Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂവരണി പെൺവാണിഭ കേസിൽ ലിസി ടോമിന് 25 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; മൂന്ന് പ്രതികൾക്ക് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി

പൂവരണി പെൺവാണിഭ കേസിൽ ലിസി ടോമിന് 25 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; മൂന്ന് പ്രതികൾക്ക് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പെൺവാണിഭ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയും പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായ അയർക്കുന്നം മുണ്ടൻതറയിൽ ലിസിക്ക് 25 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്ക് 6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാൾ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്തിരുന്നു,

ഒന്നാം പ്രതി അയർക്കുന്നം മുണ്ടൻതറയിൽ ലിസി, രണ്ടാം പ്രതി തീക്കോയി വടക്കേൽ ജോമിനി, മൂന്നാം പ്രതി പൂഞ്ഞാർ ചങ്ങനാരിപറമ്പിൽ ജ്യോതിസ്, നാലാം പ്രതി പൂഞ്ഞാർ തെക്കേക്കര കൊട്ടാരംപറമ്പ് തങ്കമണി, അഞ്ചാം പ്രതി കൊല്ലം തൃക്കരുവ ഉത്രട്ടാതി സതീഷ് കുമാർ, ആറാം പ്രതി തൃശൂർ പറക്കാട്ട് കിഴക്കുംപുറത്ത് രാഖി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴു മുതൽ 10 വരെയുള്ള പ്രതികളായ പായിപ്പാട് കണിയാഞ്ഞാലിൽ ഷാൻ കെ.ദേവസ്യ, പായിപ്പാട് എഴുവന്താനം നഗറിൽ ജോബി ജോസഫ്, തിരുവനന്തപുരം വീരണകാവ് കൃഷ്ണവിലാസത്തിൽ ദയാനന്ദൻ, നെയ്യാറ്റിൻകര കള്ളിക്കാട്ട് ഹിമജ ഭവനിൽ ഉല്ലാസ്, വെള്ളിലാപ്പള്ളി ഇഞ്ചനാനിൽ ജോഷി എന്നിവരെയാണ് വെറുതെ വിട്ടത്. പതിനൊന്നാം പ്രതി രാമപുരം ഇല്ലിക്കൽ ബിനോ അഗസ്റ്റിനാണ് ജീവനൊടുക്കിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. അസുഖമാണ് കനിവുണ്ടാവണമെന്നായിരുന്നു ഒന്നാം പ്രതി ലിസിയുടെ അപേക്ഷ. ബാക്കിയുള്ള പ്രതികൾ വീട്ടിൽ വേറെ ആശ്രയത്തിന് ആരുമില്ലായെന്ന് മറുപടി പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്നുകാരിയെ ബന്ധുവായ ലിസി തട്ടിക്കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിക്കുകയും സംസ്ഥാനത്തുടനീളം കൊണ്ടുപോയി പലർക്കും കാഴ്ചവയ്ക്കുകയും അവസാനം എയ്ഡ്‌സ് രോഗം ബാധിച്ച് മരിക്കുകയും ചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ചതായിരുന്നു. 2007 ഓഗസ്റ്റ് മുതൽ 2008 മെയ് വരെയുള്ള കാലയളവിലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ബന്ധുവായ ലിസിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ പലർക്കും കാഴ്ചവയ്ക്കുകയും ചെയ്തു. പീഡനത്തിനിടെ എയ്ഡ്‌സ് ബാധിക്കുകയും തുടർന്ന് മരിക്കുകയും ചെയ്ത പെൺകുട്ടിയുടെ മൃതദേഹം തമിഴ്‌നാട്ടിൽ കൊണ്ടുപോയി ദഹിപ്പിച്ചു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചായിരുന്നു പെൺകുട്ടിയുടെ എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകൽ, വില്പന നടത്തൽ, മാനഭംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 183 സാക്ഷികളുടെ പട്ടികയും 220 പ്രമാണങ്ങളും 11 തൊണ്ടിസാധനങ്ങളും കോടതിയിൽ ഹാജരാക്കി. 2014 ഏപ്രിൽ 29നാണ് പ്രോസിക്യൂഷൻ വിചാരണ ആരംഭിച്ചത്. 10 മാസങ്ങൾകൊണ്ടാണ് വിചാരണ പൂർത്തിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP