറയുകയായിരുന്നു. കോടതി വളപ്പിൽ കയറിയെന്നു പറഞ്ഞാണ് ഏഷ്യാനെറ്റ് റിപ്പോർട്ടറേയും ക്യാമറാമാനേയും മാറ്റിയതെന്നും തങ്ങൾ കോടതി വളപ്പിന് പുറത്തായിരുന്നെന്നുമാണ് മാദ്ധ്യമപ്രവർത്തകരുടെ വാദം. ഇതേത്തുടർന്ന ഏഷ്യാനെറ്റ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. ക്യാമറ ഉപയോഗിക്കരുതെന്നു പറഞ്ഞ പൊലീസ് ജഡ്ജിയുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നും വ്യക്തമാക്കി.

അതേസമയം, ജില്ലാ ജഡ്ജി ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നില്ലെന്നും ഒരു കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് രൂപേഷ് പോളിനെ കോടതിയിൽ ഹാജരാക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നുമാണ് കോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പൊലീസ് പത്രപ്രവർത്തകരെ തടയുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്നു കണ്ടാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവമുണ്ടായതിനു പിന്നാലെ ഡിജിപിയെ ഫോണിൽ വിളിച്ച് ഇത്തരമൊരു നടപടിയുണ്ടായതിൽ വി എസ് അച്യുതാനന്ദനും പ്രതിഷേധം അറിയിച്ചു. മാദ്ധ്യമപ്രവർത്തകർക്കുനേരെ ഇത്തരമൊരു നടപടിയുണ്ടായത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തലയും വി എം സുധീരനും രംഗത്തെത്തി.

ഹൈക്കോടതിയിലും തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിലും മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെയാണ് ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതിനു പിന്നാലെ ജില്ലാ കോടതികളിലും മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. കൊല്ലത്ത് ആട് ആന്റണിക്കുള്ള ശിക്ഷാവിധിപ്രസ്താവവും കൊച്ചിയിൽ മതംമാറ്റൽ വിഷയത്തിൽ മുംബൈയിൽ നിന്ന് പിടിയിലായ ഇസഌമിക് റിസർച്ച് ഫൗണ്ടേഷൻ ഉദ്യോഗസ്ഥൻ ഖുറേഷിയെ കോടതിയിൽ ഹാജരാക്കുന്നതും മറ്റും കോടതിവളപ്പിന് പുറത്ത് റോഡിൽ നിന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. ഇതിനു തുടർച്ചയായാണ് കോഴിക്കോട്ടും ഇന്ന് മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞതും അറസ്റ്റുചെയ്തതും.

തുറന്ന കോടതിയെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് മാദ്ധ്യമപ്രവർത്തകർക്ക് കോടതിയിൽ ഏർപ്പെടുത്തുന്ന വിലക്കെന്നും അറിയാനുള്ള അവകാശം നിഷേധിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അദ്ദേഹം ഐസ്‌ക്രീംകേസിൽ നൽകിയ റിവ്യൂ ഹർജി പരിഗണിക്കുന്നത് റിപ്പോർട്ടുചെയ്യാനെത്തിയ ചാനൽ പ്രവർത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

മാദ്ധ്യമപ്രവർത്തകരെ അറസ്റ്റുചെയ്തിട്ടിലെന്നും സംഘർഷം ഒഴിവാക്കാൻ ഇവർ കോടതിയിൽ കയറുന്നത് വിലക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയിൽ നിന്ന് ഇത്തരമൊരു നിർദ്ദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ ചെറുത്ത പത്രപ്രവർത്തകരെ കോടതി വളപ്പിന് പുറത്തേക്ക് മാറ്റുകയാണ് ചെയ്തതെന്നും ടൗൺപൊലീസ് വിശദീകരിക്കുന്നു. പൊലീസ് മാദ്ധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് നീക്കുകയായിരുന്നെന്നും കോഴിക്കോട്ട് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് അമിതാവേശം കാട്ടിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാനത്ത് ജുഡീഷ്യൽ അടിയന്തിരാവസ്ഥയാണ് നടക്കുന്നതെന്നും ചാനലുകൾ കുറ്റപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP